ഇരുട്ടിനെ തോല്പിച്ചു; സുഹറ ഇനി മലയാളം ടീച്ചര്‍
മഞ്ചേരി: പി എസ് സി നടത്തിയ എച്ച് എസ് എ മലയാളം, മലപ്പുറം (ഹൈസ്കൂള്‍ അസിസ്റ്റന്റ്) പരീക്ഷയില്‍ നിലമ്പൂര്‍ കരുളായി സ്വദേശിനി സുഹറാബി നേടിയ ഒന്നാം റാങ്കിന് ഇരട്ടിമധുരം. പരീക്ഷ എഴുതിയ എല്ലാവിഭാഗം ഉദ്യോഗാര്‍ത്ഥികളേയും പിന്നിലാക്കിയാണ് കണ്ണന്‍കുളവന്‍ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഒന്നാം റാങ്ക് നേടിയത്. രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത സുഹറ വെയ്റ്റേജ് മാര്‍ക്കിന്റെ പിന്‍ബലത്തിലല്ല ഒന്നാം റാങ്ക് നേടിയത് എന്നതും ശ്രദ്ധേയമാണ്.
എച്ച് എസ് എ മലയാളം തസ്തികയിലേയ്ക്ക് നടത്തിയ ഒ എം ആര് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍മാര്‍ക്ക് (60.67) നേടിയതും സുഹ്റയാണ്. 10.92 മാര്‍ക്ക് ഭിന്നശേഷിയുടെ വെയ്റ്റേജും കൂടികാഴ്ചയുടെ 9 മാര്‍ക്കും ചേര്‍ത്ത് 80.59 മാര്‍ക്കാണ് സുഹ്റ നേടിയത്. ഇപ്പോള്‍ കരുവാരകുണ്ട് പഞ്ചായത്തില്‍ ലാസ്റ്റ് ഗ്രേഡായി ജോലി ചെയ്യുന്ന സുഹ്റ റാങ്ക് ലഭിച്ചതിന്റെ ക്രെഡിറ്റ് തന്റെ പിതാവിനും പഠനത്തിനുസഹായിച്ച മഞ്ചേരി എയ്സിലെ സഹപാഠികള്ക്കുമാണ്.
കൂട്ടുകാരികളായ ശ്രീജിതയും വിനീതയുമാണ് പഠിക്കാന്‍ ഏറെ സഹായിച്ചത്. ഇവരുടെ പിന്തുണയും സഹായവുമില്ലായിരുന്നെങ്കില്‍ റാങ്ക് നേടാന്‍ സാധിക്കുമായിരുന്നില്ലെന്ന് സുഹറ പറയുന്നു. മറ്റുകുട്ടികളും പഠനത്തിനേറെ സഹായിച്ചു. പഠിക്കാന്‍ പ്രചോദനവും പരിമിതികള്‍ മറികടക്കുവാന്‍ സഹായിച്ചതും ഉപ്പയാണ്. പരീക്ഷ കേന്ദ്രങ്ങളിലേയ്ക്ക് പോകാനും ആവശ്യമായ മറ്റുപിന്തുണയും ഉപ്പ നല്കി. റാങ്ക് നേടുന്നതിന് മഞ്ചേരി എയ്സിലെ പരിശീലനവും സഹായിച്ചു.
ഏഴാം ക്ലാസ് വരെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലും പിന്നീട് മങ്കട ഹൈസ്കൂളിലുമാണ് പഠിച്ചത്. ഡിഗ്രിയും ബിഎഡും ഫറൂഖ് കോളേജിലുമാണ് പഠിച്ചത്. ആത്മാര്‍ത്ഥമായ പരിശ്രമവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ എല്ലാ പരിമിതികളേയും അതിജീവിച്ച് വിജയിക്കാന്‍ കഴിയുമെന്നതിന് ഒരു ഉദാഹരണമാണ് തന്റെ റാങ്കെന്ന് സുഹറ പറഞ്ഞു. കൂടിക്കാഴ്ചയില്‍ മറ്റെല്ലാ കുട്ടികള്‍ക്കും 10 മുതല്‍ 14 മാര്‍ക്ക് വരെ നല്കിയപ്പോള് തനിക്കുമാത്രം 9 മാര്‍ക്ക് നല്‍കിയതിലെ നിരാശയും സുഹറ മറച്ചുവെയ്ക്കുന്നില്ല.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്