രാഹുല്‍ ഗാന്ധിക്കെതിരായ അക്രമത്തെ അപലപിച്ച് ലീഗ് നേതൃത്വം

മലപ്പുറം: എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് മുസ്ലിം ലീഗ് നേതൃത്വം. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് അക്രമമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബും പറഞ്ഞു.
ഗുജറാത്തില്‍ നിന്ന് ഇന്ന് കേള്‍ക്കേണ്ടി വന്ന വാര്‍ത്ത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിന് പോലും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമല്ലാതായിരിക്കുന്നു മോദിയുടെ ഗുജറാത്തും, ഇന്ത്യയും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ശ്രീ രാഹുല്‍ ഗാന്ധിക്ക് നേരെ ഇന്ന് നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണ്. കല്ലുകള്‍ കൊണ്ടല്ല ജനാധിപത്യത്തില്‍ എതിരാളികളെ നേരിടേണ്ടത്. നരേന്ദ്ര മോദിക്ക് ജയ് വിളിച്ചാണ് അക്രമികള്‍ കല്ലെറിഞ്ഞതത്രെ. ഭരണപരാജയം വേട്ടയാടുമ്പോള്‍ ഏകാധിപതികള്‍ എതിരാളികളെ തെരുവില്‍ നേരിടാറുണ്ട്. പക്ഷേ ഇന്ത്യ പോലുള്ളൊരു ജനാധിപത്യ രാജ്യത്തും ആ മാര്‍ഗം സ്വീകരിക്കുന്നവരുണ്ടെന്നത് ലജ്ജാകരമാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് ഇത്തരം വേലകളെങ്കില്‍ ഇതുകണ്ട് പിന്തിരിയില്ലെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ബി ജെ പി ഇന്ത്യയെ ശിലായുഗത്തിലേക്ക് നയിക്കുകയാണെന്ന് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന അക്രമം ബി ജെ പി രാജ്യത്തെ എത്രമാത്രം പിന്നോട്ട് നയിച്ചുവെന്നതിന്റെ തെളിവാണ്. ആധുനിക ഭാരതത്തിലൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. രാജ്യത്തെ ഏറ്റവും പ്രമുഖനായ പ്രതിപക്ഷ നേതാവിനു പോലും സുരക്ഷിതത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
രാജ്യത്തിനായി വെടിയേറ്റു മരിച്ച മുത്തശ്ശിയുടെ കൊച്ചുമകനും, രാജ്യത്തിനു വേണ്ടി ബോംബ് സ്‌ഫോടനത്തില്‍ ഛിന്നഭിന്നമായ അച്ഛന്റെ മകനുമാണ് അദ്ദേഹം . വേട്ടയാടുന്നവര്‍ ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഈ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെല്ലാം ഒരുമിച്ചുണ്ടാകുമെന്നും വഹാബ് പറയുന്നു.
എം എസ് എഫ് ദേശീയ കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. സ്വന്തം ഭരണഘടനയില്‍ അഭിമാനം കൊള്ളുന്ന രാജ്യത്തിന് ഈ അക്രപം അപമാനമാണെന്ന് എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്‌റഫലിയും, ജനറല്‍ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അര്‍ഷാദും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]