സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്നവര്‍ക്കുള്ള താക്കീതാണ് ദിലീപിന്റെ അറസറ്റ് : മുനവ്വറലി ശിഹാബ് തങ്ങള്‍

സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിക്കുന്നവര്‍ക്കുള്ള താക്കീതാണ് ദിലീപിന്റെ അറസറ്റ് : മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: നടന്‍ ദിലീപിന്റെ അറസ്റ്റ് സ്ത്രീകള്‍ക്കെരതിരായ അതിക്രമങ്ങള്‍ക്കുള്ള താക്കീതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറി ശിഹാബ് തങ്ങള്‍. സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ നീതിനിര്‍വഹണം സ്വാഗതാര്‍ഹമാണ്. സഹോദരിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തിനുള്ള ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ‘കേരളനന്മ’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. സത്രീസുരക്ഷ സര്‍ക്കാര്‍ കടമയാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

കേരളീയ സമൂഹത്തില്‍ വിപപ്പോവാത്ത വാക്കുകളാണ് സെന്‍കുമാര്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമമാണ്. പോലീസ് മേധാവിയായിരിക്കെ സെന്‍കുമാറിനെ നയിച്ച വികാരം എന്താണെന്ന് പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും അഭിമുഖത്തില്‍ അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. മുന്‍സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന സഭകള്‍ സംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റേഷന്‍-പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധിക്കുന്നില്ല. യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ പോലീസ് രാജാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ ബഹുസ്വരത നശിപ്പിക്കുകയാണ്. ഭീകരതക്കെതിരെ ലോകം മുഴുവന്‍ ഒറ്റക്കെട്ടാവണമെന്ന് പറയുന്ന നരേന്ദ്ര മോദിക്ക് സ്വന്തം അനുയായികള്‍ രാജ്യത്ത് വളര്‍ത്തുന്ന ഭീകരത ചെറുക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!