മഅ്ദനിയോടൊപ്പമുള്ള ഓര്‍മ പങ്കുവച്ച് ഇ.കെ വിഭാഗം നേതാവ്‌

മഅ്ദനിയോടൊപ്പമുള്ള ഓര്‍മ പങ്കുവച്ച് ഇ.കെ വിഭാഗം നേതാവ്‌

കണ്ണൂര്‍: മഅ്ദനിയോട് വിയോജിപ്പുണ്ടാവമെങ്കിലും നീതി നിഷേധിക്കപ്പെടുമ്പോള്‍ കൂടെ നില്‍ക്കുകയാണ് മനുഷ്യത്വമെന്ന് ഇ.കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മഅ്ദനിയുടെ മകന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഅ്ദനിയെ ആശുപത്രിയില്‍ ചെന്ന് കണ്ടതും അദ്ദേഹവുമായി നടത്തിയ സംസാരവുമെല്ലാം നാസര്‍ ഫൈസി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും പാണക്കാട് തങ്ങന്‍മാരുടെ പൊരുത്തത്തില്‍ വളരണമെന്ന് മഅ്ദനി പറഞ്ഞതായും അദ്ദേഹം പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹു:അബ്ദുന്നാസര്‍ മഅദനിയുടെ മകന്‍ ഉമ്മര്‍ മുഖ്താറിന്റ വിവാഹം ഇന്ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്നപ്പോള്‍ സംബന്ധിക്കാനുള്ള അവസരമുണ്ടായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് നിക്കാഹിന് കാര്‍മ്മികത്വം വഹിച്ചത്. വിവിധ മത രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു. മഅദനി ആ മുഖമായി രണ്ട് വാക്ക് പറഞ്ഞപ്പോള്‍ സമസ്തയുടെ പ്രസിഡന്റാണ് നിക്കാഹിന് കാര്‍മ്മികത്വം വഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു ആത്മാഭിമാനത്തിന്റെ സ്പര്‍ശമുണ്ടായിരുന്നു.

എസ്.വൈ.എസിന്റെ അഖിലേന്ത്യാ കോണ്‍ഫ്രന്‍സ് ബാഗ്ലൂരില്‍ നടന്നപ്പോള്‍ പ്രൊഫ: ആലിക്കുട്ടി ഉസ്താദിന്റെ കൂടെ മഅദനിയെ കാണാന്‍ ചെന്നു. സംസാരമെല്ലാം കഴിഞ്ഞു പിരിയുമ്പോള്‍ എന്നെ സ്വകാര്യമായി ഒന്ന് കാണണമെന്ന് പറഞ്ഞു. ശേഷം അദ്ദേഹം പറഞ്ഞു എന്റെ മക്കള്‍ ഉമ്മര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും നമ്മുടെ ഉസ്താദുമാരുടേയും പാണക്കാട് തങ്ങന്‍മാരുടേയും പൊരുത്തത്തില്‍ വളരണം. എന്റെ അന്‍വാറുശ്ശേരിയിലെ മക്കളെ നോക്കി നടത്താന്‍ ഒരു ഹുദവിയേയോ വാഫി യേയോ നിങ്ങള്‍ കണ്ടെത്തിത്തരണം. മുമ്പ് കോയമ്പത്തൂരിലെ ജയില്‍ മോചന ശേഷം കോഴിക്കോട് കടപ്പുറത്തെ സ്വീകരണ സമ്മേളനത്തില്‍ കുറച്ചാണെങ്കില്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ വളരെ നല്ലതാണ്. നീതി കിട്ടാനും ആഖിബത്തിനും വേണ്ടി നമ്മുടെ പ്രവര്‍ത്തകരോട് പ്രാര്‍ത്ഥിക്കാന്‍ പറയണം’ .കണ്ണീരോടെയാണ് അന്ന് യാത്ര പറഞ്ഞത്.

പിന്നീട് ഇടക്കെല്ലാം പരസ്പരം ബന്ധപ്പെടും. മകന്റെ കല്യാണം വിളിച്ചപ്പോള്‍ എല്ലാവരും ഉണ്ടാവുമെങ്കിലും സമസ്തയുടെ ഉസ്താദുമാരുടെ സാന്നിധ്യമാണ് എനിക്ക് ഏറെ സന്തോഷം, എന്റെ മക്കള്‍ക്കും അങ്ങിനെ തന്നെ ‘. ആഗ്രഹ സഫലീകരണമായി സയ്യിദ് ജിഫ്രി തങ്ങളെ കാര്‍മ്മികത്വത്തിന് ലഭിച്ചു. മഅദനിയുടെ നിലപാടുകളോട് യോജിപ്പും വിയോജിപ്പുമുണ്ടാവാം. പക്ഷേ ഫാഷിസത്തിന്റെ ഇരയായി നീതി നിഷേധിക്കപ്പെടുമ്പോള്‍ ഇരയുടെ കൂടെ നില്‍ക്കുന്നതാണ് മനുഷ്യത്വം.

Sharing is caring!