മഅ്ദനിയുടെ സുരക്ഷാ ചെലവ് കുറച്ചു

മഅ്ദനിയുടെ സുരക്ഷാ ചെലവ് കുറച്ചു

ബംഗളൂരു: മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച് കേരളത്തിലേക്ക വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവിനുള്ള തുക 1,18,000 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. 14,80,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. നാല് ദിവസം അധികം കേരളത്തില്‍ തങ്ങാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കി.

ഉയര്‍ന്ന തുക ആവശ്യപ്പെട്ടതിനെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയും ദിനബത്തയും മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ദിനബത്തയും യാത്രാബത്തയും എത്രയെന്ന് വ്യക്തമാക്കാന്‍ ജഡ്ജിമാരായ എസ്.എ.ബോബ്ഡെയും എല്‍.നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണു കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. മഅദനിയുടെ സുരക്ഷ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

സുരക്ഷാചെലവായി വന്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലായിരുന്നു. മഅ്ദനിക്ക് സുരക്ഷ നല്‍കാമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സുപ്രീംകോടതി വിധി അട്ടിമറിക്കാനാണ് കര്‍ണാടക ശ്രമിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

 

 

Sharing is caring!