ഇമാമിനെതിരായ അക്രമം; പ്രതിഷേധമിരമ്പി സമസ്ത പ്രകടനം

ഇമാമിനെതിരായ അക്രമം; പ്രതിഷേധമിരമ്പി സമസ്ത പ്രകടനം

മലപ്പുറം: സമസ്ത എ പി വിഭാഗത്തിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇ കെ വിഭാഗം സമസ്ത നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. ആനക്കയം മുടിക്കോട് പള്ളിയിലെ ഇമാമടക്കമുള്ളവരെ പള്ളിയില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമസ്ത പ്രകടനം നടത്തിയത്. പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയവരടക്കം പതിനഞ്ചോളം പേര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന അക്രമത്തില്‍ പരുക്കേറ്റിയിരുന്നു.

പള്ളി ഇമാം ബഷീര്‍ ദാരിമിയാണ് പരുക്കേറ്റ വ്യക്തികളില്‍ പ്രധാനപ്പെട്ടത്. ദീര്‍ഘനാളായി അടച്ചിട്ട പള്ളി അടുത്തിടെയാണ് തുറന്നത്. പള്ളിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ തിരഞ്ഞെടുപ്പില്‍ സമസ്ത പാനല്‍ വിജയിച്ചിരുന്നു. സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് കാവലിലാണ് പള്ളിയില്‍ ജുമുഅ നമസ്‌കാരം നടന്നത്. പള്ളിയില്‍ നിന്ന് ശേഖരിച്ച പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇങ്ങനെയുള്ള സംഭവവികാസങ്ങളെ തുടര്‍ന്നുള്ള പ്രകോപനമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത്.

സമസ്ത നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന്‍ ഫൈസി, പി എ ജബ്ബാര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സുന്നി മഹല്ലില്‍ നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു.

Sharing is caring!