കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വരവറിയിച്ച് ഫ്രറ്റേണിറ്റി

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വരവറിയിച്ച് ഫ്രറ്റേണിറ്റി

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രകടനം ശ്രദ്ധേയമായി. 7 കോളേജുകളില്‍ യൂണിയന്‍ ഭരണം നേടിയെടുത്ത ഫ്രറ്റേണിറ്റി മറ്റനവധി കോളേജുകളില്‍ അസോസിയേഷന്‍ , റെപ്രസന്റേറ്റിവ് സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി 16 സീറ്റുകള്‍ നേടിയിരുന്നു. മടപ്പള്ളി ഗവ. കോളേജ്, കെ എം സി ടി ലോ കോളേജ്, സുന്നിയ്യ അറബിക് കോളേജ്, പൂപ്പലം അജാസ് കോളേജ്, ചങ്ങരംകുളം അസ്സബാഹ് കോളേജ്, വളാഞ്ചേരി എം ഇ എസ് കോളേജ്, വണ്ടൂര്‍ ഡബ്ലിയു ഐ സി , മലപ്പുറം ഫലാഹിയ കോളേജ്, വാഴയൂര്‍ സാഫി കോളേജ്, വളാഞ്ചേരി മജ്‌ലിസ് കോളേജ്, പെരുമ്പിലാവ് അന്‍സാര്‍ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, പത്തിരിപ്പാല മൗണ്ട് സീന കോളേജ്, മാള കാര്‍മല്‍ കോളേജ്, തിരൂര്‍ക്കാട് നസ്‌റ കോളേജ്, കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ് തുടങ്ങിയ കോളേജുകളിലായി എഴുപതോളം ജനറല്‍ സീറ്റുകളും നൂറിലധികം അസോസിയേഷന്‍ റപ്രസെന്റേറ്റീവ് സീറ്റുകളും ഫ്രറ്റേണിറ്റി കരസ്ഥമാക്കി.

പൂപ്പലം അജാസ് കോളേജില്‍ എം എസ് എഫ് എസ് എഫ് ഐ കെ എസ് യു സഖ്യത്തിനെതിരില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് ഫ്രറ്റേണിറ്റി യൂണിയന്‍ ഭരണം നേടിയെടുത്തത്. മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ സുവോളജി അസോസിയേഷനില്‍ അട്ടിമറി വിജയം നേടിയ ഫ്രറ്റേണിറ്റിയുടെ വിജയത്തെ അട്ടിമറിക്കുവാന്‍ എസ് എഫ് ഐ നടത്തിയ ശ്രമങ്ങള്‍ കോളേജില്‍ സംഘര്‍ഷത്തിനിടയാക്കി. 6 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫ്രറ്റേണിറ്റി സ്ഥാനാര്‍ഥി ഫുവാദ് വിജയിച്ചതെങ്കിലും എസ് എഫ് ഐ നേതാക്കളുടെ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങി 6 തവണ കോളേജ് അധികൃതര്‍ റീകൗണ്ടിങ് നടത്തി. ഫലം അംഗീകരിക്കില്ലെന്ന് പറഞ്ഞു എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരെയും ജീവനക്കാരെയും കോളേജില്‍ വാതിലടച്ചു പൂട്ടിയിട്ടു. ജനാധിപത്യത്തെ അംഗീകരിക്കാത്ത എസ് എഫ് ഐ യുടെ സ്റ്റാലിനിസത്തില്‍ പ്രതിഷേധിച്ചും ഫുആദിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ വടകര ടൗണില്‍ പ്രകടനം നടത്തി. ആദില്‍ അലി, റാഷിദ് കോട്ടക്കല്‍, സല്‍വ അബ്ദുല്‍ഖാദര്‍, അന്‍വര്‍ കോട്ടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലപ്പുറം നഗരത്തിലും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് സാലിഹ് കുന്നക്കാവ്, ഹാദിക്, ആസിഫ് അലി, അസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സാഹോദര്യ രാഷ്ട്രീയത്തെ പിന്തുണച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ വി സഫീര്‍ഷാ അഭിനന്ദിച്ചു.

Sharing is caring!