അക്രമങ്ങളില്‍നിന്ന് ലീഗ് പിന്മാറണം: സിപിഐ എം

അക്രമങ്ങളില്‍നിന്ന് ലീഗ് പിന്മാറണം: സിപിഐ എം

മലപ്പുറം: താനൂര്‍ മേഖലയില്‍ വീണ്ടും അക്രമത്തിന് തീകൊളുത്താനുള്ള നീക്കങ്ങളില്‍നിന്ന് മുസ് ലിം ലീഗ് പിന്മാറണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉണ്യാലിലെ സിപിഐ എം പ്രവര്‍ത്തകന്‍ കിണറ്റിങ്ങല്‍ അഫ്‌സല്‍ എന്ന അക്കുവിനെ വെട്ടിക്കൊല്ലാനുള്ള ശ്രമം അക്രമം വീണ്ടുമുണ്ടാക്കാനുള്ള നീക്കത്തിന്റ ഭാഗമാണ്. സമാധാനത്തിലേക്ക് നീങ്ങുന്ന തീരമേഖലയില്‍ വീണ്ടും കുഴപ്പം അഴിച്ചുവിടാന്‍ ബോധപൂര്‍വം ലീഗ് ശ്രമിക്കയാണ്. സര്‍വകക്ഷി സമാധാനയോഗത്തിന്റെ ചൂടാറുംമുമ്പുണ്ടായ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്

ആലിന്‍ചുടവ് കേന്ദ്രീകരിച്ചുള്ള ഒരുകൂട്ടം ലീഗ് ക്രിമിനലുകളാണ് അഫ്‌സലിനെ അക്രമിച്ചത്. അക്രമികളെ സംരക്ഷിക്കില്ലെന്നും അക്രമം തള്ളിപ്പറയുമെന്നുമായിരുന്നു സമാധാനയോഗ തീരുമാനം. ജില്ലാഭരണകേന്ദ്രവും പൊലീസും പൊതുസമൂഹവും സമാധാനമുണ്ടാക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിക്കയാണ്. താനൂരും പരിസരത്തും സിപിഐ എമ്മിന്റെ ജനസ്വാധീനം വര്‍ധിക്കുന്നത് തടയാന്‍ അക്രമം എന്നതാണ് ലീഗിലെ ഒരു ചെറുന്യൂനപക്ഷം സ്വീകരിച്ചിട്ടുള്ള ശൈലി. സമാധാനയോഗ തീരുമാനം കാറ്റില്‍പ്പറത്തി വീണ്ടും ചില ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത് ഈ അക്രമശൈലിയുടെ ഭാഗമാണ്. സമാധാനയോഗത്തില്‍ പറഞ്ഞ വാക്കില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അഫ്‌സലിനെ വധിക്കാന്‍ശ്രമിച്ച സംഭവം തള്ളിപ്പറയാന്‍ ലീഗ് നേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ടു.

പൊലീസിനെയടക്കം അക്രമിക്കുന്ന ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കി സമാധാനം പ്രസംഗിച്ചാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ പ്രയാസമുണ്ട്. ലീഗിന്റെ ഈ ഇരട്ടമുഖം സമാധാനം ആഗ്രഹിക്കുന്ന നാട്ടുകാരും തിരിച്ചറിയുന്നുണ്ടെന്ന സത്യം ലീഗ് നേതൃത്വം മനസിലാക്കുന്നത് നല്ലതാണ്. അക്രമത്തിന് കുടപിടിക്കുന്ന ലീഗ് നിലപാടിനെ തള്ളിപ്പറയാന്‍ യുഡിഎഫിലെ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ മുന്നോട്ടുവരണം.

അഫ്‌സലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതടക്കം താനൂര്‍ മേഖലയിലെ അക്രമത്തില്‍ പൊലീസ് കര്‍ശന നിയമ നടപടി സ്വീകരിക്കണം. അക്രമികളെ അറസ്റ്റുചെയ്യാനും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉടന്‍ നടപടിവേണം. ലീഗ് തുടരുന്ന അക്രമങ്ങളില്‍ പ്രകോപിതരാകാതെ സിപിഐ എം പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനത്തോടെ നീങ്ങണമെന്നും ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Sharing is caring!