സര്‍ക്കാറിനെതിരെ അബ്ദുറഹിമാന്‍ രണ്ടത്താണിയും സംഘവും കോടതിയിലേക്ക്

സര്‍ക്കാറിനെതിരെ  അബ്ദുറഹിമാന്‍  രണ്ടത്താണിയും സംഘവും കോടതിയിലേക്ക്

 

മലപ്പുറം: വ്യവസായ രംഗത്ത് സിപിഎം അനുകൂല സംഘടനകളുടെ അപ്രമാദിത്വം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുകിട വ്യവസായികളുടെ സംഘടനക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതായി എസ്എംഇഒ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. ചെറുകിട വ്യവസായികളുടെ സംഘടനയായ കേരളാ സ്‌റ്റേറ്റ് സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍െ്രെപസസ്(എസ്എംഇഒ)യുടെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും രണ്ടത്താണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തികച്ചും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്എംഇഒ. 2013ലാണ് എസ്എംഇഒ പ്രവര്‍ത്തനം ആരംഭിച്ചത്. 2014ല്‍ വ്യവസായ വകുപ്പ് സംഘടനക്ക് അംഗീകാരം നല്‍കുകയും ചെയ്തു. വ്യവസായ രംഗത്ത് ഉല്‍പാദന, സേവന, ഐടി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംഘടനയെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദ്രോഹിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എ.സി.മൊയ്തീന്‍ വ്യവസായ മന്ത്രിയായതിന് ശേഷം സംഘടനയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് എസ്എംഇഒ ഹൈക്കോടതിയെ സമീപിച്ചു. 2017 ഫെബ്രുവരി 17ന് എസ്എംഇഒയുടെ അംഗീകാരം റദ്ദ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ അതിനെ മറികടന്നുകൊണ്ട് മെയ് 26ന് സംഘടനയുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. കെ.പി.ഹുസൈന്‍ ഹാജി, രമേശ് നടുത്തോടി, എം.മാഹീന്‍ അബൂബക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Sharing is caring!