അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍; ആശങ്കയില്‍ മലപ്പുറത്തെ നിക്ഷേപകര്‍
മലപ്പുറം: എടപ്പാളില്‍നിന്നു കോടികളുടെ നിക്ഷേപവുമായി മുങ്ങിയ അവതാര്‍ ജ്വല്ലറി ഉടമയുടെ ഭാര്യ ഫൗസിയ അബ്ദുല്ല അറസ്റ്റില്‍. 12കോടി രൂപയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസിലാണു ഫൗസിയ അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്. എടപ്പാള്‍ തൃശൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അവതാര്‍ ജ്വല്ലറിയുടെ മറവില്‍ സ്വര്‍ണവും പണവും നിക്ഷേപമായി സ്വീകരിച്ച നിരവധി മലപ്പുറം ജില്ലക്കാര്‍ ലക്ഷങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടയിലാണു പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഏറ്റെടുത്തു നടത്താമെന്നു കരാറൊപ്പിട്ട ശേഷം ജ്വല്ലറിയിലുണ്ടായിരുന്ന 12 കോടിയുടെ ആഭരണങ്ങള്‍ കടത്തിക്കൊണ്ടുപോയി തട്ടിപ്പു നടത്തിയെന്ന കേസില്‍ അറസ്റ്റിലാകുന്നത്.
എടപ്പാളില്‍ പണവും സ്വര്‍ണവും നിക്ഷേപമായി നല്കി തട്ടിപ്പിനിരയായാവര്‍ ആരും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഉടമകളുടെ വാക്കാലുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. കോടതി കയറിയാല്‍ നിക്ഷേപം തിരിച്ചു ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാലതാമസമുണ്ടാകുമെന്നും തങ്ങള്‍ ഉടന്‍ പണം തിരിച്ചു തരാമെന്ന് പറഞ്ഞു നിക്ഷേപകരെ വിശ്വസിപ്പിച്ചിരിക്കുകയാണു അവതാര്‍ ജ്വല്ലറി ഉടമകള്‍. മറ്റൊരുകേസില്‍ അവതാര്‍ ഉടമ ഒ. അബ്ദുല്ലയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫൗസിയയും മകന് ഫാരിസും ഗള്‍ഫിലേക്കു മുങ്ങിയതിനാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടാഴ്ച മുന്‍പു മുന്‍കൂര്‍ജാമ്യം തരപ്പെടുത്തിയശേഷം ഇരുവരും കേരളത്തിലേക്കു തിരിച്ചെത്തിയെങ്കിലും എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റു ചെയ്തു.
മുന്‍കൂര്‍ ജാമ്യം ഹാജരാക്കി ഇരുവരും അന്നു രക്ഷപ്പെട്ടെങ്കിലും പരാതിക്കാരനായ പെരുമ്പാവൂര്‍ ഫഫാസ് ഗോള്‍ഡ് ഉടമ സലിം കോടതിയെ സമീപിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. തുടര്‍ന്നാണു ചാവക്കാട് എടക്കഴിയൂരിലെ വീട്ടില്‍നിന്നു പെരുമ്പാവൂര്‍ പൊലീസ് ഫൗസിയയെ അറസ്റ്റു ചെയ്തത്. ഉച്ചയ്ക്കു പെരുമ്പാവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി. മകന് ഫാരിസ് ഒളിവിലാണ്.
സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറി സ്വര്‍ണ്ണ നിക്ഷേപതട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയതു ഏറെ വിവാദമായിരുന്നു. കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും അടച്ചുപൂട്ടുകയായിരുന്നു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]