സംഘപരിവാറിനെ നേരിടാന്‍ സി പി എമ്മുമായി സഹകരിക്കണം: പി കെ ഫിറോസ്‌

സംഘപരിവാറിനെ നേരിടാന്‍ സി പി എമ്മുമായി സഹകരിക്കണം: പി കെ ഫിറോസ്‌

മലപ്പുറം: സംഘപരിവാര്‍ ഭീങ്കരതയ്‌ക്കെതിരെ കേരളം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങള്‍ മുസ്ലിങ്ങള്‍ക്കും, സി പി എമ്മിനും എതിരെ മാത്രമാണെന്ന് കരുതേണ്ടെന്നും അത് കേരളത്തിനെതിരാണെന്നും പി കെ ഫിറോസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. അടുത്തിടെ നടന്ന രണ്ട് സംഭവങ്ങള്‍ ഉദാഹരിച്ചാണ് ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ആദ്യത്തെ സംഭവം അദ്ദേഹത്തിന്റെ വാക്കുകളില്‍

മുനവ്വറലി തങ്ങളോടൊപ്പം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളന വേദി.
ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം റാഡിക്കല്‍സുള്ള സംസ്ഥാനമായി കേരളം മാറിയതെന്ത് കൊണ്ടാണ്?’
ചോദ്യത്തിലെ പല നിലക്കുമുള്ള അപകടത്തേക്കാളേറെ എന്ത് കൊണ്ട് ഇത്തരമൊരു ചോദ്യം വന്നു എന്നതാണ് ഞെട്ടലുണ്ടാക്കിയത്..
മലയാളിയായ മാധ്യമ പ്രവര്‍ത്തകരില്‍ പോലും ഇങ്ങിനെയൊരു ധാരണ ഉണ്ടാക്കുന്നതില്‍ ഡല്‍ഹിയിലെ സംഘ്പരിവാരം വിജയിച്ചിരിക്കുന്നു എന്നര്‍ത്ഥം!!

രണ്ടാമത്തെ ഉദാഹരണം ഇതാണ്

ശ്രീ.കെ.പി രാമനുണ്ണിയുടെ വസതി.
അദ്ധേഹത്തിന് ഭീഷണിക്കത്ത് ലഭിച്ച വാര്‍ത്ത കേട്ട് ഞങ്ങള്‍ കാണാന്‍ ചെന്നതായിരുന്നു. റിപ്പബ്ലിക് ടിവിയില്‍ നിന്നും അദ്ധേഹത്തിന് ഫോണ്‍ വന്നു. ലൈവ് ചര്‍ച്ചയാണ്. ഇസ്ലാമിസ്റ്റുകള്‍ അയച്ച കത്തിനെക്കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു ചോദ്യം. കത്ത് ആര് അയച്ചു എന്നതിന് തീര്‍പ്പ് കല്‍പ്പിക്കാനാവില്ല എന്ന് അദ്ധേഹം മറുപടി പറഞ്ഞു. പക്ഷേ അവതാരക വിട്ടില്ല. കേരളത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദത്തെ കുറിച്ചൊക്കെ അവര്‍ കത്തിക്കയറി. ലൗഡ് സ്പീക്കറിലായത് കൊണ്ട് ഞങ്ങള്‍ക്കെല്ലാം കേള്‍ക്കാമായിരുന്നു. ഒടുവില്‍ രാമനുണ്ണി പറഞ്ഞു. ‘ഇവിടെ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ തന്നെ ഭീഷണിക്കത്തിന്റെ കാര്യം കേട്ട് മുസ്‌ലിം ലീഗിന്റെ നേതാക്കളൊക്കെ പിന്തുണയുമായി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. അവരുടെ മുമ്പിലിരുന്നാണ് നിങ്ങളോട് സംസാരിക്കുന്നത്. ഇത് ഏതോ ക്രിമിനലുകള്‍ ചെയ്തതാണെന്നേ പറയാനാവൂ’.
അങ്ങേ തലക്കല്‍ പിന്നെ കേട്ടത് ബീപ് ബീപ് എന്ന ശബ്ദം മാത്രമായിരുന്നു.

കടക്ക് പുറത്തെന്ന് പറയേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല, സംഘ് പരിവാരങ്ങളോടാണ്. അത് നമ്മുക്കൊന്നിച്ച് പറയാം എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Sharing is caring!