സര്‍ക്കാര്‍ ചെയ്തത് ചരിത്രത്തിലില്ലാത്ത വിഭജനം – കെ.പി.എ മജീദ്

സര്‍ക്കാര്‍ ചെയ്തത് ചരിത്രത്തിലില്ലാത്ത വിഭജനം – കെ.പി.എ മജീദ്

മലപ്പുറം: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കിടയില്‍ ഇല്ലാത്ത ജാതി സൃഷ്ടിച്ച് സീറ്റ് കച്ചവടത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി കെ.ടി ജലീല്‍ ഇക്കാര്യത്തില്‍ മറുപടി പറയണമന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ സാമുദായിക സീറ്റ് പ്രവേശനത്തിന് റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന് പുറമെ മതസംഘടനകളില്‍ നിന്നുള്ള ശുപാര്‍ശ കൂടി വേണമെന്നാണ് GO NO 2133/2017/H&FWD dtd 29.07.2017 ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നത്.

പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുന്ന കുട്ടികളുടെ അവകാശം കവര്‍ന്നെടുക്കുന്ന നടപടിയാണിത്. മുസ് ലിം സമുദായത്തില്‍ ജാതിയോ ഉപജാതിയോ ഇല്ല, എന്നാല്‍ വ്യത്യസ്ത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകളെ ജാതിയാക്കി മാറ്റാനുള്ള ദുഷ്ടലാക്കാണ് ഇിതിന് പിന്നിലുള്ളത്. ഒരു സംഘടനയിലും അംഗങ്ങളല്ലാത്തവരാണ് ഭൂരിപക്ഷവും. നീറ്റ് ലിസ്റ്റില്‍ പേരുള്ള ഇവര്‍ക്ക് ആര് അഡ്മിഷന്‍ നല്‍കും. ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിഭജനമാണ് മുസ്‌ലിം സമുദായത്തോടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും സ്വാശ്രയ കോളേജുകളും തമ്മിലുള്ള ഒത്ത്കളിയുടെ ഭാഗമാണ് ഇത്തരമൊരു ഉത്തരവ്. കാര്യങ്ങള്‍ അറിഞ്ഞാണോ ആരോഗ്യ മന്ത്രി ഉത്തരവ് ന്യായീകരിച്ചിരിക്കുന്നത്. മതേതര സമൂഹത്തില്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

Sharing is caring!