തിരൂരില്‍ പോലീസിനെ വെല്ലുവിളിച്ച് സി.പി.എം

തിരൂരില്‍ പോലീസിനെ വെല്ലുവിളിച്ച് സി.പി.എം

തിരൂര്‍: അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലായി തിരൂര്‍ നഗരത്തിലുള്ള ട്രാഫിക് ഐലന്റുകള്‍ പോലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്ന നടപടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. സെന്‍ട്രല്‍ ജംങ്ഷനിലെ ട്രാഫിക് ഐലന്റ് പോലീസിനെ വെല്ലുവിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചുവന്ന പെയിന്റടിച്ച് തിരിച്ചുപിടിച്ചു. ഒരാഴ്ച മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിനിടയിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് മുസ്ലീം ലീഗ്- സി.പി.എം സംഘര്‍ഷം ഉടലെടുത്തിരുന്നു.

സെന്‍ട്രല്‍ ജംങ്ഷനിലെ ഹൈമാസ്റ്റ് വിളക്കു നില്‍ക്കുന്ന ട്രാഫിക് ഐലന്റില്‍ സി.പി.എം പ്രവര്‍ത്തകര്‍ ദേശാഭിമാനിയുടേയും ലീഗ് പ്രവര്‍ത്തകര്‍ ചന്ദ്രികയുടേയും പരസ്യം എഴുതിയിരുന്നു. സംഘര്‍ഷമുണ്ടായ സെന്‍ട്രല്‍ ജംങ്ഷനിലാണ് മുസ്ലീം ലീഗ് ഓഫീസ്. തുടര്‍ന്നും ഏതെങ്കിലും വിധത്തില്‍ പ്രകോപനമുണ്ടാവുമെന്നും കടലോര മേഖലയിലെ സി.പി.എം- ലീഗ് സംഘര്‍ഷം തിരൂരിലേക്ക് മാറാനിടയുണ്ടെന്നുമുള്ള പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് ആക്ട് പ്രകാരം ട്രാഫിക് ഐലന്റുകള്‍ കരസ്ഥമാക്കാന്‍ തിരൂര്‍ സി.ഐ എം.കെ.ഷാജി തീരുമാനിച്ചത്.

ഈ തീരുമാനത്തെ എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളും പൊതുജനങ്ങളും പിന്തുണച്ചെങ്കിലും സി.പി.എം. അനുകൂലിച്ചില്ല. സെന്‍ട്രല്‍ ജംങ്ഷനിലെ എഴുത്ത് പോലീസ് വെളുത്തപെയിന്റടിച്ച് പോലീസ് ബുക്ക്ഡ് എന്നെഴുതി. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സി.പി.എമ്മുകാര്‍ ചുകപ്പു പെയിന്റടിക്കുകയായിരുന്നു. തുടര്‍ന്ന് അതിനു മീതെ പോലീസുകാര്‍ പോലീസ് ബുക്ക്ഡ് എന്നു വെള്ളപെയിന്റില്‍ എഴുതി വെച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ അമ്പതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ചുകപ്പു പെയിന്റടിക്കുകയായിരുന്നു.

സമാധാന ഭംഗമുണ്ടാവാതിരിക്കാന്‍ പോലീസിന്റെ മുന്‍ കരുതലുകള്‍ക്കെതിരെയുള്ള സി.പി.എം പ്രവര്‍ത്തകരുടെ നീക്കം ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. പോലീസിനെതിരെ തുറന്ന പോരിനുള്ള തയ്യാറെടുപ്പായാണ് ഇതിനെ ജനങ്ങള്‍ കാണുന്നത്. തിരൂര്‍ സി.ഐ ഷാജി സി.പി.എമ്മിനെതിരെ തിരിയുന്നുവെന്ന പ്രചാരണം പ്രവര്‍ത്തകരില്‍ എത്തിച്ചതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണം. സി.പി.എമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പോലീസുദ്യോഗസ്ഥനായതിനാലാണ് ഷാജിയെ തിരൂരിലേക്ക് കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിയമം നടപ്പിലാക്കാന്‍ രാഷ്ര്ടീയം നോക്കില്ലെന്ന നിലപാടാണ് സി.ഐക്കുള്ളത്.

 

 

Sharing is caring!