മലപ്പുറം ജില്ലക്ക് ആശ്വാസകരമായ സര്‍ക്കാര്‍ ഉത്തരവ്

മലപ്പുറം ജില്ലക്ക് ആശ്വാസകരമായ സര്‍ക്കാര്‍ ഉത്തരവ്

 

മലപ്പുറം: പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധിയിലായ മലപ്പുറം ജില്ലക്ക് ആശ്വാസകരമായ സര്‍ക്കാര്‍ ഉത്തരവ് വീണ്ടും. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 10ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലയിലെ അടിസ്ഥാന സൗകര്യമുള്ള സ്‌കൂളുകള്‍ക്കു അധിക സീറ്റുകള്‍ നല്‍കി ഉത്തരവായത്. ഇതിനകം പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഇപ്രകാരം വര്‍ധിപ്പിച്ച 10ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടെന്നും ഇന്ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അണ്‍ഐയ്ഡഡ് സ്‌കൂളുകളില്‍ ഇതു ബാധകമല്ല.

പ്ലസ് വണ്‍ സീറ്റുകളുടെ കുറവുമൂലം ജില്ലയിലെ 10696 പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത അവസ്ഥയായിരുന്നു തുടക്കത്തില്‍. ഇതിനെ തുടര്‍ന്നു എം.എസ്.എസിന്റെ നേതൃത്വത്തില്‍ മലപ്പുറം കലക്‌ട്രേറ്റിലേക്കു മാര്‍ച്ചു നടക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനുശേഷം ഒരുതവണ ജില്ലയ്ക്ക് സീറ്റ് വര്‍ധനവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ 248 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി ആകെ 60646 സീറ്റുകളാണുളളത്.

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി, പോളിടെക്‌നിക്ക്, ഐടിഐ എന്നിവിടങ്ങളിലായി 5643 സീറ്റുകളുണ്ട്. ഇതില്‍ 2323 സീറ്റുകള്‍ വിഎച്ച്എസ്ഇയിലും 2350 സീറ്റുകള്‍ പോളിടെക്‌നിക്കിലും 970 സീറ്റുകള്‍ ഐ.ടി.ഐകളിലുമാണ്.
കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു.

Sharing is caring!