മോദിയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ കന്നി പ്രസംഗം

മോദിയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ കന്നി പ്രസംഗം

ന്യൂഡല്‍ഹി: കന്നി പ്രസംഗം തന്നെ വൈറലാക്കി മലപ്പുറം എം പി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ലോക്‌സഭ എം പിയായി രണ്ടാഴ്ച മുമ്പ് സത്യപ്രതിജ്ഞ ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി ഇന്നാണ് ആദ്യമായി സഭയെ അഭിസംബോധന ചെയ്തത്. രാജ്യത്ത് ദളിതര്‍ക്കെതിരെയും, ന്യൂനപക്ഷങ്ങള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ സഭ ചര്‍ച്ച ചെയ്തപ്പോഴാണ് മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളേയും, അദ്ദേഹത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രസ്താവനകളേയും സൂചിപ്പിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രസംഗം ആരംഭിച്ചത്. വിദേശ യാത്രകള്‍ക്കിടയില്‍ ആരെങ്കിലും താങ്കളുടെ രാജ്യത്ത് ഇപ്പോഴും ആളുകളെ തല്ലിക്കൊല്ലുന്നുണ്ടല്ലേ എന്ന് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കുമെന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി താന്‍ ഉന്നയിക്കുന്ന വിഷയങ്ങളിലേക്കെത്തിയത്.

സ്വാതന്ത്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും നാമിന്നും ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നുവെന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇന്ന് അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയിലെ ഒരു സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖിനെയാണ് ഒരു സംഘം ആളുകള്‍ പശുവിന്റെ മാംസം ഭക്ഷിച്ചു എന്ന ആരോപിച്ച് തല്ലികൊന്നത്.

ജുനൈദ് ഖാനെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കുത്തികൊന്നുവെന്നാണ് ചിലര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും അറിയാം സത്യമതല്ലെന്ന്. കന്നുകാലി വില്‍പന്നയ്ക്ക് കൊണ്ടൂവരാന്‍ ശ്രമിച്ച നിയന്ത്രണങ്ങളേയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ തുഗ്ലക് പരിഷ്‌കാരമെന്നാണ് കുഞ്ഞാലിക്കുട്ടി ഇതിനെ വിശേഷിപ്പിച്ചത്.

ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം ഇതുവരെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ കണ്ടത്. 7000ത്തിലധികം ലൈക്കും ഇതുവരെ പ്രസംഗത്തിനു ലഭിച്ചു. കൂടാതെ 2000 ഷെയറും അഞ്ചു മണിക്കൂറിനകം ലഭിച്ചു.

Sharing is caring!