വിനോദിന്റെ സ്വപ്‌നത്തിന് എംഎ യൂസുഫലിയുടെ കൈത്താങ്ങ്‌

വിനോദിന്റെ സ്വപ്‌നത്തിന് എംഎ യൂസുഫലിയുടെ കൈത്താങ്ങ്‌

മഞ്ചേരി: അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച കായികതാരത്തിന് വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയുടെ കൈത്താങ്ങ്. മഞ്ചേരി സ്വദേശി വി.പി വിനോദിനാണ് എം.എ യൂസുഫലി തുണയായത്. ഹംഗറിയില്‍ നടക്കുന്ന ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ചെലവ് എം.എ യൂസുഫലി നല്‍കി.

41ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍ നേടി ലോകചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും പണമില്ലെന്ന കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു വിനോദ്. പഞ്ചഗുസ്തി അസോസിയേഷന് സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവും ഇദ്ദേഹത്തിന് ലഭിച്ചില്ല. ഈ വാര്‍ത്തയറിഞ്ഞ എം.എ യൂസുഫലി അദ്ദേഹത്തിന്റെ ചെലവ് വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു. ദലിത് ലീഗ് ജില്ലാ സെക്രട്ടറി പ്രകാശ് അടക്കമുള്ള പൊതുപ്രവര്‍ത്തകരുടെ ഇടപെടലാണ് വിനോദിന്റെ പ്രശ്‌നം യൂസുഫലി അറിയാന്‍ ഇടയാക്കിയത്.

അരക്ക് താഴെ ചെറിയ തളര്‍ച്ചയുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് വിനോദ് പഞ്ചഗുസ്തി രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ദേഹം നിരവധി തവണ മെഡല്‍ കരസ്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ സുമനസ്സുകളുടെ സഹായത്തോടെ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതിന് മുമ്പും രണ്ട് തവണ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നൃത്ത വസ്ത്രങ്ങള്‍ വാടകക്ക് നല്‍കി ഉപജീവനം കണ്ടെത്തുന്ന വിനോദിന്റെ സ്വപ്‌നം പൂവണിയാന്‍ സഹായിച്ചതില്‍ എം.എ യൂസുഫലിയോട് നന്ദി രേഖപ്പെടുത്തുകയാണ് നാട്ടുകാര്‍.

Sharing is caring!