സര്‍ക്കാര്‍ നയത്തിനെതിരെ കായികാധ്യാപകര്‍ തുറന്ന പോരിന്‌

സര്‍ക്കാര്‍ നയത്തിനെതിരെ കായികാധ്യാപകര്‍ തുറന്ന പോരിന്‌

മലപ്പുറം: കായികാദ്ധ്യാപക തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിച്ച് തസ്തികകൾ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംയുക്ത കായികാദ്ധ്യാപക സംഘടന സർക്കാരിന് സമര നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ സ്പോട്സ് & ഗെയിംസ് ഉപജില്ലാ സെക്രട്ടറിമാരും തൽസ്ഥാനം രാജിവെച്ച് കായിക മേളകൾ ബഹിഷ്കരിക്കുവാൻ തീരുമാനിച്ചു.  ആഗസ്റ്റ് 5 ന് നടന്ന  ആരോഗ്യ കായിക വിദ്യഭ്യാസ പരിശീലന പരിപാടി കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേ‌ധ ദിനമായി ആചരിച്ചുകൊണ്ടാണ് കായികാധ്യാപകർ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.ആഗസ്ത്  8 ന് മലപ്പുറം ജില്ലാ DD ഓഫീസിനുമുന്നിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിക്കുവാനും  എല്ലാ റവന്യൂ ജില്ല,17  ഉപജില്ലാ സെക്രട്ടറിമാരും  രാജിവെക്കുവാനും തീരുമാനിച്ചു.

 

ധർണ്ണ പ്രമുഖ സാഹിത്യകാരനും  സാംസ്കാരിക പ്രവർത്തകനുമായ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. വിവിധ അദ്ധ്യാപക സംഘടനാനേതാക്കളും സംസ്ഥാന പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി നാസർ എടരിക്കോട് എന്നിവർ സംസാരിക്കും. ധർണ്ണയിൽ കലാകായിക വിദ്യാഭ്യാസ അവഗണനക്കെതിരെ കലാഅധ്യാപകർ പ്രതിഷേധ ഗാനങ്ങൾ അവതരിപ്പിക്കും.റാലിയിൽ  കായികാധ്യാപകർ,വിദ്യാർത്ഥികൾ,പി.എസ് .സി.റാങ്ക് ഹോൾഡേഴ്സ് പങ്കെടുക്കും.

 

സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയായതോടെ നൂറുകണക്കിന് സ്പെഷ്യലിസ്റ്റ് തസ്തികകളാണ് നഷ്ടപ്പെട്ടത്.ഇതോടെ വിവിധ ജില്ലകളിൽ PSC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടേയും തൊഴിൽ സാധ്യത ഇല്ലാതായി. ഭാഷാ അധ്യാപകർക്കു തുല്യമായി പിരീഡുകൾ കണക്കാക്കാക്കി UP സ്കൂളുകളിലും 8,9,10 ക്ലാസുകളിലെ ടൈം ടേബിൾ പ്രകാരം പിരീഡുകൾ കണക്കാക്കി ഹൈസ്കൂളുകളിലും തസ്തിക സൃഷ്ടിക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കണമെന്നും  പ്രീഡിഗ്രി വേർപ്പെടുത്തിയതോടെ ഹയർ സെക്കന്റി വിദ്യാർത്ഥികൾക്ക് നഷ്ടമായ കായിക വിദ്യഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്തി HSSൽ തസ്തിക അനുവദിക്കണമെന്നുമാണ് കായികാദ്ധ്യാപകർ ആവശ്യപ്പെടുന്നത്.   മികച്ച നേട്ടം കൈവരിക്കുന്ന കായിക താരങ്ങളെ അർഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും നൽകുന്ന സർക്കാർ ഈ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്ത കായികാദ്ധ്യാപകരെ അവഗണിക്കുകയാണ്. ഹൈസ്കൂളിൽ ജോലി ചെയ്യുന്ന കായികാദ്ധ്യാപകർക്ക് പ്രൈമറി ശമ്പളം മാത്രമാണ് നൽകുന്നത്. കൂടാതെ UP യിൽ ഏതെങ്കിലും ഒരു സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക മാത്രമേ അനുവദിക്കുന്നുള്ളൂ- വിദ്യഭ്യാസ അവകാശ നിയമത്തിൽ കലാകായിക പ്രവൃത്തി പരിചയ വിഷയങ്ങൾ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് മറികടക്കാൻ SSA യിലൂടെ അധ്യാപകരെ താൽക്കാലികമായി നിയമിച്ച് ഒരധ്യാപകനെ നാല് സ്കൂളിൽ ജോലി ചെയ്യിച്ചു കൊണ്ട് കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്നുമുണ്ട്.

 

ഈ സാഹചര്യത്തിലാണ് പ്രമോഷൻ സാധ്യതകളും മറ്റാനുകൂല്യങ്ങളുമില്ലാത്ത സ്പെഷ്യലിസ്റ്റ് അധ്യാപകർ അടുത്ത ആഴ്ച മുതൽ ആരംഭിക്കുവാനിരുന്ന മേളകൾ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കായികാദ്ധ്യാപക സംഘടനാ സംസ്ഥാന സെക്രട്ടറി ഫാറൂഖ് പത്തുർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കായികാദ്ധ്യാപക സംഘടനാ മലപ്പുറം റവന്യുജില്ലാ  സെക്രട്ടറി  വി.സജാത് സാഹിർ, കെ.പി.എസ്.പി.ഇ .ടി.എ. സെക്രട്ടറി മുനീർ.എം,മുഹമ്മദ് ഷറഫുദ്ദിൻ  എന്നിവർ സംസാരിച്ചു. ഹനീഫ ചേറുലാൽ സ്വാഗതവും പി.ഹസ്സൻ കോയ നന്ദിയും പറഞ്ഞു.

Sharing is caring!