അനാഥ കുട്ടികളുടെ വിവാഹ പദ്ധതിയുമായി ബഹ്‌റൈന്‍ കെ എം സി സി മലപ്പുറം കമ്മിറ്റി

അനാഥ കുട്ടികളുടെ വിവാഹ പദ്ധതിയുമായി ബഹ്‌റൈന്‍ കെ എം സി സി മലപ്പുറം കമ്മിറ്റി

മനാമ: കെ എം സി സി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യതീം (അനാഥരായ) കുട്ടികളുടെ സമൂഹ വിവാഹ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള ഫണ്ട് സ്വരൂപണത്തിന് മനാമയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. നിലവില്‍ മലപ്പുറം ജില്ലാ കെ.എം.സിസി കമ്മറ്റി നടപ്പിലാക്കി വരുന്ന “റഹ് മ -2016-17” എന്ന പേരിലുള്ള വിവിധ ജീവകാരുണ്ണ്യ പദ്ധതിയിലുള്‍പ്പെട്ട ഒരു സുപ്രധാന പദ്ധതിയാണ് യതീംകുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം.

ജില്ലയില്‍ നിന്നും ലഭ്യമായ അപേക്ഷകളില്‍ കൃത്യമായ അന്വേഷണം നടത്തി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന് നിരവധി പേരാണ് ഇതിനകം സജ്ജരായിരിക്കുന്നത്. വലിയ സാമ്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ സൗജന്യ സമൂഹ വിവാഹ പദ്ധതിക്ക് ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പദ്ധതിയിലേക്കുള്ള പ്രഥമ ധന സമാഹരണത്തിന്‍റെ ഉദ്ഘാടനം മുഹമ്മദ് നവാസില്‍ നിന്ന് ഫണ്ട് ഏറ്റു വാങ്ങി ഏറനാട് എം.ല്‍.എ, പി.കെ ബഷീര്‍ സാഹിബ് നിര്‍വ്വഹിച്ചു. കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ-ഭാഷാ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് ഫണ്ട് കൈമാറ്റം നടന്നത്.

ചടങ്ങില്‍ പ്രസിഡന്‍റ് സലാം മമ്പാട്ടുമൂല അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ഹംസ ദാരിമി കാളികാവ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ ശംസുദ്ധീന്‍ വളാഞ്ചേരി, ഇഖ്ബാല്‍ താനൂര്‍, മുസ്ഥഫ പുറത്തൂര്‍, ശാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശംസുദ്ധീന്‍ വെന്നിയൂര്‍, സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് നിലന്പൂര്‍, റിയാസ് ഒമാനൂര്‍, സുലൈമാന്‍ മംഗലം, ഗഫൂർ കാളികാവ്, ശിഹാബ് പ്ലസ്, വി.പി സലാം പുറത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി സ്വാഗതവും റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.

Sharing is caring!