വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

മലപ്പുറം: സ്‌കൂളുകള്‍ മുഖേനയുള്ള വിവിധ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയതോടെ വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള ഓട്ടപ്പാച്ചിലിലാണു ജില്ലയിലെ രക്ഷിതാക്കള്‍. എന്നാല്‍ ബാങ്കുകളിലെത്തുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും വിവിധ കാരണങ്ങള്‍ പറഞ്ഞു ബാങ്കധികൃതര്‍ മടക്കി അയക്കുകയും അക്കൗണ്ട് എടുക്കുന്നതു വൈകിപ്പിക്കുന്നതായും പരാതികളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേനയാക്കിയത്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കിയതോടെ ഇവ രണ്ടും തയ്യാറാക്കുന്ന തിരക്കിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. അക്കൗണ്ട് തുടങ്ങാനായി ബാങ്കുകളില്‍ എത്തുന്ന രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും ബാങ്ക് ജീവനക്കാര്‍ രണ്ടാകിടക്കാരെന്ന നിലയില്‍ പെരുമാറുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്.

ദേശസാല്‍കൃത ബാങ്കുകളില്‍തന്നെ അക്കൗണ്ട് വേണമെന്നതിനാല്‍ അത്തരം ബാങ്കുകളെതന്നെയാണ് രക്ഷിതാക്കള്‍ ആശ്രയിക്കുന്നത്. ബാങ്കുകളില്‍ എത്തുന്നവരോട് പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയാണ്. വിദ്യാര്‍ഥികള്‍ അക്കൗണ്ടിനായി സമീപിച്ചാല്‍ കാല താമസം കൂടാതെ നല്‍കണമെന്നും സീറോ ബാലന്‍സിലൂടെയായിരിക്കണം അകൗണ്ട് തുറക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, അക്കാര്യം പരിഗണിക്കാന്‍ മിക്ക ബാങ്കധികുതരും തയ്യാറാകുന്നില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയാണ് അക്കൗണ്ടിനായി എത്തുന്നവരെ വട്ടം കറക്കുന്നത്. അപേക്ഷ തീര്‍ന്നെന്നും ഓണ്‍ലൈനായി ചെയ്യാം എന്നു പറഞ്ഞാണ് കഷ്ടപെടുത്തുന്നതെന്നു അക്കൗണ്ട് എടുക്കാന്‍ ബാങ്കു
കളിലെത്തിയ രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

അപേക്ഷ സീകരിച്ചവര്‍ക്കുതന്നെ ഒരു മാസം കഴിഞ്ഞിട്ടാണ് അക്കൗണ്ട് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. പല വിദ്യാര്‍ഥികള്‍ക്കും ആധാര്‍ ഇല്ല. ആധാര്‍ എടുക്കാനായി വിദ്യാര്‍ഥികള്‍ അക്ഷയ സെന്ററുകളെയാണു ആശ്രയിക്കുന്നത്. നേരത്തെ ആധാര്‍ എടുത്തവരില്‍ ഏറെ തെറ്റുകള്‍ കയറിക്കൂടിയിട്ടുണ്ട്. അവ തിരുത്താനും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആധാറിലെ പേരും വിദ്യാലയങ്ങളിലെ പേരും വ്യത്യസ്തമായതിനാല്‍ പലര്‍ക്കും സ്‌കോളര്‍ഷിപ്പ് തുക നഷ്ടമായി. ഇതിനാല്‍ അവ തിരുത്താനുള്ള ശ്രമത്തിലാണ്. അക്ഷയ സെന്ററുകളില്‍ തിരക്ക് വര്‍ധിച്ചതോടെ വിലപേശല്‍ അവിടെയും തുടങ്ങിയിരിക്കുകയാണ്. ആധാര്‍ എടുക്കുന്നവരില്‍ നിന്നു യാതൊരുവിധ തുകയും ഈടാക്കാരുതെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍, ഓരോ അപേക്ഷകരില്‍ നിന്നും 50രൂപ വീതം അക്ഷയ സെന്ററുകള്‍ വാങ്ങുന്നുണ്ട്. ഒരു അപേക്ഷയുടെ മേല്‍ 40 രൂപ സര്‍ക്കാര്‍ അക്ഷയ സെന്ററുകള്‍ക്ക് നല്‍കുന്നുണ്ടെന്നിരിക്കെയാണ് ഇത്തരം പകല്‍ കൊള്ള നടത്തുന്നത്. ആവശ്യം നിറവേറ്റാന്‍വേണ്ടി പലരും ആവശ്യപെടുന്ന തുക നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. മുസ്‌ലിം, ക്രിസ്ത്യന്‍, ജൈനന്‍, ബുദ്ധ മതക്കാര്‍ക്കായാണ് മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ഈ മാസം 31വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട കാലാവധി. ഒന്നാം ക്ലാസ് മുതല്‍ മുകളിലോട്ട് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. കോഴ്‌സിന് അനുസരിച്ചാണ് തുക. പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്പിനായി ഒരു വീട്ടിലെ രണ്ടു പേര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ. എന്നാല്‍, പോസ്റ്റ്‌മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് എത്രപേര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

 

Sharing is caring!