മലപ്പുറത്ത് ഇന്നും 47പാക്കിസ്ഥാന്‍പൗരന്‍മാര്‍ ജീവിക്കുന്നു

മലപ്പുറത്ത് ഇന്നും 47പാക്കിസ്ഥാന്‍പൗരന്‍മാര്‍ ജീവിക്കുന്നു

മലപ്പുറം: രാജ്യംഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും 47പാക്കിസ്ഥാന്‍ പൗരന്‍മാര്‍ ഇന്നും മലപ്പുറത്തു ജീവിക്കുന്നു. വിവിധ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍പോയി ഇന്ത്യന്‍പൗരത്വം നഷ്ടപ്പെട്ടവരാണിതില്‍ ഭൂരിഭാഗവും.
ഇന്ത്യന്‍പൗരത്വത്തിനുവേണ്ടി നിയമപോരാട്ടം നടത്തുന്ന ഇക്കൂട്ടര്‍ 70നും 90നും ഇടയില്‍പ്രായമുള്ളവരാണ്. മലപ്പുറം ജില്ലയിലെ കുണ്ടൂര്‍, മൂന്നിയൂര്‍, തിരൂര്‍, തിരുന്നാവായ മേഖലയിലാണു ഈപാക്ക് പൗരന്‍മാരുടെ താമസം. ആദ്യകാലങ്ങളില്‍ മലപ്പുറം ജില്ലയില്‍ 400ഓളം പാക്ക്പൗരന്‍മാരുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെല്ലാം ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ഈപാക്ക് പൗരന്‍മാരുടെ മക്കളും ബന്ധുക്കളുമെല്ലാം ഇന്ത്യന്‍പൗരന്‍മാര്‍തന്നെയാണ്. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നതിനുള്ള താല്‍ക്കാലിക വിസാപെര്‍മിറ്റുകള്‍ വാങ്ങുകയും പിന്നീട് ഇവപുതുക്കുകയും ചെയ്താണു ഇവര്‍ കേരളത്തില്‍ കഴിയുന്നത്. കേരളാപോലീസിന്റെ പക്കല്‍ ഇവരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളുമുണ്ട്.

ഇക്കൂട്ടരെ കുറിച്ചു ഓരോവര്‍ഷവും സ്‌പെഷ്യല്‍ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുമുണ്ട്. തിരൂരങ്ങാടി കുണ്ടൂര്‍ മേഖലയിലാണു കൂടുതല്‍ പാക്ക്പൗരന്‍മാരുള്ളത്. ജോലി ആവശ്യാര്‍ഥം പാക്കിസ്ഥാനിലെത്തിയാണു ഇവിടങ്ങളിലുള്ള ഭൂരിഭാഗംപേരും പാക്ക്പൗരന്‍മാരായതെന്നും പാക്ക്പൗരനും 82വയസ്സുകാരനുമായ അബൂബക്കറും മകനും പറയുന്നു. ദുബായിലേക്കുജോലിക്കുകൊണ്ടുപോകാമെന്നുപറഞ്ഞു പറ്റിച്ച് പാക്കിസ്ഥാന്‍ അതിര്‍ത്തിയായ കറാച്ചിയില്‍കൊണ്ടുപോയി ഇറക്കുകയായിരുന്നുവെന്നാണു അബൂബക്കര്‍ പറയുന്നത്.

ദുബായി ആണെന്നു കരുതിയാണു ആദ്യംപാക്കിസ്ഥാനിലെത്തിയതെന്നും പിന്നീടാണു പാക്കിസ്ഥാനിലാണെന്നു മനസ്സിലായതെന്നും അബൂബക്കര്‍ പറയുന്നു. 82വയസ്സുകാരനായ അബൂബക്കറിനു ചെറിയഓര്‍മക്കുറവുണ്ടായതിനാല്‍ പിതാവ് നേരത്തെ പറഞ്ഞു നല്‍കിയ വിവരങ്ങള്‍ മകന്‍ വിവരിച്ചു. ദുബായിലേക്കാണെന്നു പറഞ്ഞാണു ഒരു സംഘം ലോഞ്ചില്‍കൊണ്ടുപോയത്. തുടര്‍ന്നു കറാച്ചിയില്‍കൊണ്ടുപോയി ഇറക്കി. ഇതോടെ തിരിച്ചു ഇന്ത്യയിലേക്കു പോരാന്‍ പാസ്‌പോര്‍ട്ട്‌വേണമെന്ന നിയമംവന്നു. ഇതോടെ കാര്യമായ അക്ഷരാഭ്യാസമൊന്നും ഇല്ലാതിരുന്ന അബൂബക്കര്‍ അവിടുത്തെ ഏജന്റുമുഖേനെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കി. തുടര്‍ന്നാണു ഇന്ത്യയിലെത്തിയത്. ഇതോടെ പാക്ക്പൗരനാണെന്ന മുദ്രയുംവന്നു. ഇന്ത്യ, പാക്ക് വിഭജനമൊന്നും ഈസമയത്ത് അറിയില്ലയിരുന്നു. പാക്കിസ്ഥാനില്‍ ഒന്നര വര്‍ഷത്തോളം ഹോട്ടല്‍ജോലിചെയ്യുകമാത്രമാണു ചെയ്തതെന്നും അബൂബക്കര്‍ഹാജി പറയുന്നു. 82വയസ്സുകാരനായ അബൂബക്കര്‍ഹാജിക്കു ഇന്നും വാര്‍ധക്യസഹചമായ നിരവധി അസുഖങ്ങള്‍ ഉണ്ട്. ഇന്ത്യന്‍പൗരത്വം ലഭിച്ച് മരിക്കാണമെന്നാണു അവസാന ആഗ്രഹമെന്നും അബൂബക്കര്‍ ഹാജി പറയുന്നു.

സമാനമായ അനുഭവംതന്നെയാണു കുണ്ടൂരിലെ മറ്റൊരു പാക്ക്പൗരനായ തിലായില്‍ അബുവിന്റേതും. പാക്ക്പൗരനും അവിടെ ജോലിക്കാരനുമായിരുന്ന ജേഷ്ഠന്‍ തിലായില്‍ മുഹമ്മദിനെ തേടിയാണു അബു പാക്കിസ്ഥാനിലെത്തിയത്. പിന്നീടു തിരിച്ചുപോരാന്‍ പാസ്‌പോര്‍ട്ട്‌വേണമെന്ന നിയമം നിലവില്‍വന്നു. ഇതോടെ അവിടെനിന്നും പാസ്‌പോര്‍ട്ട് എടുത്ത് തിരിച്ചുവരികയായിരുന്നു. 1947ല്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യം ലഭിച്ചെങ്കിലും ആദ്യവര്‍ഷങ്ങളില്‍ പാക്ക്-ഇന്ത്യന്‍പൗരന്‍മാര്‍ക്കു പാസ്‌പോര്‍ട്ടുകളൊന്നും നിലവില്‍ വന്നിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പിന്നീട് 1955ല്‍ ഇന്ത്യന്‍സിറ്റിസണ്‍ ഷിപ്പ് ആക്ട് നിലവില്‍ വന്നതോടെയാണു പാക്കിസ്ഥാനില്‍ ജോലിക്കുപോയിരുന്ന തങ്ങളെപോലെയുള്ളവര്‍ക്കു ഇന്ത്യന്‍ പൗരത്വം അന്യമായതെന്നും ഇക്കൂട്ടര്‍ പറയുന്നു. ഈസമയങ്ങളില്‍ ഇത്തരത്തിലുള്ള നിയമ വശങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. പേരും വിവരങ്ങളും കൃത്യമായി പുറത്തുപറയാനും തങ്ങളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ദീകരിക്കുന്നതും ഇക്കൂട്ടര്‍ക്ക് ഇന്നും ഭയമാണ്. പത്രങ്ങളില്‍ തങ്ങളുടെ ഫോട്ടോ പ്രസിദ്ദീകരിക്കരുതെന്നും ഉപദ്രവിക്കരുതെന്നുമാണ് പാക്ക്പൗരന്‍മാരും ഇവരുടെ മക്കളും ആവശ്യപ്പെടുന്നത്.അതേ സമയം എനിമി പ്രോപ്പര്‍ട്ടി നിയമം ഭോദഗതി പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ

സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരില്‍ ഏക്കറു കണക്കിന് സ്വത്തുക്കളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരം സ്വത്തുവകകളുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എനിമി പ്രോപ്പര്‍ട്ടി കസ്‌റ്റോഡിയനില്‍ നിക്ഷിപ്തമാക്കിക്കൊണ്ടാണു മുന്‍കാല പ്രാബല്യത്തോടെ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നത്.

 

Sharing is caring!