സ്പീകര്‍ക്കെതിരെ മുസ്ലിം ലീഗ്; വികസനത്തില്‍ പൊന്നാനി പിന്നിലെന്ന്

മലപ്പുറം: പൊന്നാനി മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ സ്പീകര്‍ പി. ശ്രീരാമകൃഷ്ണന് ശ്രദ്ധിക്കുന്നില്ലെന്ന് മുസ്ലിം ലീഗ്. അടിയന്തര പ്രാധാന്യമുള്ള വിഷങ്ങള്‍ പോലും സ്പീകര്‍ അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ സ്പീകര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും അടിസ്ഥാന സൗകര്യവുമില്ല. തീരദേശ മേഖലയില്‍ പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്ന് പിടിക്കുകയാണ്. മഴക്കാലമെത്തിയിട്ടും കുടിവെള്ളം നല്‍കുന്നില്ലെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. കുടിവെള്ള ടാപ്പില്‍ മലിന ജലമാണ് ലഭിക്കുന്നത്. ഇതിനെതിരെ മുസ്ലിം ലീഗ് സമരം നടത്തിയതിനെ തുടര്‍ന്ന് പൊന്നാനി സബ് ഡിവിഷന് എക്സി. എഞ്ചിനിയര്‍ വിളിച്ച യോഗത്തില്‍ ലീഗ് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ സ്പീകര്‍ തയ്യാറായില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെതിരെ തികഞ്ഞ അവഗണനയാണ് സ്പീകര്‍ കാണിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പണിപൂര്‍ത്തീകരിച്ച് നാളുകളേറെ കഴിഞ്ഞിട്ടും എല്ലാ ഭരണ സ്വാധീനങ്ങളും കയ്യിലുണ്ടായിട്ടും സ്റ്റാഫ് പാറ്റേണിന്റെ കാരണം പറഞ്ഞ് മാതൃശിശു ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബോധപൂര്‍വ്വം തുരങ്കം വെക്കുകയാണ്. കടല്‍ക്ഷോഭത്തില്‍പെട്ട് വീടും സ്വത്തും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായ ഫിഷര്‍മെന്‍ കോളനി ഗുണഭോക്താക്കള്‍ക്ക് വിട്ടുകൊടുക്കാതെ വര്‍ഷങ്ങളായി കടലിന്റെ മക്കളെ വഞ്ചനയുടെ കാണാക്കയത്തിലേക്ക് തള്ളിവിടുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ ഒമ്പതിന് പൊന്നാനി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഫൈസല്‍ കടവ്, സെക്രട്ടറി ഷബീര്‍ ബിയ്യം, ട്രഷറര്‍ എം എ നാസര്‍, അഷറഫ് പൊന്നാനി പങ്കെടത്തു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്