മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം

മലപ്പുറം: ജില്ലയിലെ ആയിരകണക്കിന് പ്രവാസികള്‍ക്കും, പ്രവാസ പ്രതീക്ഷയില്‍ കഴിയുന്നവര്‍ക്കും ആശ്രയമാകുന്ന പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്തിന് നഷ്ടപ്പെടുമെന്ന ആശങ്ക വീണ്ടും സജീവമാകുന്നു. മലപ്പുറം മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നത്. മോദിക്ക് കീഴിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് നിറുത്തലാക്കാന്‍ പോകുന്നു എന്ന വിധത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

രാജ്യത്ത് ഏറ്റവും തിരക്കുള്ള പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ഒന്നാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്. പാസ്‌പോര്‍ട്ട് സംബന്ധിച്ച് നൂറു കണക്കിന് ജോലികള്‍ ദിവസേന ഇവിടെ നടക്കുന്നു. മലപ്പുറം ജില്ലയിലേയും, വയനാടിന്റെ കുറച്ചു ഭാഗങ്ങളിലേയും ആയിരകണക്കിന് ജനങ്ങള്‍ക്ക് ആശ്രയമാണ് ഈ ഓഫിസ്.

രണ്ടു മാസം കൊണ്ട് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനാണ് നീക്കം നടക്കുന്നത്. ഈ അടുത്ത് മലപ്പുറം അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫിസറെ സ്ഥലം മാറ്റിയിരുന്നു. സെപ്റ്റംബറില്‍ പാസ്‌പോര്‍ട്ട് ഓഫിസറേയും നീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിനു പുറമേ പാസ്‌പോര്‍ട്ട് ഓഫിസിനും പൂട്ടിടാനാണ് ശ്രമം.

നേരത്തെയും പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടാന്‍ ശ്രമങ്ങള്‍ ഉയര്‍ന്നപ്പോള്‍ മലപ്പുറത്ത് ജനകീയ പ്രതിരോധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായി അത്തരം നീക്കങ്ങളില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗതെത്തിയിരുന്നു.

Sharing is caring!