എംഎസ്എഫ് നേതാവിനെതിരെ അണികള്‍

എംഎസ്എഫ് നേതാവിനെതിരെ അണികള്‍

മലപ്പുറം: നാദാപുരം എം.ഇ.ടി കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ പെണ്‍കുട്ടികളുടെ ചിത്രം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയുടെ നിലപാടിനെതിരെ അണികള്‍. സംഭവത്തില്‍ നേതാവിനെതിരെ പാര്‍ട്ടി അണികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ചിത്രമില്ലാതെ ബോര്‍ഡ് സ്ഥാപിച്ചത് എം.എസ്.എഫിന്റെ നിലപാടല്ലെന്നും തലയ്ക്കകത്ത് ആള്‍താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉത്പന്നമാണെന്നും അഷ്‌റഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചിത്രം നല്‍കാത്തതുമായി ബന്ധപ്പെട്ട് കോളേജ് യൂനിറ്റ് പ്രസിഡന്റ് നല്‍കിയ വിശദീകരണം അഷ്‌റഫലി ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതിന് താഴെയാണ് അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വളര്‍ന്ന് വരുന്ന പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച അപാകതയാണ് ചിത്രമില്ലാത്ത ബോര്‍ഡെന്നാണ് യൂനിറ്റ് പ്രസിഡന്റിന്റെ വിശദീകരണം.

എംഎസ്എഫ് കോളേജ് യൂനിറ്റ് നല്‍കിയ വിശദീകരണ കുറിപ്പ്‌

‘ താങ്കള്‍ ലീഗ് തകര്‍ക്കാന്‍ കരാറെടുത്ത കരാറ് പണിക്കാരനാണ്. ലീഗിന്റെ ഒരു വോട്ട് കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് കിട്ടേണ്ട ഒരു വോട്ടെങ്കിലും തന്റെ ഈഗോ കൊണ്ട് നശിപ്പിക്കരുത്. നിങ്ങള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകരെയാണ് നിരാശപ്പെടുത്തുന്നത്’ എന്നായിരുന്നു പോസ്റ്റിന് കീഴില്‍ നൗഷാദ് ചെമ്പന്‍ എന്നയാളുടെ കമന്റ്.

അഷ്‌റഫ് അലിയുടെ പ്രതികരണത്തെ അനുകൂലിച്ചും അണികള്‍ രംഗത്തുണ്ട്. വിദ്യാര്‍ഥി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട ഏറ്റവും നല്ല കാഴ്ചപ്പാടുള്ള പ്രതികരണമാണ് അഷ്‌റഫ് അലിയില്‍ നിന്നും ഉണ്ടായതെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു.

Sharing is caring!