വിമാനം വൈകിയ സംഭവം: വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വിമാനം വൈകിയ സംഭവം: വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്ന ദിവസം വിമാനം വൈകിയത് സംബന്ധിച്ച വിമര്‍ശനം ഉള്‍കൊള്ളുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം നേരത്തെ പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍കൊള്ളുന്നു. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിര്‍ദേശവും സ്വീകരിക്കുന്നു. ഭാവിയില്‍ ഇതുള്‍കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തും. പാര്‍ട്ടി ആവശ്യപ്പെട്ട് പ്രകാരം മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോയത്. വ്യക്തപരമായ ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരുവിധ ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ട് വരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം ദാരുണമാണ്. മനുഷ്യമനസാക്ഷിയെ ഞ്ഞെട്ടിക്കുന്ന സംഭവമാണിത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കുട്ടികള്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങു നില്‍ക്കുന്ന പ്രശ്‌നമല്ലിത്. ഇതിനെതിരെ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ യു.പി.എ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ കമ്പനിയാണ് ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചത്. ഇവര്‍ക്ക് ആരാണ് ഇതിന് അധികാരം നല്‍കിയത്. കുത്തക കമ്പനികള്‍ രാജ്യത്തെ അടക്കി ഭരിക്കുകയാണ്. വൈദ്യുതി, ഗ്യാസ് ഇവയുടെയെല്ലാം നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈവശമാണ്. പൊതുമേഖലയിലെ സബ്‌സിഡി എടുത്ത് കളയുന്നു. ജാതിമത ചിന്തകള്‍ വളര്‍ത്തിയാണ് കുത്തകകള്‍ രാജ്യം കീഴടക്കുന്നത്. അവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!