കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് പൊളിച്ച് വില്‍ക്കുന്നു

കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക് പൊളിച്ച് വില്‍ക്കുന്നു

മലപ്പുറം: കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഉപകരണങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടി ആരംഭിച്ചു. പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി ഉപകരണങ്ങളുടെ വിലനിര്‍ണയം പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷനാണ് വില നിര്‍ണയിച്ചത്. 1.17 കോടിയാണ് നിശ്ചയിച്ച വില. നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് അഞ്ച് വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുകയാണ്.

കേരളത്തില്‍ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനം തുടങ്ങിയ വാട്ടര്‍ തീം പാര്‍ക്കായിരുന്നു കോട്ടക്കുന്നിലേത്. ആദ്യ കാലത്ത് ആള്‍തിരക്കുണ്ടായിരുന്നെങ്കിലും ഏറ്റെടുത്ത് നടത്താന്‍ ആളില്ലാത്തതിനാല്‍ പൂട്ടിയിടുകയായിരുന്നു. കുറച്ച് കാലം നഗരസഭ നേരിട്ടും പാര്‍ക്ക് നടത്തിയിരുന്നു. പാര്‍ക്ക് അടഞ്ഞ് കിടക്കുകയായിരുന്നെങ്കിലും മാസത്തില്‍ 50000 രൂപയോളം നഗരസഭ ചെലവാക്കിയിരുന്നു. സുരക്ഷാ ജീവനക്കാരന്റെ ശമ്പള ഇനത്തിലും വൈദ്യുതി ബില്‍ ഇനത്തിലുമായിരുന്നു ഇത്രയും തുക ചെലവാക്കിയിരുന്നത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സ്ഥലം പാട്ടത്തിനെടുത്താണ് നഗരസഭ പാര്‍ക്ക് സ്ഥാപിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സ്ഥലം തിരികെ വേണമെന്ന് ഡി.ടി.പി.സി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് ജില്ലാ കലക്ടറുടെ സാനിധ്യത്തില്‍ ചര്‍ച്ചയും നടത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം നല്‍കാന്‍ ധാരണയായിരുന്നെങ്കിലും മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുകയോ ഉപകരണങ്ങള്‍ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

Sharing is caring!