റോഡ് നിര്‍മാണത്തിനായി പൊളിച്ച പള്ളി വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി

റോഡ് നിര്‍മാണത്തിനായി പൊളിച്ച പള്ളി വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി

എടവണ്ണ: റോഡ് വീതികൂട്ടുന്നതിന് പൊളിച്ചു നീക്കിയ പള്ളിയുടെ സ്ഥാനത്ത് നിര്‍മിച്ച പുതിയ പള്ളി വിശ്വാസികള്‍ തുറന്ന് നല്‍കി. എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെയും, റോഡ് വീതി കൂട്ടലിന്റെയും ഭാഗമായി പൊളിച്ചു നീക്കേണ്ടി വന്ന എടവണ്ണ മസ്ജിദുസ്സലാം നിലവിലുണ്ടായിരുന്ന സ്ഥലത്തു തന്നെ 1.30 കോടി രൂപ മുടക്കി ആധുനിക രീതിയിലാണ് പണിതുയര്‍ത്തിയത്. കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് എം മുഹമ്മദ് മദനി അസര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പള്ളിയുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും, ലുലു എക്‌സ്‌ചേഞ്ച് ആന്റ് ഹോള്‍ഡിംഗ് (അബുദാബി, യു എ ഇ) മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് നിര്‍വഹിച്ചു.

പള്ളി പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.കെ ബഷീര്‍ എം.എല്‍.എ, പറമ്പന്‍ മുഹമ്മദ്, അത്തിക്കല്‍ ബാപ്പുഹാജി, യു. അബ്ദുള്ള ഫാറൂഖി, മുന്‍ എം.എല്‍.എ സി മോയിന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. റോഡ് വീതികൂട്ടാനുള്ള സ്ഥലം വിട്ടുകൊടുത്തതിനു ശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്താണ് പള്ളി പുതുക്കി പണിതത്.

ജനകീയ സഹകരണത്തോടെയാണ് രണ്ടു വര്‍ഷം മുമ്പ് പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണവും, റോഡ് വീതി കൂട്ടലും ആരംഭിച്ചത്. റോഡിനിരുവശവുമുള്ള ഉടമസ്ഥര്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കുകയായിരുന്നു. റോഡ് വീതി കൂട്ടുന്നതിന് സൗജന്യമായി പള്ളിയുടെ സ്ഥലവും വിട്ടു കൊടുക്കാന്‍ പള്ളി കമ്മിറ്റിയും, മഹല്ല് നിവാസികളും സ്വമേധയ മുന്നോട്ട് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് പി കെ ബഷീര്‍ എം എല്‍ എ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പള്ളി പുതുക്കി പണിയുന്നതിന് വഴി കണ്ടെത്താമെന്ന് പ്രഖ്യാപിച്ചത്. അതുപ്രകാരം സ്‌പോണ്‍സറെ കണ്ടെത്തി പള്ളി പണിയുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത് അദ്ദേഹമാണ്.

അപകടങ്ങളും, ഗതാഗത കുരുക്കും പതിവായ ഇവിടെ റോഡ് വീതി കൂട്ടിയതോടെ ഗതാഗത പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഏതാനും മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി എടവണ്ണയില്‍ നടന്ന ചടങ്ങില്‍ എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.

Sharing is caring!