കനോലി കനാലിനെ ക്ലീനാക്കാന്‍ വി അബ്ദുറഹ്മാന്‍ എം എല്‍ എ

കനോലി കനാലിനെ ക്ലീനാക്കാന്‍ വി അബ്ദുറഹ്മാന്‍ എം എല്‍ എ

താനൂര്‍: റോബോര്‍ട്ടിനെ ഉപയോഗിച്ച് കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതിക്ക് താനൂരില്‍ തുടക്കമായി. വലിയ രീതിയില്‍ മാലിന്യ സംഭരണ കേന്ദ്രമായ കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതി എം.എല്‍.എ വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കനാലില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാരണം രോഗങ്ങള്‍ പരക്കുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് നാട്ടുകാരുടെ പിന്തുണയും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.
ആദ്യഘട്ടത്തില്‍ മാലിന്യത്തിന്റെ തോതും സ്വഭാവവും കണ്ടെത്തുന്ന ‘മാപ്പി’ങ്ങിനാണ് തുടക്കം കുറിച്ചത്. റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സംവിധാനമാണിത്. തുടര്‍ന്ന് റോബോര്‍ട്ടുകളെ ഉപയോഗിച്ച് ഉപരിതല മാലിന്യവും ഇരു കരകളിലുമുള്ള കുളവാഴകളടക്കമുള്ള പാഴ്‌ചെടികളും നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമാകും. ഇതോടൊപ്പം തന്നെ കണ്ടല്‍കാടുകളുള്ള ഭാഗങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. തുടര്‍ന്ന് അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യും. മാപ്പിംങ്ങ് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മാലിന്യങ്ങള്‍ കനാലില്‍ എത്തുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തുകയും ഈ പ്രദേശങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ എത്താതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും.
താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി.മുഹമ്മദ് അഷ്‌റഫ്, കൗണ്‍സിലര്‍മാരായ പി.ടി. ഇല്ല്യാസ്, സുഹറ ബഷീര്‍, ഇ. ദിനേശന്‍, നിറമരുതൂര്‍ പഞ്ചായത്തംഗം കെ.ടി. ശശി, എം. അനില്‍ കുമാര്‍, ഹംസു മേപ്പുറത്ത്, എം.പി. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!