മലപ്പുറത്തെ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മക്കളില്‍ ഒരു കരുതലുണ്ടാകുക
മലപ്പുറം: മലപ്പുറത്തെ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, സ്കൂളുകളില്‍ പോകുന്ന മക്കളില്‍ ഒരു കരുതലുണ്ടാകുക. ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചു കുട്ടികളെ ലഹരിയിലേക്ക് ആവാഹിക്കാന്‍ ഇന്ന് അച്ചാര്‍പൊടി മുതല്‍ എല്‍എസ്ഡി വരെ ലഭ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ എക്സൈസ് വിമുക്തി പദ്ധതി നടപ്പാക്കി വരുമ്പോഴും ജില്ലയില്‍നിന്ന് കണ്ടെത്തുന്ന ലഹരി വസ്തുക്കളുടെ അളവുകള്‍ ക്രമാതീതമായി കൂടി വരുന്നത് ആശങ്കക്കിടയാക്കുന്നതായി എക്സൈസ് അധികൃതര്‍ പറയുന്നു.
സ്കൂള്‍ കുട്ടികളെ ലക്ഷ്യംവച്ചുള്ള വിവിധ ലഹരി ഉല്പന്നങ്ങള് ഇപ്പോള്‍ ലഭ്യമാവുന്നുണ്ട്. അച്ചാര്‍ പൊടി മുതല്‍ മാരക ലഹരി നല്കുന്ന എല്‍എസ്ഡിക്ക് വരെ ആവശ്യക്കാര്‍ ഏറുന്നു.കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ ലഹരിക്ക് അടിമയാക്കലാണ് ഇക്കൂട്ടരുടെ പുതിയ രീതി. ഇതിനായി മിഠായികളിലും അച്ചാര്‍ പൊടികളിലുമാണ് പുതിയ പരീക്ഷണം. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് അച്ചാര്‍ പൊടി ഇറക്കുന്നത്. രണ്ട് രൂപ മുതല്‍ അഞ്ച് രൂപയ്ക്കുവരെ പായ്ക്കറ്റുകളില്‍ ഇവ ലഭിക്കും. ഇതില്‍ എന്തെല്ലാമാണ് ചേര്‍ക്കുന്നതെന്ന് വ്യക്തമാക്കാതെയുള്ള പായ്ക്കറ്റുകളാണ് കടകളില്‍ വില്പനയ്ക്കെത്തിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പ്രിയമുള്ള വിഭവമായിട്ടുണ്ട് അച്ചാര്‍ പൊടി. സ്കൂളുകള്‍ക്ക് മുമ്പിലുള്ള ചെറിയ പെട്ടികടകള്‍ മുതല്‍ സ്റ്റേഷനറി കടകളിലും വില്പനയുണ്ട്. ഒരേ വസ്തുവില്‍തന്നെ ഒന്നിലധികം തവണ രുചിയും താല്പര്യവും ആനന്ദവും കണ്ടെത്തുക വഴി ഒരോ വിദ്യാര്‍ഥിയും ലഹരി ഉപയോഗത്തിലെത്തുമെന്ന് മനശാസ്ത്രവിധഗ്ധര് പറയുന്നു.
സ്കൂള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ അഞ്ച് വയസ്സുകാരന് മുതല്‍ വലിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ വരെ ഇരകളായിട്ടുണ്ടെന്നാണ് പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് എല്‍എസ്ഡി എന്ന സ്റ്റാപ് രൂപത്തിലുള്ള ലഹരി വസ്തു ഇടപാടുകാര്‍ അറസ്റ്റിലായതോടെ ഉള്‍വലിഞ്ഞ സംഘം പേപ്പര്‍ ക്വന്റി എന്ന പേരില്‍ മറ്റൊരു വസ്തു ഇറക്കിയതായാണ് വിവരം. ഇത് ഫിലിം രൂപത്തിലുള്ളതാണ്. നാവിന്റെ അടിയില്വയ്ക്കുന്ന ഇത്തരം ഫിലിം മണിക്കൂറുകള്‍ക്കുശേഷം അലിഞ്ഞ് ഇല്ലാതെയാവും. ഇത്തരം വസ്തു ഉപയോഗിക്കുന്നവരുടെ നാക്കില്‍നിന്ന് രക്തം പൊടിഞ്ഞുകൊണ്ടിരിക്കും. സ്കൂള്‍ പ്രവേശന കവാടങ്ങളില്‍ നടക്കുന്ന എല്ലാ കച്ചവടക്കാരെയും നിരീക്ഷിക്കണമെന്ന് എക്സൈസ് വകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പത്തോളം സ്കുളുകള്‍ ഇത്തരം ലഹരിയുടെ പിടിയിലായതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിമുക്തി ജില്ലാ കോ-ഓഡിനേറ്റര്‍ ബി ഹരികുമാര്‍ പറഞ്ഞു. സ്കൂള്‍ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളെ ഉന്മൂലനം ചെയ്യാന്‍ അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ട്. ഒരു സ്കുളില്‍നിന്ന് രണ്ട് അധ്യാപകര്‍ വീതമാണ് പരിശീലനം നേടുക. അടുത്ത മാസം 10ന് മലപ്പുറത്തുവച്ചാണ് പരിശീലനം.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]