മലപ്പുറത്തെ ഫുട്‌ബോള്‍ ജ്വരത്തിന് ഊര്‍ജം പകര്‍ന്ന് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്‌കൂള്‍

മലപ്പുറം:  മലപ്പുറത്തെ ഫുട്‌ബോള്‍ ജ്വരത്തിന് ഊര്‍ജം പകരാന്‍ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്‌കൂള്‍.
എഫ്.സി കേരള ബ്ലാസ്റ്റേഴ്സിന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും സ്‌ക്കോര്‍ലൈന്‍ സ്പോര്‍ട്സിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി മലപ്പുറത്ത് വന്‍ തിരക്ക്. നൂറുകണക്കിന് കുട്ടികളാണ് പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷാഫോറവും തേടിയെത്തുന്നത്. അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്ത് പ്രാഥമിക സെലക്ഷന്‍ ട്രയല്‍സിലൂടെയാവും സെന്ററുകളിലേക്കുള്ള പ്രവേശനം. മലപ്പുറം ജില്ലയില്‍ ജൂലൈ 30 ഞായറാഴ്ച
എട്ടു കേന്ദ്രങ്ങളിലായാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. അണ്ടര്‍ 16,14,12,10 വിഭാഗങ്ങളിലുള്ളവര്‍ക്കായാണ് അവസരം. മലപ്പുറം ടൗണ്‍ , നിലമ്പൂര്‍ , വണ്ടൂര്‍ , അരീക്കോട് , മഞ്ചേരി , വേങ്ങര , കോട്ടക്കല്‍ , തിരൂര്‍ എന്നിവിടങ്ങളിലായാണ് മലപ്പുറം ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് അരങ്ങേറുന്നത്.

രാവിലെ 8 മണി മുതല്‍ ട്രയല്‍സ് ആരംഭിക്കും. താല്‍പ്പര്യമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. പ്രായം തെളിയിക്കുന്നതിനുള്ള രേഖയും കൈവശം കരുതണം. മലപ്പുറം ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ കോട്ടപ്പടി സ്റ്റേഡിയത്തിനു സമീപം ഡിഎഫ്എ ഓഫീസില്‍ എത്തണം. നിലമ്പൂരില്‍ പീവീസ് സ്‌ക്കൂള്‍ മൈതാനത്താണ് ട്രയല്‍സ്. വണ്ടൂരില്‍ വിഎംസിഎച്ച്എസ്എസ് ഗ്രൗണ്ടിലും ട്രയല്‍സ് നടക്കും.

മഞ്ചേരിയിലെ ബോയ്സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ്.അരീക്കോട് എംഇഎഎസ്എസ് കോളേജ് മൈതാനത്താണ് കുട്ടികള്‍ എത്തേണ്ടത്. വേങ്ങരയില്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ചേറൂര്‍ ഡിഎഎസ് സി ഓഫീസിലാണ് എത്തേണ്ടത്. രാജാസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് കോട്ടയ്ക്കലെ സെലക്ഷന്‍ ട്രയല്‍സ്. . ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമായ തിരൂരില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് കുട്ടികള്‍ ട്രയല്‍സിനായി എത്തിച്ചേരേണ്ടത്.
ജില്ലക്ക് പുറത്തുള്ളവര്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാവൂന്നതാണെന്ന് ഡി എഫ് എ പ്രസിഡന്റ് കെ.അബ്ദുല്‍ കരീം പറഞ്ഞു.

 

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *