നിയമംലംഘിച്ച് വീണ്ടും നിലമ്പൂര് എം.എല്.എ
നിലമ്പൂര്: സമുദ്രനിരപ്പില് നിന്നും രണ്ടായിരംഅടി ഉയരത്തില് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞതു പൊളിക്കാന് ജില്ലാ കലക്ടര് ഉത്തരവിട്ടപ്പോള് തടയണക്കുമീതെ അനുമതിയില്ലാതെ റോപ്വേ നിര്മിച്ച് നിലമ്പൂര് എം.എല്.എ: പി.വി അന്വര്.
കക്കാടംപൊയിലില് നിയമംലംഘിച്ച് നിര്മിച്ച എം.എല്.എയുടെയും രണ്ടാം ഭാര്യ പി.വി ഹഫ്സത്തിന്റെയും ഉടമസസ്ഥതയിലുള്ള പീവീആര് നാച്വറോ പാര്ക്ക് എന്ന പേരിലുള്ള വാട്ടര്തീം പാര്ക്കിന്റെ ഭാഗമായാണു ഇതിന്റേയും നിര്മാണം.
അനധികൃത നിര്മാണം തടഞ്ഞുള്ള കലക്ടറുടെ ഉത്തരവുള്ളതിനാല് അടുത്ത ബന്ധു കോഴിക്കോട് തിരുവണ്ണൂര് ഹഫ്സ മന്സില് സി.കെ അബ്ദുല് ലത്തീഫിന്റെ പേരില് റസ്റ്ററന്റ് ആന്റ് ലോഡ്ജിങ് കെട്ടിടം നിര്മിക്കാനായി ഊര്ങ്ങാട്ടിരി പഞ്ചായത്തില് നിന്നും അനുമതി വാങ്ങിയ ശേഷമാണ് യാതൊരു അനുമതിയുമില്ലാതെ റോപ് വേ പണിതെന്നാണു ആക്ഷേപം.
റോപ് വേ നിര്മാണ ഘട്ടത്തില് തന്നെ അനധികൃത നിര്മാണത്തെക്കുറിച്ച് ഊര്ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി വരികയും ചെയ്തിരുന്നു. എന്നാല് എം.എല്.എയുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നില് ഒരു നടപടിയും ഉണ്ടായില്ല. റോപ് വേ നിര്മാണം നിര്ബാധം തുടരുകയും പൂര്ത്തീകരിക്കുകയും ചെയ്തിരിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് 350മീറ്റര് നീളത്തില് റോപ് വേ പൂര്ത്തീകരിച്ചിരിക്കുന്നത്. ഇവിടെ റോപ് സൈക്കിള് ആരംഭിക്കാനാണ് പദ്ധതി. എം.എല്.എയുടെ വാട്ടര് തീം പാര്ക്കിന്റെ പേരില് റോപ് സൈക്കിള് സവാരി ആരംഭിക്കുന്നതായി നോട്ടീസ് അടിച്ച് വിതരണം ചെയ്തിട്ടുമുണ്ട്.
മൈനിങ് ജിയോളജി വകുപ്പടക്കമുള്ള ഏജന്സികളുടെ അനുമതികളൊന്നുമില്ലാതെയായിരുന്നു നേരത്തെ കാട്ടരുവിയില് തടയണകെട്ടി കൃത്രിമതടാകമുണ്ടാക്കിയത്.
പാര്ക്കില് നിന്നും രണ്ടു കിലോമീറ്റര് അകലെയാണു ചീങ്കണ്ണിപ്പാലിയില് 40 ഏക്കര് ഭൂമിയില് മലയിടിച്ച് കൃത്രിമതടാകം കെട്ടിയിട്ടുള്ളത്. ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില് മലയിടിച്ച് തടയണകെട്ടിയത് നിയമവിരുദ്ധമാണെന്നു കണ്ടെത്തി രണ്ടു വര്ഷം മുമ്പ് അന്നത്തെ കലക്ടര് ടി. ഭാസ്ക്കരന് ഇവിടുത്തെ നിര്മാണ പ്രവര്ത്തനം തടഞ്ഞിരുന്നു.
നിലമ്പൂര് നോര്ത്ത് ഡി.എഫ്.ഒ ആയിരുന്ന കെ.കെ സുനില്കുമാര് 2015ജൂലൈ രണ്ടിനു നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ നടപടി. പാരിസ്ഥിതി ദുര്ബല പ്രദേശത്ത് മലയിടിച്ച് മണ്ണ് നീക്കുന്നത് വലിയ ആഘാതങ്ങള്ക്ക് കാരണമാകുമെന്നും വലിയതോതില് വെള്ളം കെട്ടിനിര്ത്തുന്നത് ഭാവിയില് മലയിടിച്ചിലിനും അതുവഴി താഴെയുള്ള പ്രദേശങ്ങളില് താമസിക്കുന്നവരുടെ സ്വത്തിന്റെയും ജീവന്റെയും സുരക്ഷക്ക് ഭീഷണി ഉയര്ത്തുന്നതായും ഡി.എഫ്.ഒയുടെ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു. തടയണയുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും റിപ്പോര്ട്ടില് ഡി.എഫ്.ഒ വ്യക്തമാക്കിയിരുന്നു. കലക്ടറുടെ ഉത്തരവു പ്രകാരം നിര്മാണ പ്രവര്ത്തനം നിര്ത്തി. എന്നാല് പി.വി അന്വര് നിലമ്പൂരില് നിന്നും ഇടതു സ്വതന്ത്ര്യ എം.എല്.എയായി വിജയിച്ചതോടെ ഇവിടെ ബോട്ടുകളിറക്കി ബോട്ട് സര്വീസിനുള്ള ശ്രമം നടത്തി.
ഇതോടെ അന്നത്തെ കലക്ടര് ഷൈനാ മോള് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതു സംബന്ധിച്ച് ഇപ്പോഴത്തെ നിലമ്പൂര് നോര്ത്ത് ഡി.എഫ്.ഒ ഡോ. ആര്.ആടല്അരശന് ഇക്കഴിഞ്ഞ ഫെബ്രുവരി 13നു നല്കിയ അന്വേഷണ റിപ്പോര്ട്ടിലും പാരിസ്ഥിതിക ദുര്ബല പ്രദേശത്തുനിന്നും മലയിടിച്ച് മണ്ണ് നീക്കുന്നത് പാരിസ്ഥിതിക ആഘാതങ്ങള്ക്കും അതുവഴി പ്രദേശങ്ങളില് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ മലപ്പുറം ജില്ലാ കലക്ടര് അമിത് മീണയാണ് അനധികൃകത തടയണപൊളിച്ചുനീക്കി തുടര് നടപടി സ്വീകരിക്കാന് ഉത്തരവിട്ടത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന് പി.ഡബ്യൂ.ഡി ബില്ഡിങ് വിഭാഗത്തിനോട് റിപ്പോര്ട്ട് തേടുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി മലയിടിച്ച് ഖനനം നടത്തി ഡാം കെട്ടിയതില് മൈനിങ് ആന്റ് ജിയോളജി വിഭാഗം നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. എന്നാല് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടയണപൊളിക്കുന്നതു തടയുകയും മൈനിങ് ജിയോളജി നടപടി മരവിപ്പിച്ചിരിക്കുകയുമാണെന്നാണു ആക്ഷേപം.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]