മലപ്പുറത്തെ ഡോക്ടര്‍മാര്‍ എവിടെ?
മലപ്പുറം: ജില്ലയില്‍ ആരോഗ്യവകുപ്പ് എടുത്ത തീരുമാനം നടപ്പിലായില്ല, സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോഴും പഴയപോലെ തന്നെ. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന ആരോഗ്യവകുപ്പിന്റെ തീരുമാനമാണു ഇതുവരെ നടപ്പിലാകാത്തത്. പനിബാധിതര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്കു ശേഷം ഒരുഡോക്ടറെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫുകളേയും സി.എച്ച്.സികളില്‍ രണ്ട് ഡോക്ടര്‍മാരെയും നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഓരോ പ്രദേശത്തേയും പനിബാധിതരുടെ എണ്ണം വിലയിരുത്തി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. കഴിഞ്ഞമാസം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോക് യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മന്ത്രി നല്‍കിയത്. മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്ന പരാതികളെ തുടര്‍ന്നാണിത്.തദ്ദേശ സ്ഥാപനങ്ങള്‍ അഭിമുഖത്തിനായി ഡോക്ടര്‍മാരെ ക്ഷണിച്ചെങ്കിലും വേതനം കുറവാണെന്ന് ചൂണ്ടിക്കാട്ടി ജോലി ഏറ്റെടുക്കാന്‍ മിക്കവരും തയാറല്ല. ദേശീയ ആരോഗ്യ മിഷന് മുഖേന നല്കുന്ന 36,250 രൂപയാണ് ഡോക്ടര്‍മാരുടെ വേതനം. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും 100 രൂപ മുതല്‍ 250 രൂപ വരെയാണ് ഡോക്ടര്‍ ഫീസ്. സര്‍ക്കാര്‍ നല്കുന്നതിനേക്കാള് വേതനം സ്വകാര്യമേഖലയില്‍ കിട്ടുമെന്നതാണ് ഡോക്ടര്‍മാര്‍ പിന്മാറാന് കാരണം.പദ്ധതി പ്രകാരം ജില്ലയില്‍ പത്ത് ഡോക്ടര്‍മാരെ മാത്രമാണ് നിയമിക്കാനായത്.
ചാലിയാര്‍, വഴിക്കടവ്, അമരമ്പലം, വാഴക്കാട്, വേങ്ങര, തൃപ്രങ്ങോട്, തിരുന്നാവായ, ചേലേമ്പ്ര, പൊന്മള എന്നീ പി.എച്ച്.സികളിലും വളവന്നൂര്‍ സി.എച്ച്.സിയിലുമാണ് ഡോക്ടര്‍മാരെ നിയമിച്ചത്.
പകര്‍ച്ചപ്പനി ജില്ലയില്‍ പിടിമുറുക്കിയതോടെ നൂറുകണക്കിന് രോഗികളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. രോഗികളുടെ എണ്ണക്കൂടുതല്‍ മൂലം ഒ.പി ടിക്കറ്റെടുക്കാനും ഡോക്ടറെ കാണിക്കാനും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയോടെ ഡോക്ടര്‍മാരുടെ സേവനം അവസാനിക്കും. ഇതിന് ശേഷമെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ല. ഡെങ്കിപ്പനി പടര്‍ന്ന പശ്ചാത്തലത്തില്‍ പന ബാധിതരില്‍ പലര്‍ക്കും രക്ത പരിശോധന വേണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ രക്തപരിശോധന നടത്താമെങ്കില്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നത് നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടര്‍മാരെ നിയമിക്കുന്നതിലൂടെ രോഗികളുടെ ദുരിതത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലായിരുന്നു തദ്ദേശസ്ഥാപനങ്ങള്‍. അനുവദിക്കപ്പെട്ട ശമ്പളത്തിന് ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്തത് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]