ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത്‌

ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത്‌

നിലമ്പൂര്‍: വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ കലാകാരന്‍മാരുടെയും സാഹിത്യ പ്രവര്‍ത്തകരുടെയും പൊതുവേദി സൃഷ്ടിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കലാ സാസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാരസാഹിതി സംസ്ഥാന പ്രസിഡന്റായി ഇന്ന് ചുമതലയേറ്റ പ്രമുഖ തിരക്കഥാകൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത്. എതിര്‍ശബ്ദം ഉയര്‍ത്തുന്ന കലാകാരന്‍മാരെ വെടിയുണ്ടകള്‍കൊണ്ടു നേരിടുന്ന ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. കേരളത്തില്‍ കലാകാരന്‍മാരെ ഇസങ്ങളുടെയും രാഷ്ട്രീയത്തിന്റെയും തടവറയിലാക്കി അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് മാനവികതയുടെയും മതേതരത്വത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും കാവലാളാകണം കലാകാരന്‍മാര്‍. ഭരണകൂടത്തിന്റെ സ്തുതിപാഠക വൃന്ദത്തില്‍ നിന്ന് തെറ്റുചൂണ്ടികാട്ടി എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള ആര്‍ജ്ജവം കാണിക്കണം. രാഷ്ട്രീയത്തിനതീതമായി ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെ കേരളത്തില്‍ കലാകാരന്‍മാരുടെ പൊതുവേദിയായി സംസ്‌ക്കാര സാഹിതിയെ മാറ്റുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഹാരാര്‍പ്പണം നടത്തി ആര്യാടന്‍ ഷൗക്കത്തിനെ സംസ്‌ക്കാര സാഹിതിയുടെ ചുമതലയേല്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഡെപ്യൂട്ടി സ്പീക്കറും സംസ്‌ക്കാരസഹിതി മുന്‍ പ്രസിഡന്റുമായ പാലോട് രവി, ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, കെ.പി മോഹനന്‍, ടി. രാജീവ് നാഥ്, ടി. ശരത് ചന്ദ്രപ്രസാദ്, പ്രഫ. ജി. ബാലചന്ദ്രന്‍, ഡോ. എം.ആര്‍ തമ്പാന്‍, തമ്പാനൂര്‍ രവി, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്നു സിനിമകള്‍ക്ക് മികച്ച സിനിമക്കും തിരക്കഥക്കുമുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും നേടിയ കലാകാരനാണ് ആര്യാടന്‍ ഷൗക്കത്ത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും നാലാം ക്ലാസ് യോഗ്യതയുള്ള ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും 35 വയസുവരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യതനേടിക്കൊടുന്ന നഗരമാക്കി നിലമ്പൂരിനെ മാറ്റിയ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായിരുന്നു. കെ.പി.സി.സി അംഗംകൂടിയായ ഷൗക്കത്ത് കലാ, സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗങ്ങളില്‍ സ്വന്തമായ ഇടംകണ്ടെത്തിയ നേതാവാണ്.

Sharing is caring!