ജനറല് കോച്ചുകള് വെട്ടിച്ചുരുക്കി, മലപ്പുറത്തെ ട്രെയിന് യാത്ര ദുരിതം
മലപ്പുറം: മലപ്പുറം ജില്ലയിലെ ഏത് റെയില്വേ സ്റ്റേഷനില്നിന്നും ട്രെയിനില് കയറിയാല് യാത്രക്കാര്ക്ക് ദുരിത യാത്രതന്നെയാകും. ജനറല് കോച്ചുകളുടെ അഭാവമാണ് ഇതിന് കാരണം.നേത്രാവതി എക്സ്പ്രസ്, പാലക്കാട് വഴിയുള്ള കണ്ണൂര് യശ്വന്ത്പൂര എക്സ്പ്രസ്, വിവിധ പാസഞ്ചര് ട്രെയിനുകള് എന്നിവയിലാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉണ്ടായിരുന്ന ജനറല് കോച്ചുകള് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനാല് നിത്യയാത്രക്കാര് ഉള്പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബാംഗ്ലൂരിലേയ്ക്ക് പോകാന് മലബാറുകാര്ക്കുള്ള ഏക ആശ്രയമായ യശ്വന്ത്പുര എക്സ്പ്രസില് ഇപ്പോള് ഒരു ജനറല് ബോഗിമാത്രമാണുള്ളത്. അതും ഏറ്റവും പിന്നില്. ഇക്കാര്യം അറിയാത്തതിനാല് പലരുടേയും യാത്ര മുടങ്ങുന്ന അനുഭവങ്ങള് വരേയുണ്ട്. ഓണവും ബലിപെരുന്നാളും അടുത്തുവരുന്നതിനാല് തിരക്കേറിയ സീസണാണ് ഇപ്പോള്. ഈ സമയങ്ങളില് കൂടുതല് കോച്ചുകള് അനുവദിക്കണമെന്ന ആവശ്യം നിലനില്ക്കേയാണ് റയില്വേ നിലവിലുള്ള ബോഗികള് പോലും വെട്ടിക്കുറച്ചിരിക്കുന്നത്. ബോഗികള് പുനസ്ഥാപിക്കുന്നില്ലെങ്കില് വരും നാളുകളില് യാത്രകള് കൂടുതല് ദുരിതമാവും. ആഘോഷ വേളകളിലെ തീവണ്ടിയാത്ര തന്നെ വേണ്ടെന്നുവയ്ക്കാന് കുടുംബങ്ങള് നിര്ബന്ധിതരാവും. ഇതിലൂടെ വന് നഷ്ടമാണ് റയില്വേയ്ക്കുണ്ടാവാന് പോകുന്നത്.
പ്രത്യേക ട്രെയിനുകള് ഓടുന്നുണ്ടെങ്കിലും അവയുടെ ഗുണം മലപ്പുറത്തിന് ലഭിക്കുന്നില്ലെന്നതാണ് സത്യം. പാലക്കാട് വഴിയുള്ള ഈ ട്രെയിനുകള് എറണാകുളം, തിരുവനന്തപുരംവഴിയാണ് കടന്നുപോകുന്നതും തിരിച്ചുപോകുന്നതും. മലബാറിലെ തീവണ്ടികളില് തിരക്കേറിയ സമയമായതിനാല് കൂടുതല് ബോഗികള് അനുവദിക്കണമെന്നാണ് മലബാര് റയില് യൂസേഴ്സ് ഫോറം ഭാരവാഹികള് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റയില്വേ മന്ത്രിക്കും മറ്റ് അധികാരികള്ക്കും അവര് നിവേദനം സമര്പ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ മുനീര് കുറുമ്പടി, ഡോ. ഹമീദ്, മനോജ്കുമാര് എന്നിവര് തേജസിനോടു പറഞ്ഞു. ചെന്നൈ മെയില്, മാംഗ്ലൂര്തിരുവനന്തപുരം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, വിവിധ പാസഞ്ചര് ട്രെയിനുകള് എന്നിവയിലെല്ലാം ബോഗികള് കൂട്ടണമെന്നും ഓണം, ബലി പെരുന്നാള് അവസരങ്ങളില് മലബാര് വഴി സ്പെഷ്യല് ട്രെയിനുകള് ഓടിക്കണമെന്നും ഇവര് ആവശ്യപ്പെടുന്നു. മലബാറിലെ തീവണ്ടിയാത്രയുടെ ദുരിതങ്ങള് കുറയ്ക്കാന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മലബാര് റയില് യൂസേഴ്സ് ഫോറം.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]