മതേതരത്വത്തിന് ഭീഷണിയെന്ന്, കോളജ് മാഗസിന് അനുമതി നിഷേധിച്ചു

മതേതരത്വത്തിന് ഭീഷണിയെന്ന്, കോളജ് മാഗസിന് അനുമതി നിഷേധിച്ചു

മലപ്പുറം: മതേതരത്വത്തിന് ഭീഷണിയാണെന്നാരോപിച്ച് വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലെ മാഗസിന് മുസ്ലിംലീഗ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും അനുമതി നിഷേധിച്ചു. വാഗ എന്ന് പേരിട്ടിരിക്കുന്ന മാഗസിന്‍ മതേതരത്വത്തിന് ഭീഷണിയാണെന്ന വാദമാണ് മാനേജ്‌മെന്റ് ഉയര്‍ത്തുന്നത്. എസ്എഫ്‌ഐ നേതൃത്വം കൊടുക്കുന്ന യൂണിയനാണ് കോളേജ് ഭരിക്കുന്നത്. മാഗസിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില ലേഖനങ്ങളും ചിത്രങ്ങളുമാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.

മാഗസിന്റെ സമര്‍പ്പണം പേജില്‍ ഫാസിസ്റ്റ് ശക്തികളാല്‍ കൊല്ലപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമായ ജുനൈദ്, എം.എം കല്‍ബുര്‍ഗി, രോഹിത് വെമൂല, ജിഷ്ണു പ്രണോയ്, റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ എന്നിവരെ ഉള്‍പ്പെടുത്തിയതും പുറംചട്ടയില്‍ വാഗ ട്രെയിന്‍ ടു പാക്കിസ്ഥാന്‍ എന്ന പേര് ഉള്‍പ്പെടുത്തിയതും കോട്ടിട്ട തമ്പ്രാന്റെ കല്‍പനകള്‍ എന്ന ലേഖനം ഉള്‍പ്പെടുത്തിയതുമാണു അനുമതി നിഷേധിക്കാന്‍ കാരണമായി പറയന്നത്.

മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ മാനേജ്‌മെന്റിനെ മറികടന്ന് കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും സാക്ഷിയാക്കി സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് റഫീഖ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു മാഗസില്‍ നല്‍കി ഉദ്ഘാടനം ചെയ്തു. എന്നാല്‍ വിതരണത്തിന് അനുവദിക്കില്ലെന്ന വാശിയിലാണു മാനേജ്‌മെന്റും പ്രിന്‍സിപ്പലും. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികളായ കെ.എ.സക്കീര്‍, റഫീഖ്, എം.ഫൈസല്‍, കവിത മോനോന്‍, മുഹമ്മദ് റഫീഖ് എന്നിവര്‍ മലപ്പുറത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!