പെണ്‍കുട്ടികളുടെ ചിത്രമില്ലാത്ത ബോര്‍ഡ് ഏതോ വിഡ്ഢിയുടെ ഉത്പന്നമെന്ന് ടി.പി അഷ്‌റഫലി

പെണ്‍കുട്ടികളുടെ ചിത്രമില്ലാത്ത ബോര്‍ഡ് ഏതോ വിഡ്ഢിയുടെ ഉത്പന്നമെന്ന് ടി.പി അഷ്‌റഫലി

മലപ്പുറം: നാദാപുരം എം.ഇ.ടി കോളേജ് തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ പെണ്‍കുട്ടികളുടെ ചിത്രമില്ലാത്തത്‌ തലയ്ക്കകത്ത് ആള്‍താമസമില്ലാത്തെ ഏതോ വിഡ്ഢിയുടെ ഉത്പന്നമാണെന്ന് എം.എസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി. ബോര്‍ഡില്‍ ചിത്രം വയ്ക്കാത്തത് എം.എസ്.എഫ്‌ നിലപാടായി ആരും കാണേണ്ടതില്ല. കഴിവും പ്രാപ്തിയുമുള്ള പെണ്‍കുട്ടികള്‍ക്ക് അംഗീകാരം നല്‍കുന്ന സംഘടനയാണ് എം.എസ്.എഫെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫാറൂഖ് കോളേജില്‍ ചെയര്‍പേഴ്‌സനായി വിജയിച്ച മിന ഫര്‍സാനയെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. മിനയെ പോലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥിനിളുടേതാണ് വരാനിരിക്കുന്ന ഭാവി എന്ന തിരിച്ചറിവാണ് 2012ല്‍ ‘ഹരിത’ രൂപീകരിച്ചത്. എം.എസ്.എഫ് എന്നും സ്ത്രീപക്ഷ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ ഉച്ചക്ക് 2 മണിയോടടുത്ത സമയത്താണ് ഹരിതയുടെ ജനറല്‍ സെക്രട്ടറി മുഫീദ തെസ്‌നിയുടെ വിളി വന്നത് ‘ഫറൂഖ് കോളേജില്‍ ഹരിതയുടെ യൂണിറ്റ് ജനറല്‍ സെകട്ടറി സോഷ്യോളജിയില്‍ നിന്ന് വിജയിച്ചിട്ടുണ്ട് .കഴിഞ്ഞ രണ്ട് തവണയും അവളെ പരാജയപ്പെടുത്തിയിരുന്നു .അതില്‍ തളരാതെ മത്സരിച്ച് വിജയിച്ച കുട്ടിയാണ്. നന്നായി സംസാരിക്കും. നല്ല ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്, ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പറ്റിയ കാന്‍ഡിഡേറ്റാണ്’ ഇത്രയൊക്കെ പറഞ്ഞപ്പോള്‍ കഴിവുള്ള കുട്ടിയെങ്കില്‍ നമുക്ക് പരിഗണിക്കാം ഞാന്‍ മിസ്അബുമായി സംസാരികട്ടെ എന്ന മറുപടി പറഞ്ഞ്, ഈ വിവരങ്ങള്‍ മിസ്അബുമായി പങ്കുവെച്ചു.ഏറെ താല്‍പര്യത്തോടെയാണ് മിസ്അബ് പ്രതികരിച്ചത് .മിനയിലെ കഴിവ് കണ്ടറിഞ്ഞ എല്ലാവര്‍ക്കും ഇങ്ങനെ ഒരു ആലോചനയില്‍ ആഹ്ലാദം.
ഇത്രയും പറഞ്ഞത് സംഘടനയുടെ സ്ത്രീപക്ഷ നിലപാട് എന്താണെന്ന് വ്യക്തമാക്കാനാണ്.

നാദാപുരം എം.ഇ.ടി കോളേജിലെ ഒരു തെരഞ്ഞടുപ്പ് പ്രചരണ ബോര്‍ഡിലെ പെണ്‍കുട്ടികളുടെ ഫോട്ടോ വെക്കാത്ത ചിത്രം കാണിച്ച് അത് എം.എസ്.എഫ് നിലപാടായി ആരും വ്യാഖ്യാനിക്കേണ്ട. ആ ബോര്‍ഡ് തലക്കകത്ത് ആള്‍ താമസമില്ലാത്ത ഏതോ ഒരു വിഡ്ഡിയുടെ ഉല്‍പന്നം മാത്രമാണ്. കഴിവും പ്രാപ്തിയും നിലപാടുമുള്ള പെണ്‍കുട്ടികള്‍ക്ക് അംഗീകാരത്തിന്റെ ഇടമുള്ള സംഘടന തന്നെയാണ് എം.എസ്.എഫ്. ഹരിത ഒരു ശരിയായ തീരുമാനമാണന്നും ,അതിന്റെ സഞ്ചാരപഥം നേര്‍ദിശയിലാണന്നതിനും കാലം നല്‍കിയ കയ്യൊപ്പാണ് മിന ഫര്‍സാന

മിന ഫര്‍സാനയെ പോലുള്ള ആയിരകണക്കിന് വിദ്യാര്‍ത്ഥിനികളുടേതാണ് വരാനിരിക്കുന്ന ഭാവി എന്ന തിരിച്ചറിവാണ് 2012 ലെ ‘ഹരിത’ രൂപീകരണം. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രാഷട്രീയ സാമൂഹിക നവോത്ഥാന ഭൂമികയില്‍ വിശിഷ്യ സ്ഥാനമുള്ള ഫറൂഖ് കോളേജില്‍ നിന്ന് തന്നെ ന്യൂനപക്ഷ രാഷട്രീയത്തിന്റെ നവ മുന്നേറ്റത്തിന് ഊര്‍ജം നല്‍കുന്ന ചുവട് വെപ്പായി കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി മിന വിജയിച്ചത് ശുഭ പ്രതീക്ഷയാണ്. കാലികറ്റ് സര്‍വ്വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

Sharing is caring!