പോലീസിനെ കണ്ട് പുഴയില്‍ചാടിയ യുവാവ് മരിച്ചു

പോലീസിനെ കണ്ട് പുഴയില്‍ചാടിയ യുവാവ് മരിച്ചു

മലപ്പുറം: ലഹരി ഉപയോഗിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തി. മലപ്പുറം  മുണ്ടുപറമ്പ് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജുവിന്റെയും പഴനിയമ്മയുടെയും മകന്‍ പ്രതീഷ്(21) ആണ് മരിച്ചത്.
സ്വതന്ത്ര്യദിനത്തിലാണ് സംഭവം. കാവുങ്ങല്‍ ബൈപ്പാസില്‍ കടലുണ്ടിപ്പുഴയോരത്തിരുന്ന് മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നു യുവാക്കള്‍. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ടയുടനെ യുവാക്കള്‍ പുഴയില്‍ ചാടി. കരയിലുള്ളയാളെ പോലീസ് പിടികൂടി. പുഴയില്‍ ചാടിയവരില്‍ ഒരാള്‍ മുങ്ങിത്താണതോടെ  എസ്.ഐ അടക്കമുള്ളവര്‍ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു കരക്കെത്തിച്ചപ്പോഴേക്കും ഇയാള്‍ ബോധരഹിതനായിരുന്നു. ഇയാളെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചതും. ശ്വാസകോശത്തില്‍ വെള്ളം കേറിയ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   പ്രതീഷ് വെള്ളത്തില്‍ ചാടിയ വിവരം പോലീസ് അറിഞ്ഞിരുന്നില്ല. പിടിയിലായ മേല്‍മുറി മച്ചിങ്ങല്‍ സ്വദേശി രാജേഷും മുഴക്കുന്ന് സ്വദേശി ഖാനും പ്രതീഷിനെപ്പറ്റി പറഞ്ഞതുമില്ല.
പ്രതീഷിനെ കാണ്മാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്നലെ രാവിലെ പുഴയില്‍ തിരച്ചില്‍ നടത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന്‌ ഉച്ചയോടെയാണ് പ്രതീഷിന്റെ മൃതദ്ദേഹം കിട്ടിയത്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം സിഐ പ്രേംജിത്ത്, എസ്‌ഐ ബി.എസ്.ബിനു, എസ്‌സിപിഒ രജീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Sharing is caring!