സി.പി.ഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ മലപ്പുറത്ത്

സി.പി.ഐ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ മലപ്പുറത്ത്

മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനം ഫെബ്രുവരി അവസാന വാരം മലപ്പുറത്ത് നടക്കും. ഇതിന്റെ ഭാഗമായി അടുത്ത മാസം 10മുതല്‍ താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞു. ഡിസംബറിലാണു മലപ്പുറം ജില്ലാ സമ്മേളനം. 1200ലേറെ ലോക്കല്‍ കമ്മിറ്റി, 9135 ബ്രാഞ്ച് കമ്മിറ്റി, 170 മണ്ഡലം കമ്മിറ്റി സമ്മേളനങ്ങളാണു ഡിസംബറോടെ പൂര്‍ത്തീകരിക്കുക.

പിളര്‍പ്പിനു ശേഷം ആദ്യമായാണു മലപ്പുറം സംസ്ഥാന സമ്മേളനത്തിനു വേദിയാവുന്നത്. മതനിരപേക്ഷശക്തികളുടെ പൊതു പ്ലാറ്റ്‌ഫോമിലൂടെ വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്നത് സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പിയുടെ അസഹിഷ്ണുത രാഷ്ട്രീയത്തിനെതിരെ സഹിഷ്ണുതയുടെ രാഷ്ട്രീയവുമായി പാര്‍ട്ടി മുന്നോട്ടു പോവും. ഇടതുവിശാല ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മുഴുവന്‍ ഇടതു കക്ഷികളും ഒന്നിച്ചല്ലെന്നും കാനം പറഞ്ഞു.

ഇവരെ ഒന്നിപ്പിക്കാനുള്ള ദൗത്യവും പാര്‍ട്ടി ലക്ഷ്യമാണ്. സി.പി.എമ്മും സി.പി. ഐയുമാണിപ്പോള്‍ ഇടതു കക്ഷികളില്‍ ഏറ്റവും അടുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ദേശീയതലത്തില്‍ ബി.ജെ.പി വര്‍ഗീയതയ്‌ക്കെതിരെയുള്ള മുന്നേറ്റവുമായി പാര്‍ട്ടി നീങ്ങുമെന്നും കാനം പറഞ്ഞു.

 

Sharing is caring!