അധ്യാപകനെതിര ലൈംഗികാതിക്രമത്തിന്‌ പരാതി

അധ്യാപകനെതിര ലൈംഗികാതിക്രമത്തിന്‌ പരാതി

മലപ്പുറം: സഹപ്രവര്‍ത്തകയോട് അശ്ലീല സംഭാഷണവും ആഗ്യവും കാണിച്ചുവെന്ന് അധ്യാപകനെതിരെ വനിതാ കമ്മീഷനില്‍ പരാതി. ജില്ലയിലെ ഒരു പ്രമുഖ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അധ്യാപകനെതിരാണ് അധ്യാപിക പരാതി നല്‍കിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടത്തിയ സിറ്റിങില്‍ പരാതി പരിഗണിച്ചെങ്കിലും അധ്യാപകന്റെ കൂടെ വാദം കേള്‍ക്കേണ്ടതുള്ളതിനാല്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം എം.എസ് താരയുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സിറ്റിങ്

സ്‌കൂളില്‍ വച്ച് നിരന്തരം ശല്ല്യം ചെയ്യുകയാണെന്ന് അധ്യാപിക പരാതിയില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പെടുത്തിയെങ്കിലും മാനേജര്‍ അധ്യാപകനൊപ്പം നില്‍ക്കുകയാണെന്നും പരാതിയിലുണ്ട്. എന്നാല്‍ പരാതി വാസ്തവമല്ലെന്ന് അധ്യാപകന്‍ സിറ്റിങില്‍ പറഞ്ഞു. അധ്യാപികക്കെതിരായ അദ്ദേഹത്തിന്റെ വാദങ്ങളും അടുത്ത സിറ്റിങില്‍ പരിഗണിക്കും.സംഭവം സ്‌കൂളില്‍ അധ്യാപകര്‍ക്കിടയില്‍ ചേരിതിരിവിനും കാരണമാക്കിയിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട സ്ത്രീകളുടെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വീഡിയോ പകര്‍ത്തിയവര്‍ മാപ്പ് പറഞ്ഞതിനാല്‍ പരാതി തീര്‍പ്പാക്കി. ജോലിക്കെത്താതെ ധര്‍ണയില്‍ പങ്കെടുക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതായിരുന്നു സംഭവം.

90 പരാതികളാണ് ഇന്ന് കമ്മീഷന് മുന്നിലെത്തിയത്. ഇതില്‍ 46 എണ്ണം തീര്‍പ്പാക്കി. നാലെണ്ണം കമ്മീഷന്റെ മുഴുവന്‍ അംഗ അദാലത്തിലേക്ക് മാറ്റിവെച്ചു. എട്ടെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. സുജാത വര്‍മ, ബീന കരുവാത്ത്, ദീപ എബ്രഹാം, ആസ്യ വാക്കയില്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

Sharing is caring!