സര്‍ക്കാര്‍ ജീവനക്കാരോട് ഫ്രീക്കന്‍മാരാവാന്‍ ജില്ലാ കലക്ടര്‍

സര്‍ക്കാര്‍ ജീവനക്കാരോട് ഫ്രീക്കന്‍മാരാവാന്‍ ജില്ലാ കലക്ടര്‍

മലപ്പുറം: എല്ലാ ശനിയാഴ്ചകളിലും ‘ഫ്രീകന്‍മാരായി’ ഓഫീസില്‍ വരാന്‍ ജീവനക്കാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദേശം. ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഓഫീസില്‍ എത്താം. ജീവനക്കാരുടെ മാനസിക സന്തോഷം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ നിര്‍ദേശം സ്റ്റാഫ് അസോസിയേഷനും യൂനിയന്‍ ഭാരവാഹികളും സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ കോര്‍പറേറ്റ് കമ്പനികളും ഐടി കമ്പനികളും വെള്ളിയാഴ്ച ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കാറുണ്ട്. അമേരിക്കയില്‍ തുടങ്ങിയ ‘ഫ്രൈഡേ കാഷ്വല്‍’ എന്ന സമ്പ്രദായം ഇന്ത്യയിലെ ചില കമ്പനികളും നടപ്പാക്കുന്നുണ്ട്. ഇങ്ങനെ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവസരം നല്‍കുന്നത് അവരെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന് ചുവട് പിടിച്ചാണ് ജില്ലാ കലക്ടര്‍ ‘സാറ്റര്‍ഡേ കാഷ്വല്‍’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്

ജീവനക്കാരുടെ മനോഭാവത്തിലും ജോലിയിലും മാറ്റം വരാന്‍ ‘സാറ്റര്‍ഡേ കാഷ്വല്‍’ സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജീവനക്കാരെ നിര്‍ബന്ധിക്കാതെ ഇഷ്ടമുള്ളവര്‍ക്ക് മാത്രം സ്വീകരിക്കാവുന്ന രീതിയിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കലക്ടറേറ്റില്‍ നടപ്പാക്കിയതിന് ശേഷം മറ്റു ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

 

Sharing is caring!