ക്ഷമയെ ആരും ദൗര്‍ബല്യമായി കാണേണ്ട: കെ.പി.എ മജീദ്

ക്ഷമയെ ആരും ദൗര്‍ബല്യമായി കാണേണ്ട:  കെ.പി.എ മജീദ്

താനൂര്‍: കൊലപാതക അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ മാര്‍ഗത്തില്‍ എതിര്‍ത്ത് മുന്നോട്ട് പോകാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. അക്രമത്തിനെതിരെ ജനാധിപത്യ, സമാധാന മാര്‍ഗങ്ങളിലൂടെയാണ് ലീഗ് മറുടപി നല്‍കുക. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം തുരുവനന്തുപുരത്തും പയറ്റാനാണ് ബി.ജെ.പിയും, സി.പി.എമ്മും ശ്രമിക്കുന്നത്. തലസ്ഥാന നഗരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ഗതികേടിലായി കേരളം. ജാതീയമായും മതപരമായും ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്.

വിഷലിപ്തമായ പ്രചാരണം നടത്തി നേട്ടം കൊയ്യാനുള്ള നീക്കമാണിത്. കൊടിഞ്ഞി ഫൈസലിന്റെയും കാസര്‍ഗോഡ് റിയാസ് മൊലവിയുടെയും കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ നാം അതിനെ ക്ഷമയോടെ നേരിട്ടു. ക്ഷമയെ ദൗര്‍ബല്യമായി ആരും കാണേണ്ടതില്ല. സംയമനത്തിലൂടെ മുന്നോട്ടുപോകാനാണ് ലീഗ് ആഗ്രഹിക്കുന്നത്. വിദ്യാലയങ്ങളില്‍ നിന്നും അറബി ഭാഷയെ ഇല്ലാതാക്കാനുള്ള ഇടത് സര്‍ക്കാറിന്റെ കിരാദ നിയമത്തിനെതിരെ യൂത്ത്‌ലീഗ് ചോരചിന്തി നടത്തിയ സമരമാണ് എണ്‍പതിലെ ഭാഷാസമരം.

നായനാര്‍ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് പോലും യൂത്ത്‌ലീഗിന്റെ ഈ സമരം ഹേതുവായെന്നും കെ.പി. മജീദ് പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ ജനാധിപത്യപ്രതിരോധം എന്ന മുസ്‌ലിം യൂത്ത്‌ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ കാമ്പയിന്റെ ഭാഗമായി ഉണ്യാല്‍ സിറ്റി പ്ലാസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാസമര സമൃതിയും റാസിഖ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. പി. ഇസ്മായില്‍ പത്തംപാട് റാസിഖ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

 

 

Sharing is caring!