പാണക്കാട്ടെ നിലാവ് മാഞ്ഞിട്ട് എട്ട് വര്‍ഷം

മലപ്പുറം: പാണക്കാട്ടെ ആ നിലാവ് മാഞ്ഞിട്ട് നാളേക്ക് എട്ടു വര്‍ഷം തികയും. ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍വിരിച്ചുനിന്ന മഹാനായ നേതാവും പണ്ഡിതനുമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. മതസൌഹാര്‍ദ്ദത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് മാനവിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് ക്ഷമയുടെ പര്യായമായി ജനങ്ങള്‍ക്കുമുന്നില്‍ പ്രശോഭിച്ചുനിന്ന ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത മുറിപ്പാടുകള്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉള്ളകത്തില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം മത,സാമൂഹിക സാംസ്കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. എല്ലാവരേയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്കിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. ആ ഓര്‍മ്മകള്‍ ഇന്നും കേരളത്തിലെ ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്. തങ്ങളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്താന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമതരാഷ്ട്രീയഭേദമില്ലാതെ സര്‍വ സ്വീകാര്യത നേടിയ അപൂര്‍വ സൗഭാഗ്യവും ശിഹാബ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ടുതന്നെയാണ് നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടേക്ക് എത്തിയത്. എത്രവലിയ പ്രശ്നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ സാമീപ്യം മാത്രം മതിയായിരുന്നു. ഇങ്ങനെ തീര്‍പ്പാക്കിയവയുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. രോഗശാന്തിയും മനഃശാന്തിയും തേടിയും നിരവധി പേര് തങ്ങള്‍ക്കരികിലെത്തി. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാലത്തെ പൊതുപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തി.
പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്പിയായ സയ്യിദ് ശിഹാബുദ്ദീന് അലിയ്യുല്‍ ഹള്റമിയുടെ പുത്രന് സയ്യിദ് ഹുസൈന് ശിഹാബുദ്ദീന് മകന് സയ്യിദ് മുഹല്‍ര്‍ തങ്ങള്‍ ശിഹാബുദ്ദീന് മകന് സയ്യിദ് ഹുസൈന് ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്.
പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) പത്നി ആഇശ ചെറുകുഞ്ഞി ബീവിയുടെയും പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.
പാണക്കാട് ഡി.എം.ആര്.ടി സ്കൂള്‍, കോഴിക്കോട് എം.എം ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു.സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത തലക്കടത്തൂര്‍ ദര്സില് പഠിച്ചു. 1958ല്‍ ഈജിപ്തിലെ സുപ്രസിദ്ധ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നു. അല്‍അസ്ഹറിലെ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം 1961 മുതല്‍ 1966 വരെ കൈറോ യൂണിവേഴ്സിറ്റിയിലായിരുന്നു ശിഹാബ് തങ്ങളുടെ പഠനം. കൈറോ യൂണിവേഴ്സിറ്റിയില്‍ നിന്ന് തങ്ങള്‍ ലിസാന്‍സ് അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി. ഡോ ഇസ്സുദ്ധീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ ബഹി, ശൗഖിളൈഫ് എന്നിവരായിരുന്നു കയ്റോ യൂണിവേഴ്സിറ്റിയിലെ ശിഹാബ് തങ്ങളുടെ പ്രധാന ഗുരുനാഥന്മാര്
ഇവിടെ പഠിക്കുന്ന കാലത്ത് യൂണവേഴ്സിറ്റിയിലെ ശൈഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്ന ഒരു പണ്ഡിത കേസരിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ മൂന്ന് വര്‍ഷത്തോളം തസവ്വുഫില്‍ പഠനം നടത്തിയിരുന്നു.
വായനയോടും എഴുത്തിനോടും എന്നും തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.ഉപരി പഠനാനന്തരം ഈജിപ്തില്‍ നിന്നും തിരിച്ചെത്തിയ ശിഹാബ് തങ്ങളുടെ ജീവിതം പഴയ കൊടപ്പനക്കല്‍ തറവാട്ടിലിരുന്ന് വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു. അനേകം അറബ് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും അക്കാലത്ത് വരുത്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പഠനാര്‍ഹവും സാരസമ്പൂര്‍ണ്ണവുമായ അനവധി ലേഖനങ്ങള്‍ എഴുതി. ഇങ്ങനെ അക്ഷരങ്ങളുടെ ആത്മസുഹൃത്തായി കഴുയുന്ന വേളയിലാണ് ഏറനാട് മുസ്ലിംലിഗ് കമ്മിറ്റിയുടെ പ്രസിഡന്റായത്. ഈ സ്ഥാനത്ത് തുടരുമ്പോയാണ് വന്ദ്യ പിതാവ് പൂക്കോയ തങ്ങള്‍ 1975ല്‍ ഇഹലോകവാസം വെടിഞ്ഞത്. മുസ്ലിം ലിഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായി തെരെഞ്ഞെടെക്കപ്പെട്ടു.
ലോകത്തുടനീളം പ്രശസ്ഥനായ ശിഹാബ് തങ്ങള്‍ ഈജിപ്ത്, സഊദി അറേബ്യ,യെമന്‍, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഇറാന്, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്മര്, മാലിദ്വീപ്, ഫലസ്ഥീന്, ആസ്ത്രേലിയ, ബ്രിട്ടന്, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, അമേരിക്കന്‍ ഐക്യ നാടുകള്‍, കാനഡ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരമാധികാരി എന്നതിനപ്പുറം കേരളത്തിന്റെ മനസ്സിനുള്ളിലേക്കാണ് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടക്ക് തങ്ങള്‍ കടന്നുകയറിയത്. മന്ത്രിമാരെ തീരുമാനിക്കുന്പോഴും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോഴും സൂക്ഷ്മതയും നീതിയും പുലര്‍ത്തിയ തങ്ങള്‍ ഒരിക്കലും പദവികള്‍ ഇഷ്ടപ്പെട്ടില്ല, സ്ഥാനമാനങ്ങള്‍ മാഹിച്ചില്ല.ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന ആളാണ് ജനനേതാവ് എന്ന പ്രവാചകന്റെ മൊഴി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൊത്തിവെക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. ചാണക്യ തന്ത്രങ്ങളറിയുന്ന സമര്‍ത്ഥനായൊരു രാഷ്ട്രീയക്കാരനല്ലായിരുന്നിട്ടും കേരളം ശിഹാബ് തങ്ങളെ നെഞ്ചിലേറ്റി.
1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതോടെ കേരളത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തിറങ്ങി പ്രവര്‍ത്തിച്ചത് ശിഹാബ് തങ്ങളായിരുന്നു. അങ്ങാടിപ്പുറം തളിക്ഷേത്രത്തിലെ വാതില്‍ സാമൂഹിക ദ്രോഹികള്‍ തീയിട്ടപ്പോള്‍ ശാന്തിയുടെ ദൂതനായി പാണക്കാട് തങ്ങള്‍ എത്തിയതും മതേതതര സൗഹൃദം കാത്തുസൂക്ഷിക്കുന്ന കേരളജനത ഇന്നുംമറന്നിട്ടില്ല. പേടിപ്പെടുത്തുന്ന ഒരു ദിനം തന്നെയായിരുന്നു അന്ന്്്. തങ്ങളുടെ ഇടപെടല്‍ ഇന്നും മായാതെ അവിടുത്തുകാരുടെ മനസിലുണ്ട്.
മസ്ജിദ് തകര്‍ന്നപ്പോള്‍ മുസ്ലിം സമൂഹത്തിനുണ്ടായിരുന്ന ഹൃദയവേദന നിയന്ത്രണം വിട്ടുപോയിരുന്നെങ്കില്‍ വലിയ പ്രയാസം തന്നെ ഉണ്ടാകുമായിരുന്നു അന്ന് ആളിക്കത്തുമായിരുന്ന രോഷത്തിന്റെ കൊടുങ്കാറ്റുകളെ തടഞ്ഞ് ഒരു മഹാപര്‍വ്വതം പോലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉയര്‍ന്നുനിന്നു. എല്ലാ വേദനകളും നിരാശകളും ഉള്ളില്‍ ഒതുക്കിക്കൊണ്ട്, ഇന്ത്യയുടെ മണ്ണില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇനിയും മനുഷ്യ രക്തം വീഴരുതെന്ന ഉറച്ച തീരുമാനത്തോടെ, സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തെ അന്ന് ആ മഹാമനസ്സ് തടുത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ മൂല്യങ്ങള്‍ അന്ന് അദ്ദേഹം ഭദ്രമായി കാത്തു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]