പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന് സുരക്ഷാ സംവിധാനം ഒരുക്കൂ

പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന് സുരക്ഷാ സംവിധാനം ഒരുക്കൂ

 

മലപ്പുറം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയ പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം സംരക്ഷിക്കാന്‍ നടപടിയായില്ല. ചരിത്രത്തില്‍ ഇടമുള്ള ഈ വെള്ളച്ചാട്ടം കാണാണ്‍ ദിനംപ്രതി നിരവധിപേരാണു എത്തുന്നത്. ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല. സന്ദര്‍ശനത്തിനു പ്രത്യേക നിയന്ത്രണവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വെള്ളച്ചാട്ടം സംരക്ഷിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് ഉയര്‍ത്താന്‍ ടൂറിസം വകുപ്പ് നേരത്തെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവിടുത്തെ ടൂറിസം സാധ്യതകളെ കുറിച്ച് പരിശോധിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ടൂറിസം വകുപ്പിനോട് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വത്തോടെ വെള്ളച്ചാട്ടം കാണാനുതകുന്ന രീതിയിലുള്ള പദ്ധതി നടപ്പാക്കാനായിരുന്നു പദ്ധതി. പ്രസ്തുത പദ്ധതിയില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാവഷ്യമായ കാര്യങ്ങളും ചുറ്റും നടന്നുകാണാനുള്ള പാതകള്‍ ഒരുക്കാനും ആലോചന ഉണ്ടായിരുന്നു. കുടംബങ്ങളടക്കം നിരവധി ആളുകളാണ് ഇവിടെ ദിനംപ്രതി സന്ദര്‍ശകരായെത്തുന്നത്. ഒരു സുരക്ഷാ ക്രമീകരണവും ഇപ്പോള്‍ ഇവിടെയില്ല. ആവശ്യമായ സുരക്ഷയൊരുക്കി വെള്ളച്ചാട്ടം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും സന്ദര്‍ശകരുടെയും ആവശ്യം.

കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്ത് മൂന്നു തട്ടുകളിലായി മനോഹരമായിട്ടാണ് വെള്ളച്ചാട്ടം. കുന്നിന് മുകളിലായി പരന്ന ചെറിയ തടാകത്തില്‍ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഇതും മനോഹരമായ കാഴ്ച്ചയാണ്.മുകളില്‍ നിന്ന് വയലുകളും മലകളും നഗരങ്ങളും കാണാന്‍കഴിയും. പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിന് ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ കഥകൂടി പറയാനുണ്ട്. ടിപ്പുവിന്റെ ഇടത്താവളങ്ങളില്‍പ്പെട്ട സ്ഥലമായിരുന്നു ഇവിടം എന്ന് പഴമക്കാര്‍ പറയുന്നു.

 

 

Sharing is caring!