സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ജിദ്ദ: വിദേശ തൊഴിലാളികൾക്കുള്ള ലെവി ഉയർത്തലും ആശ്രിതർക്കുള്ള ലെവിയും അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ സ്വകാര്യ സ്‌കൂളുകളുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുമെന്നും സ്കൂളുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇൻഡസ്ട്രിയിലെ സ്‌കൂൾ കമ്മിറ്റി പറഞ്ഞു. മൂന്നു മുതൽ അഞ്ചു ശതമാനം വരെ സ്വകാര്യ സ്‌കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടും. പത്തു ശതമാനം വരെ വിദ്യാർഥികൾ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽനിന്ന് കൊഴിഞ്ഞുപോകും. വരും വർഷങ്ങളിൽ ഈ അനുപാതം കൂടുതൽ വർധിക്കും.

സാമ്പത്തിക പരിഷ്‌കരണങ്ങൾ മൂലം സ്‌കൂളുകളുടെ പ്രവർത്തന ചെലവ് 15 ശതമാനം വർധിക്കുമെന്ന് കമ്മിറ്റി പ്രസിഡന്‍റ് മാലിക് ത്വാലിബ് പറഞ്ഞു. ലാഭം കുറഞ്ഞ ചെറുകിട സ്‌കൂളുകളെയാണ് സാമ്പത്തിക പരിഷ്‌കരണങ്ങൾ ഏറ്റവുമധികം ബാധിക്കുക. ജിദ്ദയിലെ അറുപതു ശതമാനത്തോളം സ്‌കൂളുകൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്. പ്രവർത്തന ചെലവ് വർധിക്കുന്നതിനനുസരിച്ച് ട്യൂഷൻ ഫീസ് ഉയർത്തുന്നതിന് സ്‌കൂളുകൾക്ക് സാധിക്കില്ല.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ചെലവുകൾ നിയന്ത്രിക്കുന്നതിന് സൗദി കുടുംബങ്ങൾ നീക്കം ആരംഭിക്കുന്നതിന്‍റെ ഫലമായി സ്വകാര്യ സ്‌കൂളുകളിൽനിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് സൗദി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കുമുണ്ടാകും.

ആശ്രിത ലെവി മൂലം കുറഞ്ഞ വരുമാനക്കാരായ നിരവധി വിദേശികൾ കുടുംബങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും. ലെവി വർധിക്കുന്നതിനനുസരിച്ച് വരും വർഷങ്ങളിൽ പടിപടിയായിട്ടായിരിക്കും സ്വകാര്യ സ്‌കൂളുകളിൽനിന്ന് വിദേശ വിദ്യാർഥികൾ കൊഴിഞ്ഞുപോവുക. വലിയ ജനസംഖ്യയുള്ള ജിദ്ദ പോലുള്ള നഗരങ്ങളിൽ കൂടുതൽ സ്വകാര്യ സ്‌കൂളുകൾ ആവശ്യമാണ്. സർക്കാർ സ്‌കൂളുകളിലെ തിരക്ക് കുറക്കുന്നതിന് സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിന്‍റെ പത്തു ശതമാനത്തിന് തുല്യമായത്ര സ്വകാര്യ സ്‌കൂളുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് സാധിക്കില്ലെന്നും മാലിക് ത്വാലിബ് പറഞ്ഞു.

അതേസമയം, സ്വകാര്യ സ്‌കൂളുകൾക്കുള്ള സർക്കാർ സഹായം വർധിപ്പിക്കണമെന്ന് മറ്റൊരു സ്‌കൂൾ ഉടമ ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ ഒരാൾക്ക് വർഷത്തിൽ 100 റിയാൽ വീതമാണ് സർക്കാർ സഹായമായി ലഭിക്കുന്നത്. സൗദിയിൽ സ്വകാര്യ സ്‌കൂളുകളിൽ ആറു ലക്ഷത്തിൽ കൂടുതൽ വിദ്യാർഥികളുണ്ട്. രാജ്യത്ത് സർക്കാർ, സ്വകാര്യ സ്‌കൂളുകളിലായി ആകെ 55 ലക്ഷം വിദ്യാർഥികളാണുള്ളത്. സ്വകാര്യ സ്‌കൂളുകളുടെ എണ്ണം കുറയുന്നത് സർക്കാർ സ്‌കൂളുകളുടെ മേലുള്ള സമ്മർദം വർധിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Sharing is caring!