ചരിത്രം തിരുത്തി സമസ്തയുടെ വനിതാ സമ്മേളനം ചേര്‍ന്നു

ചരിത്രം തിരുത്തി സമസ്തയുടെ വനിതാ സമ്മേളനം ചേര്‍ന്നു

മലപ്പുറം: ചരിത്രം തിരുത്തി സമസ്തയുടെ വനിതാ സമ്മേളനം ചേര്‍ന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കമ്മിറ്റി. കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക മെഗാ സമ്മേളനത്തിന്റെ ഭാഗമയാണ് ഇന്നു സ്ത്രീകള്‍ക്ക് മാത്രമായുള്ള വനിതാ സമ്മേളനം നടന്നത്. നേരത്തെ മുതല്‍ സ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനെ ശക്തമായി എതിര്‍ത്തു വരുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഏതാനും മാസം മുന്‍പ് സംഘടനയുടെ മേല്‍ക്കൈയില്‍ പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണക്കടുത്ത പൂപ്പലത്തെ നൂരിയ യതീംഖാന കോളജ് വാര്‍ഷികത്തോടനുബന്ധിച്ചും വനിതാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി സംഘടന തുടര്‍ന്നു പോരുന്ന നിലപാട് തിരുത്തുന്നതിന്റെ ഭാഗമായാണ് സംഘടന നേരിട്ട് നടത്തുന്ന വിദ്യഭ്യാസ സ്ഥാപനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനം എന്നാണ് സൂചന. പൊതു സമൂഹത്തില്‍ നിന്നും സംഘടനയില്‍ നിന്നും ഉയര്‍ന്നു വന്നേക്കാവുന്ന എല്ലാ വിവാദങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് വളരെ ജാഗ്രതയോടു കൂടിയാണ് പണ്ഡിത സംഘടന സമ്മേളനം നടത്തുന്നത്.

ഇപ്പോള്‍ വഫിയ എന്ന പേരില്‍ ഇവരുടെ വളാഞ്ചേരി മര്‍ക്കസ് ആസ്ഥാനമായി നൂറിലേറെ വനിതാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളാഞ്ചേരി കേന്ദ്ര സ്ഥാപനത്തില്‍ നിന്നും വഫിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ 120 പേര്‍ക്കുള്ള സനദ് ദാനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. സമസ്ത മുശാവറയുടെ അനുമതിയോടു കൂടിയാണ് വനിതാ സമ്മേളനമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സ്വന്തമായി സമസ്ത അനൗദ്യോഗികമായി പ്രാദേശിക തലങ്ങളില്‍ സ്ത്രീ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംഘടനാ ബന്ധം തിരിച്ചറിയാത്ത വിധം സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് എന്ന പേരിലാണ് സ്ത്രീകളെ സംഘടിപ്പിക്കുന്നത്. സമസ്തയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന സ്ത്രീകള്‍ക്ക് ക്യാംപുകളും പ്രഭാഷണ പരിശീലനവുമെല്ലാം സ്വകാര്യമായി നടത്തുന്നുണ്ട്.

 

Sharing is caring!