മലപ്പുറത്തിന്റെ രുചിവീട്

മലപ്പുറത്തിന്റെ രുചിവീട്

40 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1967 നവംബറില്‍ കാവുങ്ങലില്‍ ഒരു ഹോട്ടല്‍ തുടങ്ങി. റോഡിനു സമീപം കെട്ടിയുയര്‍ത്തിയ ഹോട്ടലിന് പേരുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉപജീവനം കഴിയണം അതിനപ്പുറമൊന്നും ലക്ഷ്യമുണ്ടായിരുന്നില്ല. അമ്മയായിരുന്നു പാചകം, മകനും ഭാര്യയും ചേര്‍ന്ന് സ്‌നേഹം ചേര്‍ത്ത് അത് നാട്ടുകാര്‍ക്ക് വിളമ്പി. ഭക്ഷണത്തിന്റെ രുചി നാട്ടുകാര്‍ക്ക് പെരുത്ത് ഇഷ്ടപെട്ടതോടെ അവര്‍ ആ ഹോട്ടലിന് ഒരു പേരിട്ടു, അപ്പുണ്ണി ഏട്ടന്റെ കട. ഇന്നും മലപ്പുറത്തുക്കാരുടെ ഇഷ്ട രുചികളിലൊന്നാണ് അപ്പുണ്ണി ഏട്ടന്റെ കട

 

അമ്മയില്‍ നിന്നും കിട്ടിയ കൈപുണ്യം
ചായ, പുട്ട്, കപ്പ് എന്നീ വിഭവങ്ങളായിരുന്നു ആദ്യ കാലങ്ങളില്‍ കടകളില്‍ വിളമ്പിയിരുന്നത്. അമ്മ കൊണ്ടേരിയായിരുന്നു വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. അപ്പുണ്ണി ഏട്ടനും ഭാര്യയും സഹായത്തിനുണ്ടാവും. അമ്മയുടെ കൈപുണ്യം ഭാര്യയിലേക്ക് പകര്‍ന്ന് നല്‍കി. ഇന്ന് മരുമക്കളും അമ്മയും ചേര്‍ന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. മേല്‍നോട്ടത്തിന് അപ്പുണ്ണി ഏട്ടനുമുണ്ട്. ചായ, പുട്ട്, കപ്പ് എന്നിവയായിരുന്നു ആദ്യ കാലത്തെ പ്രധാന വിഭവങ്ങള്‍. ചായ, പുട്ട് എന്നിവയ്ക്ക് 30 പൈസയായിരുന്നു. കപ്പയ്ക്ക് 25 പൈസയും. 82ലാണ് ഊണ്‍ ഉണ്ടാക്കി തുടങ്ങുന്നത്. ആവശ്യക്കാര്‍ക്കനുസരിച്ച് മാത്രമാണ് തയ്യാറാക്കിയിരുന്നത്. പിന്നീട് ആവശ്യക്കാര്‍ കൂടിയതോടെ ഊണ്‍ പ്രധാന വിഭവമാക്കി. ഇന്ന് അപ്പുണ്ണി ഏട്ടന്റെ ഊണ്‍ കഴിക്കാത്തവര്‍ മലപ്പുറത്ത് ചുരുക്കം. ഈ രുചി തേടി സ്ഥിരമായി പലരുമെത്തുന്നു.

സ്‌നേഹം വിളമ്പുന്ന വീട്
സ്‌നേഹവും നന്മയും ചേര്‍ത്താണ് ഭക്ഷണം വിളമ്പുന്നത്. അത് കൊണ്ടാണ് ഇവിടുത്തെ ഭക്ഷണത്തിന് ഇത്ര രുചി. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ എല്ലാവരും ചേര്‍ന്നാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. നാല് മണിയോടെ അപ്പുണ്ണി ഏട്ടനും ഭാര്യയും പാചകത്തിന് തുടക്കം കുറിക്കും. അഞ്ച് മണിയോടെ മക്കളും മരുമക്കളും ഇതില്‍ പങ്ക് ചേരും. രാവിലെ പൊറോട്ട പുട്ട്, അപ്പം, ഇടിയപ്പം എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഇടിയപ്പം ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഇവിടെ തയ്യാറാക്കുന്നു. വീട്ടുകാര്‍ക്കുള്ളതും ഇവിടെ തന്നെയാണ് ഒരുക്കുന്നത്. രണ്ട് പേര്‍ മാത്രമാണ് ജോലിക്കാരായുള്ളത്. ബാക്കിയെല്ലാം വീട്ടുകാര്‍. ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതുമെല്ലാം ഇവരാണ്. ഈ സ്‌നേഹവും നന്മയുമാണ് അപ്പുണ്ണി ഏട്ടന്റെ കടയെ വ്യത്യസ്തമാക്കുന്നതും.

കുട്ടിക്കാലം മുതലെ അച്ചന്റെ കൂടെ ഹോട്ടല്‍ ജോലിയില്‍ സഹായത്തിനുണ്ട് മക്കളും. മൂത്ത മകന്‍ പിന്നീട് മലപ്പുറം വാട്ടര്‍ അതോറിറ്റി കാന്റീന്‍ ഏറ്റെടുത്ത് നടത്തി. അപ്പുണ്ണി ഏട്ടന്റെ ഹോട്ടലിലെ ഉള്‍കൊള്ളാനാവത്ത തിരക്കില്‍ പാതി അങ്ങനെ മകനും ഏറ്റെടുത്തു. മറ്റു രണ്ടു മക്കളും മരുമക്കളും അപ്പുണ്ണി ഏട്ടന്റെ കൂടെയുണ്ട്. താമസം മാറിയെങ്കിലും രണ്ടാമത്തെ മകന്‍ രാവിലെ അഞ്ച് മണിയോടെ അച്ചനൊപ്പം എത്തും. എട്ട് പേരമക്കളാണ് ഉള്ളത്. മറ്റു ജോലികളിലും പഠനത്തിലുമാണ് ഉള്ളതെങ്കിലും ഒഴിവു സമയങ്ങളില്‍ അവരും സഹായത്തിനുണ്ട്.

ഉച്ചയൂണിലെ പെരുമ

ഉച്ചയൂണിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഹോട്ടലിന് മുന്നില്‍ നല്ലൊരു ബോര്‍ഡ് പോലുമില്ല. എങ്കിലും പലരും പറഞ്ഞു കേട്ടിട്ടാണ് വരുന്നത്. ഒരു പ്രാവശ്യം വന്നവര്‍ വീണ്ടും വീണ്ടും ഇവിടെ വരുന്നു. കോഴിക്കോട് – പാലക്കാട് റൂട്ടിലൂടെ പോകുന്ന യാത്രക്കാര്‍ ഉച്ച സമയമാണെങ്കില്‍ ഇവിടെ ഭക്ഷണം കഴിച്ച് പോകുന്നുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും ഉച്ചയൂണിന് ഇവിടെ എത്തുന്നത്. ഊണിനൊപ്പമുള്ള മീന്‍ പൊരിച്ചതാണ് സ്‌പെഷ്യല്‍. മോരും പപ്പടവും മീന്‍ പൊരിച്ചതും മീന്‍ കറിയും കൂട്ടി ഉണ്ണാന്‍ എത്ര തിരക്കുണ്ടെങ്കിലും കാത്തിരിക്കാനും ആള്‍ക്കാര്‍ റെഡിയാണ്. ഊണിനൊപ്പം നല്‍കുന്ന അച്ചാറിനുമുണ്ട് ഒരു സ്‌പെഷ്യല്‍ ടച്ച്. മാങ്ങാ അച്ചാറാണ് നല്‍കുന്നത്. മാങ്ങക്ക് എത്ര വലിയ വിലയാണെങ്കിലും അച്ചാറുണ്ടാവും. ഒരോ ദിവസത്തേക്കുമുള്ളത് അ്‌ന് തന്നെയാണ് തയ്യാറാക്കുന്നത്. ഇവിടുത്തെ അച്ചാറിന്റെ രുചി തേടി ഭക്ഷണം കഴിക്കാനെത്തുന്നവരും അധികമാണ്.

മായമില്ലാത്ത ഭക്ഷണം
രുചി കൂട്ടാനായി കൃത്രിമ ചേരുവകളൊന്നും ചേര്‍ക്കുന്നില്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത. വര്‍ഷങ്ങളായി സ്വന്തം വീട്ടിലെന്ന പോലെ ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇതുവരെ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല. സ്‌നേഹവും നന്മയും മാത്രമാണ് അധികമായി ചേര്‍ക്കുന്നത്. മസാലകൂട്ടുകളെല്ലാം വീട്ടിലുണ്ടാക്കുന്നവ. കഴിക്കുന്നവരുടെ മനസ്സ് നിറയുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരി അതാണ് അപ്പുണ്ണി ഏട്ടന്റെ സന്തോഷം. കളങ്കമില്ലാത്ത ഈ രുചി കയ്യിലുള്ളിടത്തോളം കാലം ധൈര്യമായി കച്ചവടം ചെയ്യാമെന്ന് അദ്ദേഹം പറയുന്നു

Sharing is caring!