വ്യക്തിഹത്യ അതിരുവിട്ടു; പി ടി ഉഷ ചാനലുകളെ ബഹിഷ്‌കരിക്കും

വ്യക്തിഹത്യ അതിരുവിട്ടു; പി ടി ഉഷ ചാനലുകളെ ബഹിഷ്‌കരിക്കും

മലപ്പുറം: വിവാദങ്ങളില്‍ മനം മടുത്ത് പി ടി ഉഷ ദൃശ്യ മാധ്യമങ്ങളുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന നിലപാട് പി ടി ഉഷ അറിയിച്ചത്. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് സ്വര്‍ണ മെഡല്‍ ജേതാവായ പി യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഉഷയെ നയിച്ചത്.

മലയാള ദൃശ്യമാധ്യമ രംഗത്തെ മൂല്യചുതിയും, അതിരു കടന്ന വ്യക്തിഹത്യയും, സത്യ വിരുദ്ധ ചര്‍ച്ചകളും, റിപ്പോര്‍ട്ടുകളും എന്നെപ്പോലെ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് തോന്നുന്നതെന്ന് ഉഷ പറഞ്ഞു. ഇത്തരത്തില്‍ അസഹനീയമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഖിക്കുകയും, അതുപോലെ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.

വൃദ്ധയായ മാതാവിനും, ഭര്‍ത്താവിനും, സഹോദരി സഹോദരന്‍മാര്‍ക്കും, മകനുമൊപ്പം ഇനിയുള്ള കാലം മനസമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കണമെന്നുണ്ട്. അഥിനാല്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ സ്വയം ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് മലപ്പുറം ലൈഫിനയച്ച കുറുപ്പില്‍ ഉഷ വ്യക്തമാക്കുന്നു.

Sharing is caring!