ജില്ലയില്‍ വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമം

ജില്ലയില്‍ വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമം

 

മലപ്പുറം: വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമവും വന്നതോടെ ജില്ലയിലെ പച്ചക്കറി വിപണി പ്രതിസന്ധിയില്‍. കൂടുതല്‍ വിപണിയുള്ള പച്ചക്കറികള്‍ക്കാണു നിലവില്‍ ക്ഷാമം അനുഭവപ്പെടുന്നത്. അതോടൊപ്പം വിലയിലെ അസ്ഥിരതയും തുടരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആവശ്യത്തിന് പച്ചക്കറി എത്താത്തതാണ് പ്രാദേശിക വിപണികള്‍ക്ക് തിരച്ചടിയാവുന്നത്. ഇന്നലെ ചെറുകിട വിപണിയില്‍ തക്കാളിക്കു 50രൂപയും വലിയ ഉള്ളിക്ക് 30രൂപയും ചെറിയ ഉള്ളിക്ക് നൂറും വെണ്ടയ്ക്കു 50രൂപയുമാണു വില. ഇതില്‍ തക്കാളിക്കു 40രൂപയായിരുന്നു മൂന്നുദിവസംമുമ്പുവരെ വില. വലിയഉള്ളി 18ല്‍നിന്നാണു ഇന്നലെ 30രൂപയിലെത്തിയത്. ഇതുപോലെതന്നെയാണു മറ്റു പച്ചക്കറികളുടേയും വില.

അതോടൊപ്പം ആവശ്യപ്പെടുന്ന അളവില്‍ പച്ചക്കറി വിപണിയിലെത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഴയില്‍വന്ന കുറവ് പ്രാദേശികമായുള്ള പച്ചക്കറി ഉല്‍പാദനത്തേയും ബാധിച്ചിട്ടുണ്ട്. പയര്‍, വെണ്ട, വെള്ളരി, കുമ്പളം, മത്തന്‍, ചീര തുടങ്ങിയ ഇനങ്ങളാണ് പ്രദേശിക കര്‍ഷകരില്‍ നിന്നു കാര്യമായി വിപണിയില്‍ എത്തുന്നത്. ഇത് വിപണിയുടെ ആവശ്യത്തിനു തികയാത്ത അവസ്ഥയാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവു കുറയാനിടയാക്കിയത്. ജിഎസ്ടി നടപ്പായ ശേഷമുള്ള വില നിര്‍ണയത്തിലെ അനിശ്ചിതാവസ്ഥയും വിപണിയെ തളര്‍ത്തുന്നു.

പച്ചമുളകും വിലക്കയറ്റത്തിന്റെ പിടിയിലാണ്. കിലോഗ്രാമിന് 40 രൂപയുണ്ടായിരുന്ന മുളകിനിപ്പോള്‍ 60 രൂപയാണ്. കുമ്പളത്തിനും നാലു രൂപ കൂടി വില 24 ല്‍ എത്തി. പച്ചക്കറി ഇനങ്ങള്‍ക്കെല്ലാം വിലയിലെ ഏറ്റക്കുറച്ചില്‍ തുടരുകയാണ്. വെണ്ടയ്ക്ക് 20 രൂപ കുറഞ്ഞ് കിലോയ്ക്ക് വില 40 രൂപയായി. 40 രൂപയായിരുന്ന കോളിഫല്‍വറിന് പത്തു രൂപ കുറഞ്ഞു. പയര്‍, കാരറ്റ്, എന്നിവയ്ക്കും പത്തു മുതല്‍ ഇരുപത് രൂപവരെ കുറഞ്ഞിട്ടുണ്ട്. കൈപ്പ, കിഴങ്ങ്, മത്തന്‍ തുടങ്ങിയവയ്ക്കു മാത്രമാണ് വില സ്ഥിരത വിപണിയിലുള്ളത്. വിലയിലെ അസ്ഥിരതയും ക്ഷാമവും വിപണിയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

 

Sharing is caring!