കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍ കുടംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ്

കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍  കുടംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ്

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍ കുടംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. മണ്ഡലത്തിലെ കൊണ്ടോട്ടി നഗരസഭ, പുളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളിലെ 50,000 കുടംബങ്ങള്‍ക്കാണ് ആരോഗ്യവകുപ്പ് അപകടമരണ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നതായി ടി.വി ഇബ്റാഹീം എം.എല്‍.എ പറഞ്ഞു.

ഓരോ കുടംബത്തിലെയും ആറു പേര്‍ക്കുവരെ അപകട മരണത്തെ തുടര്‍ന്നു രണ്ടു ലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധയാണിത്. തുണ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ചേരാന്‍ കുടംബത്തിലെ ഓരോരുത്തരും വര്‍ഷത്തില്‍ 15 രൂപ നല്‍കിയാല്‍ മതി. ഓരോ വര്‍ഷവും കുടംബങ്ങള്‍ ഇന്‍ഷുറന്‍സ് പുതുക്കണം. തുണ പദ്ധതിയിലേക്ക് എം.എല്‍.എ വിഹിതമായി 50 ശതമാനവും എല്‍.എസ്.ജി.ഡി 30 ശതമാനവും ഗുണഭോക്തൃ വിഹിതമായി 20 ശതമാനവുമാണ് നീക്കിവയ്ക്കുക. സംസ്ഥാനത്ത് ആദ്യമായാണ് അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി ഒരു മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്.

ഇതിനു പുറമേ, നിത്യരോഗികളാവുന്നവരെ സഹായിക്കുന്നതിനായി ‘പരിചരണം’ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി ആവശ്യമായ മരുന്നുകള്‍ നല്‍കാനാണിത്. ഭക്ഷണത്തിന്റെ ഒരു കിറ്റും നല്‍കും.
ഇവരുടെ മാസ പെന്‍ഷന്‍ സര്‍ക്കാര്‍ ആശുപത്രി മുഖേന നല്‍കാനും പദ്ധതിയുണ്ട്. പകര്‍ച്ചേതര രോഗങ്ങള്‍ തടയാന്‍ പഞ്ചായത്തുകള്‍തോറും വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുമുണ്ട്. ഇവയ്ക്കു നബാര്‍ഡ് 60 ശതമാനവും എല്‍.എസ്.ജി.ഡി 25 ശതമാനവും എം.എല്‍.എ വിഹിതം 15 ശതമാനവും വകയിരുത്തും.

Sharing is caring!