മലപ്പുറത്തിന്റെ അഭിമാനമായ ഈ എഴുത്തുകാരിയെ കുറിച്ചറിയൂ

മലപ്പുറത്തിന്റെ  അഭിമാനമായ  ഈ എഴുത്തുകാരിയെ കുറിച്ചറിയൂ

 

മലപ്പുറം മൂര്‍ക്കനാട് സ്വദേശിനി എന്‍. സെമീരയെ കുറിച്ച് കേട്ടിട്ടുണ്ടോ, കേള്‍ക്കേണ്ട ഒരു കഥാപാത്രം തന്നെയണ് സെമീര.
ഇന്നത്തെ കാലഘട്ടത്തില്‍ നാട്ടില്‍ ഒരു മുട്ടുസൂചി വീണാല്‍പോലും ജനമറിയും, ഏതുനേട്ടം ആര്‍ക്കു ലഭിച്ചാലും അങ്ങാടികളിലും റോഡോരങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരും. പിന്നെ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുക്കുന്ന തിരക്കിലാവും, എന്നാല്‍ ഈ വര്‍ഷത്തെ നവലോകം പൊന്‍കുന്നംവര്‍ക്കി ചെറുകഥാപുരസ്‌കാരം നേടിയ ജേതാവിനെ കണ്ടുപിടിക്കാന്‍ നാട്ടുകാരും, എഴുത്തുകാരും ഒത്തിരി കഷ്ടപ്പെട്ടു.
ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള 131കഥകളില്‍നിന്നും തെരഞ്ഞെടുത്ത ചെറുകഥാപുരസ്‌കാരം മലപ്പുറം മൂര്‍ക്കനാട് സ്വദേശിനി എന്‍. സെമീരക്ക് എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ നാട്ടുകാര്‍ക്കോ, ജില്ലയിലെ പ്രമുഖ എഴുത്തുകാര്‍ക്കോ ആളെ പിടികിട്ടിയില്ല, മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍ മൂര്‍ക്കനാട് എന്ന ഗ്രാമങ്ങള്‍ ഉള്ളതും ആളെ കണ്ടെത്താന്‍ കൂടുതല്‍ പ്രയാസമുണ്ടാക്കി. മൂര്‍ക്കനാട്ടുകാര്‍ക്കു ആര്‍ക്കും ഇങ്ങിനെ ഒരുകുട്ടിയെ അറിയില്ലത്രേ, അവസാനം ആളെ കണ്ടെത്തിയപ്പോള്‍ നാട്ടുകാര്‍ക്കും അത്ഭുതം, അവളിങ്ങനെയൊക്കെ എഴുതുമോ, മലപ്പുറം ജില്ലയിലെ ചാലിയാര്‍ തീരയോരഗ്രാമമായ മൂര്‍ക്കനാട്ടുകാരിയായ എന്‍. സെമീര എന്ന ഈ എഴുത്തുക്കാരി മറ്റുള്ളവര്‍ക്കു കൂടി പ്രചോദമാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം മാത്രമുള്ള കുടുംബിനിയും മൂന്നുമക്കളുടെ മാതാവുമായ സെമീരയുടെ കൈമുതല്‍ വായനമാത്രമാണ്. സെമീരയെ എഴുത്തിലേക്കു അടുപ്പിച്ചതും വായനകള്‍ നേടിക്കൊടുത്ത അറിവുകളാണ്. കഴിഞ്ഞ മാസം സണ്‍ഡേ മംഗളത്തില്‍ സെമീരയെ കുറിച്ചു വന്ന ഫീച്ചര്‍ കണ്ടാണു നാട്ടുകാര്‍പോലും സെമീരയുടെ കഴിവുകളെകുറിച്ചു മനസ്സിലാക്കുന്നത്.

 

അങ്ങനെ വലിയ രീതിയില്‍ എഴുതുന്ന ഒരു എഴുത്തുകാരിയൊന്നുമല്ല താനെന്നു സെമീര പറയുന്നു. എഴുത്ത് പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നല്ല താന്‍ വരുന്നത്. എങ്കിലും ഭര്‍ത്താവ് അബ്ദുല്‍ഹക്കീമും രണ്ടുആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബം വലിയ പിന്തുണയാണ് നല്‍കുന്നത്. യാദൃശ്ചികമായി എഴുത്തിന്റെ ലോകത്ത് വന്നുപ്പെട്ട ഒരാളാണു താന്‍. എങ്കിലും ഏറെ വ്യത്യസ്തതയുള്ള കൃതികള്‍ എഴുതണമെന്നാണ് ആഗ്രഹം. പുതിയ കാലത്ത് സ്ത്രീകള്‍ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവുമായ അടിമത്തെത്തെക്കുറിച്ചൊക്കെ ഇനിയും എഴുതേണ്ടതുണ്ടെന്നു വിചാരിക്കുന്നു. എഴുത്ത് പലപ്പോഴും പുതിയ വഴികള്‍ വെട്ടിത്തുറക്കുകയാണു ചെയ്യുക. അതുകൊണ്ട് ഇനിയുള്ള എഴുത്തിനെക്കുറിച്ച് അങ്ങനെ വ്യകുലപ്പെടേണ്ട കാര്യമില്ലെന്ന് കരുതുന്നു. സ്വാഭാവികമായി അത് എഴുത്തുകാരിയിലേക്ക് എത്തുമെന്നുറപ്പാണ്.
ഉച്ചയാവാന്‍ വീടിന്റെ ഉമ്മറത്ത് ഞാന്‍ എന്നും കാത്തിരിക്കുന്നു. മനസ്സില്‍ കഥയില്ലെങ്കിലും എന്തെങ്കിലും എഴുതണമെന്ന് മനസ്സില്‍ തോന്നാറുണ്ട്. അവയില്‍നിന്നെല്ലാം പില്‍ക്കാലത്ത് ഒരു കഥ രൂപപ്പെടുത്താമെന്നു ഞാന്‍ വിചാരിക്കുന്നു. എങ്കിലും വലിയ ഒരു എഴുത്തുകാരിയായി പേരെടുക്കണമെന്ന മോഹമൊന്നും എനിക്കില്ല. സ്ത്രീകളെക്കുറിച്ച്, അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് കൂടുതല്‍ എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുകയും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ എഴുത്ത് പുതിയ കാലത്ത് വലിയ കുരുക്കിലേക്ക് എഴുത്തുകാരികളെ നയിക്കുമോയെന്ന ആശങ്കയും കൂടെയുണ്ട്.

ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള 131കഥകളില്‍നിന്നാണ് നവലോകം പൊന്‍കുന്നം വര്‍ക്കി ചെറുകഥാപുരസ്‌കാരത്തിന് കഥ തെരഞ്ഞെടുത്തത്. ഒരുപക്ഷേ സാമൂഹികവും സമകാലികവുമായ കഥയുടെ ഇതിവൃത്തമായിരിക്കാം ഇത്രയുംവലിയ ഒരു അംഗീകാരത്തിന് തന്റെ കൃതിയായ പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍ എന്ന കഥയെ പ്രാപ്തമാക്കിയതെന്നും സെമീര വിശ്വസിക്കുന്നു. പുതിയ ഒരു എഴുത്തുകാരിക്ക് കിട്ടാവുന്ന ഒരുവലിയ അംഗീകാരംതന്നെയാണ് ഈ പുരസ്‌കാരത്തിലൂടെ സമീരക്കു ലഭിച്ചത്. പൊന്‍കുന്നം വര്‍ക്കിയെന്ന മഹാസാഹിത്യകാരന്റെ അനുഗ്രഹവും ആശിര്‍വാദവും ഇതിലൂടെ തനിക്കു ലഭിച്ചതായികരുതുന്നുവെന്നു സമീര പറയുന്നു.
സമൃതി മണ്ഡപത്തിനരികില്‍ നില്‍ക്കവെ, ആ നിഷേധിയായ എഴുത്തുകാരന്റെ ധാര്‍ഷ്ട്യവും സത്യസന്ധതയും ആര്‍ജ്ജവവുമെല്ലാം അനുഭവിച്ചറിയാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. പാമ്പാടിയില്‍വെച്ചു ചലച്ചിത്രനടന്‍ മുകേഷ് എം.എല്‍.എയാണു പുരസ്‌കാരം സമര്‍പ്പിച്ചത്. നവലോകം സാസ്‌കാരികവേദി പ്രസിഡന്റ് വാസവനും ഡോ. രാജന്‍ജോര്‍ജ്ജ് പണിക്കരും ഒരുക്കിയ ഊഷ്മളമായ സ്വീകരണമാണത്തിലൂടെയാണ് കേരളീയ സമൂഹം എഴുത്തുകാരെ എത്രമാത്രം ആദരിക്കുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കിയതെന്നും സമീര നിഷ്‌കളങ്കമായി പറയുന്നു. ഒരു ദിവസം വൈകിയാണ് കഥ പുരസ്‌കാരത്തിനായി അയച്ചുകൊടുക്കുന്നത്. സമ്മാനം പോയിട്ട് കഥ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുമോയെന്നു പോലും നിശ്ചയമില്ലായിരുന്നു. ഒരു ദിവസം രാത്രിയാണ് നവലോകം സാംസ്‌കാരിക കേന്ദ്രത്തിന്റെ വര്‍ക്കിംഗ് സെക്രട്ടറി കെ.പി ഗോപാലകൃഷ്ണന്‍നായര്‍ വിളിവന്നത്. നമ്മള്‍ ഏകാന്തതയില്‍ ഇരുന്ന് എഴുതുന്നത് വായിക്കാന്‍ ചിലരെങ്കിലുമുണ്ടെന്ന വലിയ തിരിച്ചറിവാണു സത്യത്തില്‍ അപ്പോള്‍ തന്നെ ആഹ്ലാദിപ്പിച്ചത്. മാത്രമല്ല, എഴുത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പലരും സഹായകമാവുന്നുണ്ട്. വാര്‍ത്ത കണ്ട് ആദ്യമായി വിളിച്ചത് ഡി.സി ബുക്‌സിലെ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറാണെന്നും സമീര ഓര്‍ക്കുന്നു. പിന്നെ എം.കെ സബിത, ഇ.കെ ഷീബ തുടങ്ങിയ എഴുത്തുകാര്‍ ഉള്‍പ്പെടെ പലരും വിളിച്ചു സന്തോഷം അറിയിച്ചു. ഡി.സി ബുക്‌സ് നോവല്‍ പുരസ്‌കാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നോവല്‍ രചയിതാക്കളുടെ അടുത്തുതന്നെ പുറത്തിറക്കുന്ന കഥാസമാഹരത്തിലൂടെ പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍ എന്ന കഥ വായനക്കാരുടെ കൈകളിലെത്തുമെന്ന പ്രതീക്ഷയിലാണു സെമീര.
ഏറ്റവും പുതിയ നോവല്‍ ഡിസംബറിലെ കാക്കകള്‍ താന്‍ ജനിക്കുന്നതിനുമുമ്പേ ജനിച്ച ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഥ പറയുന്ന നോവലാണ്. 1990നു ശേഷം ഇന്ത്യയിലുണ്ടായ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ ഈയാസ്മീന്‍ എന്ന പെണ്‍കുട്ടിയിലും അവളുടെ ദേശമായ ഭൂതാനത്തും ഉളവാക്കുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളാണ് നോവലിന്റെ ഇതിവൃത്തം. നോവല്‍ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലത്ത് ശക്തരായ എഴുത്തുകാരാണ് നമുക്കുള്ളതെന്ന് തോന്നുന്നു. ആധുനികതയുടെ കാലത്തുപോലും ഇത്രമാത്രം ശക്തമായ ഭാഷയില്‍ എഴുതുന്ന എഴുത്തുകാരുണ്ടായിരുന്നില്ല. കെ.ആര്‍ മീരയുടെ രചനകളിലൂടെയൊക്കെ കടന്നുപോകുമ്പോഴാണ് സ്ത്രീ എഴുത്തുകാരികളുടെ ശക്തി നാം മനസ്സിലാക്കുന്നത്. ഇന്ദുമേനോനെയും ഖദീജാമുംതാസിനെയുമൊക്കെ വായിക്കുമ്പോള്‍ ഒരു ഊര്‍ജ്ജം ലഭിക്കുന്നുണ്ട്. പക്ഷേ പഴയ കാലത്തെപ്പോലെ നല്ല നിരൂപകരുടെ അഭാവം ഇന്നു സാഹിത്യത്തില്‍ വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. പല എഴുത്തുകാരെയും സാഹിത്യലോകം കണ്ടില്ലെന്ന് നടിക്കുന്നതുപോലെയും തോന്നാറുണ്ട്. എന്നാല്‍ പുതിയ കൃതികളുടെ വമ്പിച്ച വായനയും പ്രചാരവും അവ വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങിപ്പോകുന്നുവെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.

എഴുത്തിനെ ഒരു തമാശയായി താന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ വ്യക്തമായ തീരുമാനത്തോടെ എഴുത്തിന്റെ വ്യാകരണത്തോടെ ഇരുന്ന് എഴുതുന്ന ഒരാളുമല്ല താന്‍. വായനയിലൂടെയാണ് എഴുത്തിലേക്ക് പ്രവേശിച്ചത്. കുട്ടിക്കാലം തൊട്ടെ കഥകളും നോവലുകളും വായിക്കുമായിരുന്ന താന്‍ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത് വളരെ യാതൃശ്ചികമായിട്ടായിരുന്നു. ആര്‍ത്തിപിടിച്ച വായന എന്റെ ആത്മാവിന് എന്നും ശാന്തി നല്‍കിയിരുന്നു. ഒ.വി വിജയനെയും മുകുന്ദനെയും കാക്കനാടനെയും സി.വി ബാലകൃഷ്ണനെയും സക്കറിയയെയും പി. സുരേന്ദ്രനെയുമെല്ലാം വായിച്ചതിനുശേഷമാണ് ഞാന്‍ ബഷീറിലേക്കും തകഴിയിലേക്കും എംടിയിലേക്കുമെല്ലാം മടങ്ങിപ്പോയത്. ആ വലിയ എഴുത്തുകാരുടെയെല്ലാം സ്വാധീനം എന്റെ എഴുത്തിലുണ്ടെന്നാണ് താന്‍ വിചാരിക്കുന്നത്. ഒരു പത്രത്തില്‍ കണ്ട വാര്‍ത്തയാണ് എന്നെ എഴുത്തുകാരിയാക്കിമാറ്റിയത് എന്ന് പറയാം. മദ്രാസിലെ ഒരു തെരുവ് കത്തുന്ന ദൃശ്യമായിരുന്നു അത്. ഒരു നാലുവയസ്സുകാരന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടുങ്ങിപ്പോകുകയും അഗ്നിക്ക് അതിദാരുണമായി ഇരയാക്കപ്പെടുകയും ചെയ്തു. ഈ ദൃശ്യം കുറേക്കാലം മനസ്സിനെ വേട്ടയാടി. ഉറക്കം നഷ്ടപ്പെട്ടു. വായനപോലും തടസ്സപ്പെട്ടു. അങ്ങനെയാണ് കറുത്ത ലോകത്തെ കുട്ടി എന്ന കഥ പിറക്കുന്നത്. മഹാവികൃതിയായ നാലുവയസ്സുള്ള, മനുവെന്ന കുട്ടിയെ പാര്‍ട്ടികളിലേക്ക് കൊണ്ടുപോകുവാന്‍ വിസമ്മതിച്ച് ഫ്‌ളാറ്റില്‍ പൂട്ടിയിടുകയും മാതാപിതാക്കള്‍ വര്‍ണാഭമായ പാര്‍ട്ടിക്കുപോകുകയും ചെയ്തു. അന്നേരമാണു തെരുവിലേക്ക് തീ ആളിപ്പടരുന്നത്. ജനങ്ങള്‍ ഭ്രാന്തമായി നാലുപാടും ഓടുന്നു. കുട്ടി അലമുറയിട്ടു കരഞ്ഞു. പക്ഷേ ആരും സ്വന്തം ശരീരം അഗ്നിയില്‍നിന്നു സംരക്ഷിക്കുന്ന തിരക്കില്‍ മനുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ജാലകത്തിനരികിലേക്ക് തീ നാക്കുനീട്ടുന്നതും നോക്കി അവന്‍ നിന്നു. അതിനിടയില്‍ അഗ്നിയിലേക്ക് എടുത്തെറിയപ്പെടുന്ന മറ്റൊരു കുട്ടിയ മനു അത്ഭുതകരമാംവിധം രക്ഷപ്പെടുത്തുന്നു. ഒരാളെ രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം, മരണത്തിലേക്ക് ആണ്ടുപോകുമ്പോഴും മനുവിന്റെ മനസ്സില്‍ അനുരണമുണ്ടാക്കുന്നതാണ് ആ കഥ.

പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു കഥ എഴുതിനോക്കുന്നത്. അത് കൂട്ടുകാരി ഒപ്പിച്ച പണിയായിരുന്നു. സ്‌കൂള്‍ യുവജനോത്സവത്തിന് കഥയെഴുത്തിന് ചേര്‍ന്നപ്പോള്‍ കൂട്ടുകാരി എന്റെ പേരുകൂടി കൊടുത്തു. മൈക്കിലൂടെ പേരുവിളിച്ചപ്പോഴാണ് അന്തംവിട്ടുപോയത്. എന്തെഴുതണമെന്ന് അറിയില്ലായിരുന്നു. കഥ എഴുതാന്‍ ആദ്യമായി പേന എടുത്തപ്പോള്‍ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. മാഷ് നല്കിയ മാതൃത്വം എന്ന വിഷയത്തെച്ചൊല്ലി എന്തൊക്കെയോ എഴുതിവെച്ചു. സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ കഥയ്ക്ക് സമ്മാനമില്ലെന്നറിഞ്ഞപ്പോഴും ദുഃഖമൊന്നും തോന്നിയില്ല. പക്ഷേ ഞെട്ടിപ്പോയത്, സമ്മാനം കിട്ടാത്ത കഥ തെരഞ്ഞുപിടിച്ച് മലയാളം അധ്യാപകനായ വിജയന്‍ സാര്‍ കൈനിറയെ പുസ്തകങ്ങളുമായി എഴുത്തുകാരിയെ കാണാനെത്തിയപ്പോഴാണ്. ഒ.വി വിജയന്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസമെല്ലാം അങ്ങനെയാണ് ചെറിയ പ്രായത്തിലെ വായിക്കുന്നത്. നാലു തവണ വായിച്ചിട്ടും ആ പുസ്തകം സത്യത്തില്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ നിറഞ്ഞ അസാധാരണമായ ഒരു ആഖ്യാനമായിട്ടാണ് ആ പുസ്തകം അനുഭവപ്പെട്ടത്. രവി സത്യത്തില്‍ ആ പുസ്തകത്തില്‍ മരിക്കുന്നുണ്ടോയെന്ന ചോദ്യം പലതവണ മനസ്സിനെ കുഴക്കിയിട്ടുണ്ട്. ഓരോ തവണ വായിക്കുമ്പോഴും വല്ലാത്തൊരു ആത്മബന്ധമാണ് ഇതിഹാസ കൃതി മനസ്സിലുണ്ടാക്കിയിരുന്നത്. മാത്രമല്ല, വല്ലാതെ ആത്മാവിനെ സ്പര്‍ശിക്കുന്ന ഒരു രചനകൂടിയാണ് അത്. അള്ളാപ്പിച്ചാ മൊല്ലാക്കയും കൂപ്പുവച്ചനും മൈമൂനയും ചാന്തുവമ്മയും മുങ്ങാങ്കുഴിയുമെല്ലാം സ്വന്തം ദേശത്ത് തന്നെയുള്ള മനുഷ്യരല്ലേയെന്ന തോന്നലുളവാക്കിയിരുന്നു. കുട്ടിക്കാലത്ത് കുറേക്കാലം ഒ.വി വിജയന്‍ ഞങ്ങളുടെ ദേശത്തായിരുന്നു താമസിച്ചിരുന്നത്. എല്ലാവര്‍ഷവും ഒ.വി. വിജയന്‍ അനുസ്മരണ പരിപാടികള്‍ അവിടെ നടക്കാറുണ്ട്. ഒരുപക്ഷേ ഖസാക്കിലെ ചില കഥാപാത്രങ്ങളെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തത് ഞങ്ങളുടെ ദേശത്തുനിന്നാവണം. ഖസാക്ക് മരിച്ചവരുടെ ഒരു ദേശംപോലെയാണ് അനുഭവപ്പെട്ടത്. അതില്‍ ഏറ്റവും ആകര്‍ഷിച്ച കഥാപാത്രം സയ്യിദ് മിയാന്‍ ഷൈഖ് തങ്ങളും അദ്ദേഹത്തിന്റെ നടക്കാന്‍ വയ്യാത്ത പാണ്ടന്‍ കുതിരയുമായിരുന്നു.

ഖസാക്കിന്റെ ഇതിഹാസം ഒരിക്കല്‍ക്കൂടി എടുത്ത് വായിക്കാന്‍ തുടങ്ങിയ ദിവസങ്ങില്‍ ഒന്നാണ് ഒരു ആഴ്ചപ്പതിപ്പില്‍ നിന്ന് ഡി.സി ബുക്‌സ് നോവല്‍ മത്സരത്തിനെക്കുറിച്ചുള്ള പരസ്യം കാണുന്നത്. അതിലെ ഒരു വാചകം വല്ലാതെ ആകര്‍ഷകമായി തോന്നി. ഈ അവാര്‍ഡ് ഇനി നിങ്ങള്‍ക്കാവട്ടെ എന്നായിരുന്നു അത്. അങ്ങനെയാണ് ആദ്യമായി ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയത്. അപ്പോഴും മനസ്സില്‍ രവിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതയായിരുന്നു. എന്തുകൊണ്ട് അത് അന്വേഷിക്കുന്ന ഒരു നോവലായിക്കൂടാ എഴുതുന്ന കഥയുടെ ഇതിവൃത്തമെന്ന ചിന്തയുണ്ടായി. രവിയുടെ മരണം അന്വേഷിച്ച് ടൊറൊണ്ടോയെന്ന ഒരു രാജ്യത്ത് നിന്ന് വരുന്ന ശിവനും ശീതളും പതുക്കെ മനസ്സില്‍ രൂപപ്പെട്ടുതുടങ്ങുകയായിരുന്നു. അങ്ങനെ തസ്രാക്ക് എന്ന ഇരുണ്ട ഒരു ഭൂപടം മനസ്സില്‍ പുന:സൃഷ്ടിക്കപ്പെട്ടു. എഴുത്ത് അത്രവലിയ സന്തോഷം തരുന്ന പ്രക്രിയയായിരുന്നില്ല, തുടക്കത്തില്‍. പലയിടത്തും വലിയ കടലിടുക്കുകളായിരുന്നു. ഊണും ഉറക്കവുമില്ലാതെയായിരുന്നു ദുര്‍ഘടംപിടിച്ച ആ എഴുത്ത്. രാത്രിയില്‍, ഇരുട്ടുവീണ സെമിത്തേരിയില്‍ അന്തിയുറങ്ങേണ്ടിവന്ന ഒരു പേടിത്തൊണ്ടിയായ സ്ത്രീയെപ്പോലെ ദു:സ്വപ്നങ്ങള്‍ എന്നെ വേട്ടയാടിത്തുടങ്ങി. ഉണര്‍ന്നിട്ടും മുറിക്കു ചുറ്റും പ്രേതങ്ങള്‍ ആക്രമിക്കുവാന്‍ തക്കംപാര്‍ത്ത് നടക്കുകയാണെന്നുതോന്നി. പക്ഷേ എഴുത്ത് ഉപേക്ഷിക്കാന്‍ എനിക്കായില്ല. അതെന്റെ ആത്മാവില്‍ അള്ളിപ്പിടിച്ചിരുന്നു. രണ്ടാമത്തെ ദിവസം എഴുത്ത് എന്നെ വിഷപ്പല്ലുമായി പകയോടെ മേയുന്ന പാമ്പുകളുടെ ആ പള്ളിക്കാട്ടിലേക്ക് ആനയിച്ചു. അവിടെ തസ്രാക്കിലെ ആദിമചരിത്രമെഴുതാന്‍ കെല്‍പ്പുള്ള അഴുകിനാറിയ ശവങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. വാവരുമൊല്ലാക്കയുടെയും അള്ളാപ്പിച്ച മൊല്ലാക്കയുടെയും നൈസാമലിയുടെയും ചക്രുരാവുത്തന്റെയും പ്രേതങ്ങള്‍. പേടിച്ചിട്ട് പലപ്പോഴും ഉച്ചസമയത്തായിരുന്നു എഴുത്ത്. ദിശയറിയാതെ കൂറ്റനൊരു കപ്പലുമായി, ഭ്രാന്തമായി അലറുന്ന വലിയൊരു സമുദ്രത്തിലേക്ക് ഇറങ്ങിയതുപോലെയായിരുന്നു ആ എഴുത്തനുഭവം. ആ കപ്പലിനെ എഴുത്തുകാരിതന്നെ നയിക്കേണ്ടതുണ്ടായിരുന്നു, എന്തെന്നാല്‍ അതില്‍ ജീവിച്ചിരുന്ന ഏക യാത്രക്കാരി ഞാനല്ലാതെ മറ്റാരുമായിരുന്നില്ല. ചിലനിമിഷങ്ങളില്‍ മുങ്ങുന്ന കപ്പലിനെ നോക്കി നെടുവീര്‍പ്പിടുന്ന വെറുമൊരു കപ്പിത്താനായി പേന ചുണ്ടോടമര്‍ത്തി മണിക്കൂറുകളോളം ഞാന്‍ നിശ്ചലം ഇരുന്നിട്ടുണ്ട്. കപ്പല്‍പ്പായകളില്‍ ഭ്രാന്തന്‍കാറ്റ് നിറഞ്ഞപ്പോള്‍ കൈകള്‍ വിറച്ചു. തൊണ്ട ദാഹിച്ചുവലഞ്ഞു. ശ്വാസകോശങ്ങളിലും ആന്തരാവയവങ്ങളിലും വിഷം തിങ്ങിനിറഞ്ഞ അവസ്ഥ. കപ്പല്‍പ്പായകളെ ഏതു ദിശയിലേക്കു തിരിക്കണമെന്നറിയാതെ മനസ്സ് ഉഴറി. ചൂണ്ടുവിരലിനും നടുവിരലിനുമിടയിലെ പേന പതുക്കെ നിശ്ചലമായിത്തുടങ്ങി. അപ്പോള്‍ നോവലിന്റെ എട്ട് അധ്യായം പോലും പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ആ പായ്ക്കപ്പലിനെ അത്ഭുതകരമാംവിധം ആരോ മുന്നോട്ടുതന്നെ തെളിച്ചു. അതിശയകരമായ വിധത്തില്‍. മുന്നിലെ കടല്‍ച്ചുഴികളെ ആരോ ബോധ്യപ്പെടുത്തി കപ്പലിനെ തിരിച്ചു. മഞ്ഞുമലകളില്‍നിന്നും കൊടുങ്കാറ്റുകളില്‍നിന്നും ഘോരമായ മഴയില്‍നിന്നും തിരമാലകളുടെ രാക്ഷസഭാവങ്ങളില്‍നിന്നും അതിന്റെ ക്രൂരതകളില്‍നിന്നും കപ്പലിനെ ആ അദൃശ്യശക്തി കാത്തുരക്ഷിക്കുകയായിരുന്നു. എഴുത്തില്‍ ദൈവം ഇടപെടുമ്പോഴാണ് അത് ഉദാത്തമായിത്തീരുന്നതെന്നു തോന്നുന്നു. എട്ടുമുതല്‍ 26അധ്യായങ്ങള്‍ പെട്ടെന്നാണ് എഴുതിത്തീര്‍ത്തത്. അങ്ങനെ നാലഞ്ചുമാസം കഴിഞ്ഞപ്പോള്‍ നോവല്‍ പിറന്നു. എന്നിട്ടും എഴുതിക്കഴിഞ്ഞ് ഒരിക്കല്‍ക്കൂടി വായിച്ചുനോക്കിയപ്പോള്‍ എഴുത്തുകാരിയെന്ന നിലയില്‍ വലിയ സംതൃപ്തി തോന്നിയില്ല. മത്സരത്തിന് അയക്കുമ്പോള്‍ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ജൂറിയിലെ വലിയ എഴുത്തുകാര്‍ വായിച്ചുനോക്കുമല്ലോയെന്ന ചിന്തയാണു നോവലിന്റെ ഡി.ടി.പി എടുപ്പിക്കുവാനും അയക്കാനുമെല്ലാം പ്രേരിപ്പിച്ചത്. പിന്നെ പത്രങ്ങളില്‍ റിസള്‍ട്ട് വന്നിട്ടുണ്ടോയെന്ന് ആരും അറിയാതെ അന്വേഷിക്കും. കുറേക്കഴിഞ്ഞപ്പോള്‍ പ്രഖ്യാപിക്കേണ്ട ദിവസമെല്ലാം കഴിഞ്ഞുപോയെന്ന് പതിയെ ബോധ്യമായിത്തുടങ്ങി. എഴുത്തിക്കഴിഞ്ഞ കഥയും നോവലുമെല്ലാം എഴുത്തുകാര്‍ക്ക് വലിയ ഭാരമാണെന്നു പതിയെ മനസ്സിലായിത്തുടങ്ങുകയായിരുന്നു. പ്രഖ്യാപനത്തിന്റെ നാലുദിവസം മുമ്പാണ് അഞ്ചുനോവലുകളില്‍ ഒന്ന് തസ്രാക്കിന്റെ പുസ്തകമാണെന്ന് അറിഞ്ഞത്. ടി.കെ രാമകൃഷ്ണന്‍, പി.കെ രാജശേഖരന്‍, വി.ജെ ജെയിംസ് എന്നിവരടങ്ങുന്ന ജൂറിയാണ് നോവല്‍ പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തത്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഭാവസാന്ദ്രമായ ഭാഷയെ അനുസ്മരിക്കുന്ന, എന്നാല്‍ അനുകരണമല്ലാത്ത ഭാഷയും ജന്മ, ജന്മാന്തരങ്ങളുടെയും മരണത്തിന്റെയും ദാര്‍ശനികലോകം തുറന്നിടുന്ന കൃതിയെന്നുമെല്ലാം ജുറിയംഗങ്ങള്‍ നോവലിനെ വിശേഷിപ്പിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. നോവല്‍ അടുത്തുതന്നെ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കും.

പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍ ഇതുപോലെ യാദൃശ്ചികമായി പിറന്ന കഥയല്ല. ഒരു ദിവസം രാത്രി ഭീകരമായ ഒരു സ്വപ്നം കണ്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. എനിക്ക് ചുറ്റും അപ്പോള്‍ തീത്തുപ്പുന്ന കരിവണ്ടികള്‍ അലറിപ്പാഞ്ഞുകൊണ്ടിരിക്കയാണെന്ന് തോന്നി. പേടിച്ചിട്ട് അന്നുരാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതിരുന്നു. പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ് കഥ മനസ്സില്‍ രൂപപ്പെട്ടത്. പുതിയ കാലത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ആകുലതകളും ഉത്കണ്ഠകളുമാണു യഥാര്‍ത്ഥത്തില്‍ കഥ പങ്കുവയ്ക്കുന്നത്. കറുപ്പിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞ ഖനിത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന, വൃത്തിഹീനമായ നവഖാലിയിലെ തെരുവാണ് കഥയെഴുതുമ്പോള്‍ ആദ്യം മനസ്സിലുണ്ടായിരുന്നത്. അതിലേക്ക് റിയാബാന്‍ എന്ന പെണ്‍കുട്ടിയും അവളുടെ സഹോദരന്‍ അമീനും കടന്നുവന്നു. ഇരുണ്ട വര്‍ണങ്ങളിലാണ് നവഖാലിയെ ചിത്രികരിക്കേണ്ടതെന്ന് തുടക്കംതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കഥയിലേക്ക് ആലംഖാനും മഹാത്മജിയുമെല്ലാം കടന്നുവന്നത് യാതൃശ്ചികമായിട്ടാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യകാലത്ത് നവഖാലിയിലെ വര്‍ഗീയകലാപം കേന്ദ്രബിന്ദുവാക്കി രചിച്ച കഥയാണു പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍. നവഖാലിയിലെ തെരുവിലൂടെ വര്‍ഗീയത വിശപ്പുമാറാത്ത ഒരു ക്രൂരമൃഗംപോലെ മേഞ്ഞുനടക്കുമ്പോള്‍ മഹാത്മജിയും പരിവാരങ്ങളും നവഖാലിയില്‍ വന്നിറങ്ങുന്നതും സാധാരണക്കാരായ നവഖാലിയിലെ ഖനിത്തൊഴിലാളികളുടെ കൂടെ സ്വാതന്ത്ര്യത്തിന്റെ പാട്ടുകള്‍ പാടുന്നതും നവഖാലിയില്‍നിന്ന് വര്‍ഗീയത ആട്ടിയോടിക്കപ്പെടുന്നതുമെല്ലാമാണു കഥയുടെ ഇതിവൃത്തം. പുതിയ കാലത്തിരുന്ന് എട്ടുവയസ്സുള്ള ഒരു ബാലികയുടെ കാഴ്ചപ്പാടിലൂടെ പാക്കിസ്ഥാനിലേക്ക് കരിവണ്ടികള്‍ കാതടക്കിപ്പിടിച്ച ശബ്ദത്തോടെ പാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ പെണ്‍കുട്ടിക്കുണ്ടാകുന്ന ഭീതയും ആകുലതകളുമെല്ലാം ആ കഥ വികാരതീവ്രതയോടെ അനുവാചകരോട് പങ്കുവയ്ക്കുന്നുവെന്നു ജൂറിയംഗങ്ങളായ ഡോ. ബാബു ചെറിയാന്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, ഡോ. എം.ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ജൂറി വിലയിരുത്തുന്നു.

സമീര. എന്‍

1982 മാര്‍ച്ച് ഒമ്പതിനു മലപ്പുറം ജില്ലയിലെ ചാലിയാര്‍ തീരയോരഗ്രാമമായ മൂര്‍ക്കനാടില്‍ ജനിച്ചു. നൊട്ടന്‍വീടന്‍ അബ്ദുള്ളയുടെയും മന്നയില്‍ നഫീസയുടെയും മകള്‍. മൂര്‍ക്കനാട് സുബുല്‍സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. 2008മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു. കറുത്ത ലോകത്തെ കുട്ടി ആണ്് ആദ്യത്തെ കഥ. പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍ എന്ന കഥ നവലോകം പൊന്‍കുന്നംവര്‍ക്കി ചെറുകഥാപുരസ്‌കാരം നേടി.

കഥകള്‍:

1 കറുത്ത ലോകത്തെ കുട്ടി
2. ഉടല്‍മരീചിക
3. മൃതിമരത്തിലെ പൂക്കള്‍
4. ഇരുട്ടുറങ്ങാത്ത വീടുകള്‍
5. ഒറ്റമുലയക്ഷി
6. മംഗലാപുരം എക്‌സ്പ്രസ്
7. പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍

നോവല്‍:

1. തസ്രാക്കിന്റെ പുസ്തകം
2. ഡിസംബറിലെ കാക്കകള്‍

————-

 

ഈവര്‍ഷത്തെ നവലോകം പൊന്‍കുന്നംവര്‍ക്കി ചെറുകഥാപുരസ്‌കാരത്തിന്
അര്‍ഹമായ പാക്കിസ്ഥാനിലേക്കുള്ള കരിവണ്ടികള്‍ എന്ന കഥയില്‍നിന്ന്

അന്ന് അരനൂറ്റാണ്ടു മുമ്പ്, ഖാന്‍ ബഹാദൂര്‍ ആലംഖാന്‍ ചാളയില്‍നിന്നിറങ്ങുമ്പോള്‍ ഉന്മേഷവാനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് അപ്പോള്‍ അധികം ദൂരമുണ്ടായിരുന്നില്ല. തനിക്കേറെ പ്രിയപ്പെട്ട കൂര്‍ത്തയും കമ്മീസും തലയില്‍ ചെരിച്ചുവെച്ച ഒരു തൊപ്പിയുമായിരുന്നു അയാള്‍ ധരിച്ചിരുന്നത്. അതാവട്ടെ, വിശേഷപ്പെട്ട ദിവസങ്ങളില്‍മാത്രം അയാള്‍ ധരിക്കുന്ന വേഷമായിരുന്നു. അല്ലാത്തപ്പോഴെല്ലാം നവഖാലിയിലെ സാധാരണക്കാരുടെ, ഖനിത്തൊഴിലാളിയുടെ മുഷിഞ്ഞ വേഷം അയാള്‍ ധരിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ആ പുലരിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ലെങ്കിലും പ്രക്ഷുബ്ധമായ ഒരു കടല്‍ നീന്തിക്കടക്കുന്നതിലേറെ പ്രയാസമേറിയതായിരുന്നു ആ നിമിഷങ്ങള്‍. നവഖാലി എന്നത്തെയുംപോലെ ഒരു കടലിനേക്കാള്‍ പ്രക്ഷുബ്ധമാണ്. അതിന്റെ തെരുവുകളെ തീ ഉപേക്ഷിച്ചിരുന്നില്ല. വീടുകളില്‍നിന്ന് നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികള്‍. മനുഷ്യര്‍ അതിന്റെ തെരുവില്‍ പതിവുപോലെ പിടഞ്ഞു മരിക്കുന്നു. ജനങ്ങള്‍ പരസ്പരം കൊല്ലാനും കടിച്ചുകീറാനും കാത്തിരിക്കുന്ന പുലികളെപ്പോലെ ഇരുട്ടില്‍ മുരണ്ടുകൊണ്ടിരുന്നു.
ആലംഖാന്‍ കൈകള്‍ ആഞ്ഞുവീശി സ്വാതന്ത്ര്യത്തോടെ നടന്നു. അടുത്ത പുലരി എത്തരത്തിലുള്ളതാവുമെന്ന് അയാള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ആ മധുരപുഷ്പം നുണയാന്‍ പോകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മോഹിപ്പിക്കുന്ന പുഷ്പം. അത് മനുഷ്യനെ വശീകരിക്കുന്നതുപോലെത്തന്നെ ചതിക്കുകയും ചെയ്യുന്നു. ചിലര്‍ ഇപ്പോള്‍ത്തന്നെ മുറവിളിക്കൂട്ടുന്നു. വരാനിരിക്കുന്ന സ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന്. മറ്റുള്ളവരെല്ലാം പാകിസ്താനിലേക്ക് പോകട്ടെയെന്ന്.
ഒരു രാജ്യം രണ്ടുതരം മനുഷ്യര്‍ക്കായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇരുട്ടിന്റെ മാളങ്ങളില്‍ ശത്രുക്കള്‍ കാത്തിരിക്കുന്നു. തെരുവു മുറിച്ചുകടക്കുന്നവനെ അരിഞ്ഞുവീഴ്ത്തുവാന്‍. കുടിലുകളില്‍ കയറി കുട്ടികളുടെയും സ്ത്രീകളുടെയും തലയറുക്കുന്നു. ഇളംപ്രായമുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നു. ആലംഖാനും കുറച്ചാളുകളും ചേര്‍ന്ന് അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് കലാപത്തിന്റെ ആക്കം കൂട്ടിയതേയുള്ളൂ. തീ നവഖാലി വിട്ടുപോകാന്‍ തയ്യാറായില്ല. അതുകൊണ്ട് നവഖാലിയുടെ കറുത്തചിത്രം വരച്ച് ആലംഖാന്‍ മഹാത്മജിക്ക് ഒരു കത്തയക്കുകയുണ്ടായി. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍, ഇവിടെ നവഖാലി, ഒരു ശ്മശാനസ്ഥലിയായിത്തീരും. എന്തെങ്കിലും പ്രതിവിധി കാണുവാന്‍ അങ്ങയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

********
തീവണ്ടി ഭാരമേറിയ ഒരു ഭൂഖണ്ഢത്തെയും വഹിച്ചെന്നപോലെ അലറിക്കുതിച്ചാണ് എത്തിയത്. അതിന്റെ തുറന്നവായില്‍നിന്ന് തീനാളങ്ങള്‍ പുറത്തേക്ക് ജ്വലിച്ചു. പാഠപുസ്തകങ്ങളില്‍മാത്രം കണ്ടുപരിചയിച്ച പാവനാഗങ്ങളെപ്പോലെ. തീവണ്ടിയിലേക്ക് കയറാന്‍ ആളുകള്‍ വീണ്ടും മത്സരം തുടങ്ങി. പലരും പലരെയും ഉന്തിത്തള്ളിപുറത്തേക്ക് വലിച്ചെറിയുന്നു. ഉമ്മിജാന്റെ കൈവിട്ട് അമീന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ബാബ ആളുകള്‍ക്കിടയില്‍നിന്ന് ഉമ്മിജാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ചുമലിലെ ഭാണ്ഢക്കെട്ട് പലരും ഉന്തിമറിച്ചിടാന്‍ നോക്കുമ്പോള്‍ ഉമ്മിജാന്‍ പിറകിലേക്ക്, വീണ്ടും പിറകിലേക്ക് തള്ളപ്പെടുന്നു. ഒടുവില്‍ ബാബ ഭാണ്ഢക്കെട്ട് നിലത്തേക്ക് എടുത്തുവെച്ച് ഉമ്മിജാനെയും അമീനെയും പിടിച്ച് വാതിലിനടുത്തേക്ക് നീങ്ങുന്നത് ഒട്ടൊരു സംഭ്രമത്തോടെ ഞാന്‍ കണ്ടു. ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയില്ല. ഉമ്മിജാന്‍പോലും. തീവണ്ടിയിലേക്ക് എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്നതിന്റെ തിരക്കിലാണ് എല്ലാവരും.
തിരക്ക് വര്‍ധിക്കുന്തോറും ബഹളങ്ങളും വര്‍ധിച്ചു. മറ്റുമനുഷ്യരുടെ പരുപതുത്ത കാലുകള്‍ക്കിടയില്‍ പ്രാണന്‍വടിയുന്ന വേദനയോടെ ചില സ്ത്രീകള്‍ ദയനീയമായി നിലവിളിക്കുന്നു. തീവണ്ടിയിലേക്ക് കയറാനുള്ള വെമ്പലില്‍ ചിലര്‍ താഴേക്ക് വീഴുന്നുണ്ടായിരുന്നു. സ്‌റ്റേഷന്‍ അതിന്റെ തിരക്കുള്ള ദിവസങ്ങളിലെന്നപോലെ ശബ്ദമുഖരിതമായി.
എനിക്കൊപ്പമുണ്ടായിരന്ന അമീനെവിടെ? ഉമ്മിജാനെയും ബാബയെയും കാണാനില്ലായിരുന്നു. അവരെല്ലാം തീവണ്ടിയില്‍ കയറിക്കഴിഞ്ഞോ?
അതാ, അവിടെ ഒരു വൃദ്ധന്‍ വീണുകിടക്കുന്നു. ഞരങ്ങാന്‍പോലുമാകാതെ അയാള്‍ മരണത്തിലേക്ക് അവസാനത്തെ തിരിനാളവുമായി പിടയുകയാണ്. ആരാണ് ഉച്ചത്തില്‍ നിലവിളിക്കുന്നത്? ആരുടെ അടക്കിപ്പിടിച്ച തേങ്ങലാണ് എന്റെ നെഞ്ചില്‍നിന്നുയരുന്നത്?

**** **
നവഖാലിയിലെ കറുത്ത് മാംസളമായ, പശിമയുള്ള മണ്ണ് ഒരിക്കല്‍ക്കൂടി മഹാത്മാവിന്റെ പാദസ്പര്‍ശത്താല്‍ പുളകം അനുഭവിച്ചു. കുറേ ഉശിരുള്ള ചെറുപ്പക്കാരെ മഹാത്മാവിന് ചുറ്റും നിരത്തിയിരുന്നു ആലംഖാന്‍. ശത്രുക്കള്‍ ഏതു മാളത്തിലാണ് ഊഴവും കാത്തിരിക്കുന്നതെന്ന് അറിഞ്ഞുകൂടാ. നവഖാലിയിലെ മണ്ണില്‍വച്ച് മഹാത്മാവിനെ അപായപ്പെടുത്താനുള്ള നീക്കം അയാള്‍ മണത്തറിഞ്ഞിരുന്നു. അങ്ങനെ ഇന്ത്യയുടെ ഹൃദയത്തിന് തീകൊളുത്തുവാന്‍ ശത്രുക്കള്‍ കാത്തിരിക്കുന്നു.
ഒരു ചെറിയ ഘോഷയാത്രയായാണ് മഹാത്മാവടങ്ങുന്ന സംഘം നവഖാലിയിലെ ഖനിയിടമായ നസ്‌കയിലെത്തിയത്. സത്യത്തില്‍ മഹാത്മാവിനായി താമസമൊരുക്കിയിരുന്നത് അവിടെയായിരുന്നില്ല. അഭയാര്‍ത്ഥികളൊടൊപ്പം ചോളപ്പാടങ്ങളില്‍ രാവത്രയും ഭജനപാടിയിരിക്കാനാണ് മഹാത്മാവ് ആ രാത്രി കൊതിച്ചത്. അങ്ങനെ വൈക്കോല്‍ കൂനകള്‍ ഒന്നൊന്നായി നിരന്നുകിടക്കുന്ന നസ്‌കയില്‍ രാത്രി രാപ്പാര്‍ക്കാന്‍ തീരുമാനമായി.
മാനം അല്പം തെളിഞ്ഞ ദിവസങ്ങളിലൊന്നായിരുന്നു അത്. സൂര്യന്റെ കാല്പാടുകള്‍ അപ്പോഴും മാനത്ത് പതിഞ്ഞ് കിടപ്പുണ്ടായിരുന്നു. നിലാവിന്റെ ഓളങ്ങളില്‍ നേര്‍ത്ത മേഘത്തുണ്ടങ്ങള്‍ പഞ്ഞിക്കെട്ടുകളെന്നപോലെ നീങ്ങിക്കൊണ്ടിരുന്നു. ആകാശത്തിന്റെ ദിക്കുകളില്‍ അപരിചിതമായ വെളിച്ചം പരന്നുകിടന്നിരുന്നു.
ഖനിത്തൊഴിലാളികള്‍ ഉണ്ടാക്കിയ റാകി, മഹാത്മാവ് രുചിയോടെ കഴിച്ചു. മധുരത്തേക്കാള്‍ അതിന് മത്തുപിടിപ്പിക്കുന്ന ചവര്‍പ്പു രുചിയായിരുന്നു. തന്റെ വാര്‍ന്ന ശരീരം മടക്കി മഹാത്മാവ് മനുവിന് സമീപം ഇരുന്നു. ഗ്രാമീണരായ സ്ത്രീകളായിരുന്നു ചുറ്റും. മഹാത്മാവ് അവരോട് സൗമ്യമായ സ്വരത്തില്‍ സംസാരിച്ചു. അവരുടെ ഭയപ്പാടുകളിലേക്ക് ആശ്വാസത്തിന്റെ കിരണങ്ങള്‍, ആത്മാവില്‍നിന്നെന്നപോലെ അദ്ദേഹം പുറത്തെടുത്തു. അപ്പോഴെല്ലാം അദ്ദേഹത്തിന് ഒരു പ്രവാചകന്റെ മുഖമായിരുന്നുവെന്ന് ആലംഖാന്‍ ചിന്തിച്ചു. അവര്‍ക്കൊന്നും അത് അപ്പോഴും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും തങ്ങളെല്ലാം ഏതോ ചൂടുപടര്‍ന്ന ഖനിയില്‍ ഉറങ്ങിക്കൊണ്ടിരിക്കയാണെന്നും എന്നാല്‍ മധുരോദാനമായ ഒരു സ്വപ്നത്തിലേക്ക് ഇത്തിരിനേരം വീണിരിക്കയാണെന്നും അവര്‍ കരുതി.
അതിനാല്‍ മഹാത്മാവിന്റെ സാമീപ്യത്തിനായി എല്ലാവരും ഒരുപോലെ ആഗ്രഹിച്ചു.
രാത്രി വളരുകയായിരുന്നു. നക്ഷത്രങ്ങളെയും ചന്ദ്രനെയും അത് അല്പനേരം ഇരുട്ടിലേക്കാഴ്ത്തി. ഭൂതകാലത്തിന്റെ, കൊടും ഇരുളിന്റെ ഭീകരതയില്‍ അല്പനേരം നവഖാലി അമര്‍ന്നുപോയി. മുപ്പതുകോടി ജനങ്ങള്‍ ഉറങ്ങാതെ, ശ്വാസം വിടാനാകാതെ, സ്വാതന്ത്ര്യത്തിന്റെ ആദ്യനിമിഷങ്ങള്‍ക്കായി പിടയുന്ന ഹൃദയത്തോടെ കാത്തിരിക്കുകയായിരുന്നു അന്നേരം.
ആകാശത്തേക്ക് വെളിച്ചത്തിന്റെ ധാരകള്‍ പതുക്കെ പതുക്കെ കടന്നുവരികയായിരുന്നു. നവഖാലിയിലെ മരവിച്ച ആ രാത്രിയില്‍ മനുഷ്യര്‍ ഉറക്കംവിട്ട കണ്ണുകളോടെ ഉറ്റുനോക്കി. കിഴക്കെ ദിക്കില്‍നിന്ന് വെള്ളക്കീറ് പതുക്കെ ആകാശത്തിന്റെ നേര്‍ത്ത ഇരുളിലേക്ക് ഒരു പട്ടുപുതപ്പെന്നപോലെ ഒഴുകിയെത്തി. മഹാത്മാവിന്റെ മുഖം വിടര്‍ന്നു. അദ്ദേഹം നവഖാലിയിലെ സാധാരണക്കാരായ സ്ത്രീകളോട് പറഞ്ഞു:
സ്വാതന്ത്ര്യം നോക്കൂ, ആ കാണുന്ന വെളിച്ചം പോലെയാണ്. അതിനെ ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ല. ആര്‍ക്കും ഇല്ലാതാക്കാനും!
ഇന്ത്യയുടെ പലഭാഗങ്ങളും കത്തിയെരിയുമ്പോഴും അത്ഭുതമെന്നു പറയട്ടെ, ഏറെ കലങ്ങിമറിഞ്ഞിരുന്ന നവഖാലി ശാന്തമായ ഒരു പുഴപോലെ ഒഴുകി. മഹാത്മാവിന്റെ സാന്നിദ്ധ്യം അതിനെ പൈശാചികതയില്‍നിന്നും രക്ഷപ്പെടുത്തി. വിഭജനത്തിന്റെ മുറിവുകള്‍ പേറി പലരും യാത്രയിലായിരുന്നു. മുള്‍ക്കിരീടങ്ങള്‍ അണിഞ്ഞ് ലക്ഷ്യമില്ലാത്ത ഒരു സമൂഹമായി അവര്‍ അലഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നവഖാലിയില്‍, മനുഷ്യര്‍ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദകരമായ നിമിഷങ്ങള്‍ മഹാത്മാവിനോടൊപ്പം നുകര്‍ന്നു. ഒരുമിച്ചിരുന്ന് ഏകസ്വരത്തില്‍, അവര്‍ സ്വാതന്ത്ര്യത്തിന്റെ പാട്ടുകള്‍ പാടി.

 

 

Sharing is caring!