കേരളത്തിലെ ഹാജിമാരെ സഹായിക്കാന് ഇത്തവണ മൂവായിരം പ്രവാസി വളണ്ടിയര്മാരുടെ സേവനവും
മലപ്പുറം: കേരളത്തിലെ ഹാജിമാരെ സഹായിക്കാന് മദീനയിലും മീനായിലും ഇത്തവണ മൂവായിരം പ്രവാസി വളണ്ടിയര്മാരുടെ സേവനം ലഭ്യമാകും. ഈവളണ്ടിയര്മാര്മാക്കുള്ള ജിദ്ദ കോണ്സുലേറ്റ് ജനറലിന്റെ പാസുകള് കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് തൊടിയൂര് മുഹമ്മദ് കുഞ്ഞിമൗലവി ജിദ്ദ കോണ്സുലേറ്റ് ജനറലുമായി നേരിട്ടുകണ്ടാണു ഇതിനുള്ള പാസുകള് തരപ്പെടുത്തിയത്. പാസ് ലഭിച്ച പ്രവാസി വളണ്ടിയര്മാര്ക്കു ഹാജിമാരോടോപ്പം തീര്ഥാടന മേഖലയില് നിയന്ത്രണമില്ലാതെ സഞ്ചരിക്കാന് അനുമതിയുണ്ടാകും. മേഖലയിലെ വിവിധ മലയാളി സംഘനകള് വഴിയാണു പ്രവാസി മലയാളികളായ വളണ്ടിയര്മാരെ കണ്ടെത്തിയത്. മൂവായിരംപേരും സൗജന്യമായാണു സേവനത്തിന് തെയ്യാറായത്.
അതേ സമയം കേരളത്തില്നിന്നും ഹാജിമാരെ സഹായിക്കാനായി 56വളണ്ടിയര്മാര് വേറെയും ഉണ്ടാകും. 200പേര്ക്ക് ഒരാള് എന്ന നിലയിലാണു ഇത്തവണ വളണ്ടിയര്മാരെകൊണ്ടുപോകുന്നത്. കഴിഞ്ഞ തവണ 250പേര്ക്ക് ഒരാള് എന്ന നിലയിലായിരുന്നു. അതോടൊപ്പംതന്നെ മക്കയിലും മീനയിലും തീര്ഥാടനത്തിനെത്തുന്ന കേരളാ ഹാജിമാര്ക്കു പ്രവാസി മലയാളി സംഘടനകളുടെ വകയായി വിവിധ ദിവസങ്ങളിലായി 35,000 കേരളീയ കഞ്ഞിയും അച്ചാറും സൗജന്യമായി വിതരണം ചെയ്യും.
മക്കയിലും മീനായിലും സുരക്ഷാപ്രശ്നങ്ങള് മുന്നിര്ത്തി ഗ്യാസ് ഉപയോഗിക്കാന് പാടില്ലെന്നതിനാല് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് ജിദ്ദയിലെ 22മലയാളി സംഘടനകളുമായി ചര്ച്ച നടത്തിയ ശേഷമാണു പ്രവാസി സംഘടനകള് ഹാജിമാര്ക്ക് കഞ്ഞിയും അച്ചാറും നല്കാന് തീരുമാനിച്ചത്.
നിലവില് സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴില് കേരളത്തില്നിന്നും 11,395പേര്ക്കാണു തീര്ഥാടനത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിനുപുറമെ ലക്ഷദ്വീപില്നിന്നുള്ള 300പേരും പോണ്ടിച്ചേരിയില്നിന്നുള്ള 26പേരും കേരളാഹജ് കമ്മിറ്റിക്കു കീഴിലാണു തീര്ഥാടനത്തിനുപോകുന്നത്. ഓഗസ്റ്റ് 13മുതല് 26വരെയാണു കേരളത്തില്നിന്നുള്ള തീര്ഥാടനം. അന്യസംസ്ഥാനങ്ങളില്നിന്നും സീറ്റുകള് റദ്ദ്ചെയ്യുന്ന മുറയ്ക്കു കേരളത്തിന് ഇനിയും കൂടുതല്പേര്ക്ക് തീര്ഥാടനത്തിന് അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന ഹജ് കമ്മിറ്റി. അതോടൊപ്പംതന്നെ ഇത്തവണ ഹജ് ക്യാമ്പും ഏറെ പ്രത്യേകതകളോടെയാണു നടത്തുന്നത്. ഹജ് ക്യാമ്പിന്റെ തലേദിവസം ഉച്ചയ്ക്കു രണ്ടിനും വൈകിട്ടു അഞ്ചിനും മുമ്പായി തീര്ഥാടകര് ഹജ് ക്യാമ്പില് റിപ്പോര്ട്ട് ചെയ്യണമെന്നാണു നിബന്ധന. നേരത്തെ ഹജ് ക്യാമ്പിലെത്തുന്ന മുഴുവന് തീര്ഥാടകര്ക്കുമുള്ള ഭക്ഷണവും മറ്റു മുഴുവന് സൗകര്യങ്ങളും ഇത്തവണ സൗജന്യമായാണു നല്കുന്നത്. ഇതിനു ചിലസംഘടനകളുടെ സഹായമുണ്ട്. ഹാജിമാര്ക്കും ഉറങ്ങാനും പ്രാഥമികാവശ്യങ്ങള്ക്കും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും ഹജ് ക്യാമ്പില് ഒരുക്കിയിട്ടുണ്ട്.
തീര്ഥാടകരെ സഹായിക്കാനായി പ്രവാസി മലയാളികളുടെ വളണ്ടിയര്മാരെ ലഭ്യമാക്കിയതിലൂടെ ഇത്തവണ സംസ്ഥാന ഹജ്കമ്മിറ്റിക്കു കീഴില് തീര്ഥാടനത്തിനുപോകുന്ന ഹാജിമാര്ക്കും വളണ്ടിയര്മാര്ക്കും ഏറെ സഹായകരമാകുമെന്നും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് തൊടിയൂര് മുഹമ്മദ് കുഞ്ഞിമൗലവി പറഞ്ഞു. വിവിധ മലയാളി സംഘടനകള് മുഖേനയാണു പ്രവാസി വളണ്ടിയര്മാര്ക്കുള്ള പാസുകള് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഹാജിമാര്ക്കു കഞ്ഞിയും അച്ചാറും വിതരണം ചെയ്യാന് തെയ്യാറായ പ്രവാസി സംഘടനകളുടെ സഹായവും ഹാജിമാര്ക്ക് വളരെ ഉപകാരണപ്പെടും. മേഖലയില് ഗ്യാസിനു നിരോധനമുള്ളതിനാല് ഭക്ഷണം ലഭ്യമാക്കാന് ഏറെ പ്രയാസമുണ്ടായിരുന്നുവെന്നും ഊ ഉദ്യമം പ്രവാസി സംഘടനകള് ഏറ്റെടുത്തത് മഹത്തരമായാണു കരുതുന്നതെന്നും ഹജ് കമ്മിറ്റി ചെയര്മാന് പറഞ്ഞു. ഹജിമാരെ സഹായിക്കാന് തെയ്യാറായ പ്രവാസികള്ക്കും പ്രവാസി സംഘടനകളോടും നന്ദിപറയുന്നതായും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് തൊടിയൂര് മുഹമ്മദ് കുഞ്ഞിമൗലവി പറഞ്ഞു.
തീര്ഥാടനത്തിനു പുറപ്പെടുന്നവരുടെ യാത്രാ ദിവസം കേന്ദ്ര ഹജ് കമ്മിറ്റി ഇന്നലെ മുതല് പ്രസിദ്ദീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 13മുതല് 16വരെയുള്ള ആദ്യത്തെ 10വിമാനങ്ങളില് യാത്രപുറപ്പെടേണ്ടവരുടെ പട്ടികയാണു നിലവില് പ്രസിദ്ദീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവരുടെ യാത്രാവിവരങ്ങള് രണ്ടു ദിവസത്തിനുള്ളില് ലഭ്യമാകും. ഹാജിമാര് അവരുടെ വിമാന യാത്രാ ദിവസത്തിന്റെ തലേദിവസമാണു ഉച്ചയ്ക്കു രണ്ടിനും അഞ്ചിനും ഇടയിലായാണു നെടുമ്പാശേരിയിലെ(സിയാല്) ഹജ് ക്യാമ്പില് റിപ്പോര്ട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും യാത്രയാകുന്ന ഹാജിമാരെ അനുഗമിക്കുന്ന വളണ്ടിയര് ഹാജിമാരെ യാത്രാ സംബന്ധമായ വിവരങ്ങള് മുന്കൂട്ടി ഫോണിലൂടെ അറിയിക്കും.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]